കഥയിലെ തിരക്കഥ
കഴിഞ്ഞ പത്തുവര്‍ഷത്തെ മലയാള സാഹിത്യത്തിലേക്കു തിരിഞ്ഞുനോക്കിയാല്‍ നോവലുകള്‍ക്ക് എണ്ണം കൂടിയതായി കാണാം. എന്നാല്‍, അതോടൊപ്പം ചുരുക്കം ചില സൃഷ്ടികളൊഴിച്ച്, നോവലുകള്‍ക്കു പൊതുവെ ദിശാബോധം നഷ്ടപ്പെട്ട കാലം കൂടിയായിരുന്നു ഇതെന്ന തരത്തില്‍ വിവിധാഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതില്‍ മിക്കതും വ്യക്തിപരമായ പരാമര്‍ശങ്ങളോ വിമര്‍ശനങ്ങളോ ഒക്കെ ആയിരിക്കാം. എങ്കിലും ഒരു പ്രത്യേക ലക്ഷ്യംവച്ചു മാത്രം എഴുതുന്ന, അല്ലെങ്കില്‍ ഒരു വിപണിയെ മാത്രം മുന്‍കൂട്ടി കണ്ടെഴുതുന്ന കൃതികളുടെ എണ്ണം കൂടുന്നുണ്ട് എന്നു സമ്മതിക്കാതിരിക്കാനാവില്ല. പ്രചരണാര്‍ഥം കൂടിയ കൃതികളില്‍, കലയുടെ സാന്നിധ്യം എപ്പോഴും ശുഷ്‌കമായിരിക്കുമെന്നു പൊതുവായി സമര്‍ത്ഥിക്കാനുമാവില്ല.
മാറിവരുന്ന കാലത്ത് പുതിയ ശൈലികളും സങ്കേതങ്ങളും ഭാഷയെ കൂടുതല്‍ വായനക്കാരിലേയ്‌ക്കെത്തിക്കാന്‍ കാരണമാകുന്നുണ്ടെങ്കില്‍, ബുദ്ധിപരമായ അത്തരം എഴുത്തുകളെ സ്വാഗതം ചെയ്യുക തന്നെ വേണം. പി.എഫ് മാത്യൂസിന്റ 'ഇരുട്ടില്‍ ഒരു പുണ്യാളന്‍' സാമ്പ്രദായിക രീതികളില്‍നിന്ന് ഒരല്‍പം മാറിസഞ്ചരിക്കാന്‍ ശ്രമം നടത്തിയ നോവലാണെന്നു പറയാതിരിക്കാന്‍ വയ്യ. മരണശേഷം മനുഷ്യനെ പങ്കിടുക ദൈവവും സാത്താനും കൂടിയാണെന്ന ഒരാശയം പിന്‍പറ്റിക്കൊണ്ടുള്ള ഒരു സമീപനമാണു കഥാകാരന്‍ സ്വീകരിച്ചിട്ടുള്ളത്.
പ്രമേയം തന്നെയാണ് നോവലിന്റെ കാതല്‍ എന്നു സമ്മതിക്കുമ്പോഴും അവതരണ രീതി കുറച്ചുകൂടി ശ്ലാഘനീയമാണെന്നു പറയാം. കഥാപാത്രങ്ങളുടെ ആത്മഗതങ്ങളിലൂടെയും, നോവലിസ്റ്റിന്റെ സ്വതന്ത്രമായ ആഖ്യാനങ്ങളിലൂടെയും കഥ പറയുന്ന ഒരു രീതിയാണ് നോവലില്‍ അവലംബിച്ചിട്ടുള്ളത്. കൊച്ചി സ്വദേശിയായിരിക്കുക എന്നത്, ഒരു തുറമുഖപട്ടണത്തിന്റെ തനതായ ഭാഷയും രീതികളും കഥാപരിസരം സൃഷ്ടിക്കുന്നതില്‍ മാത്യൂസിനെ സ്വാധീനിച്ചിട്ടുണ്ട്.
വീട് വിട്ടിറങ്ങിയ ഒരു മനുഷ്യന്‍, അയാള്‍ താമസിക്കുന്ന ലോഡ്ജിനുമുന്‍പില്‍ നടന്ന ഒരു അപ്രതീക്ഷിത അപകടമരണം, മരിച്ചയാള്‍ കവര്‍ന്നെടുക്കാന്‍ ശ്രമിച്ച ലോഡ്ജിലെ താമസക്കാരന്റെ പെട്ടി, പെട്ടിയോടുകൂടി അയാളുടെ അപ്രത്യക്ഷപ്പെടല്‍, അതിനുപിന്നിലെന്തെക്കെയോ ദുരൂഹതകളുണ്ടാകാമെന്ന (ഒരു എഴുത്തുകാരനാകണമെന്ന ആഗ്രഹം പേറിക്കൊണ്ടു നടക്കുന്ന) അയാളുടെ അന്വേഷണങ്ങളും അനുമാനങ്ങളും, ഒരു സ്ത്രീയുടെ കൈപ്പടയില്‍ കിട്ടുന്ന കത്തും കാല്‍പനികതകളുമെല്ലാം കൂടി നോവലിനെ മുന്നോട്ടുകൊണ്ടുപോകുന്നു.
ലോഡ്ജിലെ എഴുത്തുകാരന്‍ സൃഷ്ടിച്ചെടുത്ത കഥാപാത്രങ്ങളിലൂടെയുള്ള യാത്രയാണു നോവല്‍ എന്നത് മനസിലാക്കിയെടുക്കുക എന്നതാണ് ഈ നോവലിന്റെ ആസ്വാദ്യത അനുഭവിക്കാനുള്ള സൂത്രവാക്യം. പാണ്ട്യാലക്കല്‍ അച്ചമ്പീടെ വിധവ, അന്നം കുട്ടി താത്തിയുടെ ആത്മഗതങ്ങളോടെ കഥയിലെ ബാക്കിയുള്ള കഥാപാത്രങ്ങളുടെ പരിചയപ്പെടുത്തലിലേയ്ക്കുള്ള തുടക്കം കുറിക്കുന്നു. കാപ്പിരി മുത്തപ്പന്‍ എന്ന ഒരു ഇരുണ്ട ശക്തിയുടെ ആരാധനയില്‍ കൂടി അച്ചമ്പി സമ്പാദിച്ചുകൂട്ടിയെങ്കിലും, അവസാനം എണ്‍പത്തിയെട്ട് ദിവസത്തെ യാതനകളനുഭവിച്ച് അയാള്‍ മണ്ണോടുചേരുന്നു.
പള്ളീലച്ചനാകാന്‍ പോയ മകന്‍ നാട്ടിലെത്തിയതിനു ശേഷമാണതു സംഭവിക്കുന്നത്. ശേഷം അച്ചന്‍പട്ടത്തിനുള്ള പഠിപ്പ് ഉപേക്ഷിച്ച്, തീരെ പാരമ്പര്യ മഹിമ അവകാശപ്പെടാനില്ലാത്ത കുടുംബമെന്നു കരുതുന്ന ഒരിടത്തുനിന്നുള്ള കാര്‍മിലിയെ അയാള്‍, സേവ്യര്‍, വിവാഹം കഴിക്കുന്നു. അവര്‍ക്കൊരു ആണ്‍കുഞ്ഞും പിറക്കുന്നു, ഇമ്മാനുവേല്‍. ശേഷം നോവല്‍ ലോഡ്ജിനുമുന്‍പിലെ കൊലപാതകത്തിലേയ്ക്കു വീണ്ടും വായനക്കാരനെ കൊണ്ടുപോകുന്നു. ഒരു പത്രലേഖകന്‍ നടത്തിയ അന്വേഷണങ്ങളുടെ ഫലമായി കിട്ടുന്ന ചില അറിവുകള്‍, അന്നം കുട്ടി താത്തിയുടെ ആത്മഗതങ്ങളുമായി ബന്ധപ്പെട്ടു ചേര്‍ത്തുവായിപ്പിക്കാനുള്ള ശ്രമം, നോവലിസ്റ്റ് ഈ അധ്യായത്തില്‍ നടത്തുന്നു.
പിന്നീട് സേവ്യറിന്റെ കഥയിലേയ്ക്ക്, അഥവാ അയാളുടെ നാട്ടില്‍നിന്ന് കിലോമീറ്ററുകള്‍ക്കപ്പുറമുള്ള, ലോഡ്ജിനുമുന്നില്‍ നടന്ന ദുര്‍മരണത്തിലേയ്ക്ക് സേവ്യര്‍ എങ്ങനെ എത്തിപ്പെടുന്നുവെന്ന് എഴുത്തുകാരന്‍ കല്‍പിച്ചെടുക്കുന്നു. നോവലിലെ എഴുത്തുകാരന് ഒരു പേര് പോലും നല്‍കിയിട്ടില്ല. മാത്രമല്ല ജീവിതം-മരണം എന്നിവയ്പ്പുറം നീളുന്ന വഴികളിലൂടെ സഞ്ചരിച്ചാണ് അയാള്‍ കഥയെ സൃഷ്ടിച്ചിരിക്കുന്നത്.
പിന്നീടുള്ള അധ്യായങ്ങളില്‍, സേവ്യറിന്റെ മകന്‍ ഇരുണ്ടശക്തികളുടെ സ്വാധീനത്തിലാണെന്ന തിരിച്ചറിവ് അന്നം കുട്ടി താത്തിക്കുണ്ടാവുകയും, അതിനെല്ലാം കാരണക്കാരന്‍ അള്‍വാരീസ് ആണെന്ന് അവര്‍ മനസിലാക്കുകയും ചെയ്യുന്നു. പക്ഷേ അവരെ ആരും മനസിലാക്കുന്നില്ല എന്നു മാത്രമല്ല, ചിത്തഭ്രമമുള്ള രീതിയില്‍ നോക്കിക്കാണുകയും ചെയ്യുന്നു. അള്‍വാരിസ് എന്ന വില്ലന്‍ ഇവിടെയെല്ലാം നിറഞ്ഞുനില്‍ക്കുന്നു.
ദുരൂഹതകള്‍ പേറിക്കൊണ്ട് അയാള്‍ സേവ്യറിന്റെ കുടുംബത്തില്‍ അധീശത്വം സ്ഥാപിക്കുകയും സേവ്യറിന്റെ മകന്‍ പൂര്‍ണമായും കറുത്തശക്തികളുടെ ഇരിപ്പിടമായി മാറുകയും ചെയ്യുന്ന കഥാസന്ദര്‍ഭങ്ങള്‍ വായനക്കാരന് ആകാംക്ഷയും സംഭ്രമവും ജനിപ്പിക്കുന്ന കാഴ്ചകളിലൂടെ കഥാകൃത്ത് മുന്നോട്ടു കൊണ്ടുപോകുന്നു.
ചില വിവരണങ്ങള്‍ നാടകീയമായി തോന്നുന്നുവെന്നതു സത്യമാണ്. അത്തരമൊരു ഭാവം നോവലിന് ഉണ്ടാകാതിരിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്ന് പി.എഫ് മാത്യൂസ് പറയുന്നുണ്ടെങ്കിലും, ആസ്വാദ്യതയ്ക്ക് അതൊരു കോട്ടം സൃഷ്ടിച്ചതായി തോന്നിയുമില്ല. മരിച്ചുവെന്നു സ്വയം മനസിലാകാത്ത അന്നം കുട്ടിയുടെ ആത്മഗതങ്ങള്‍, കര്‍മലിക്കുണ്ടാകുന്ന സ്വപ്നങ്ങളും മറ്റും ഒരു മായക്കാഴ്ച എന്ന പോലെയാണു വിവരിക്കുന്നത്. വായനക്കാര്‍ സംശയത്തോടും കുറച്ച് അവ്യക്തതയോടും കൂടിയായിരിക്കും ഈ ഭാഗങ്ങളുടെ വായന നടത്തിയിട്ടുണ്ടാവുക.
കഥാഗതിയെ മുന്നോട്ടു കൊണ്ടുപോകാന്‍ ചെറിയ തടസങ്ങള്‍ കഥാകൃത്തിന് അനുഭവപ്പെട്ടിട്ടുണ്ടെന്ന എന്റെ ധാരണ, ശരിവയ്ക്കുന്ന രീതിയില്‍ കുറച്ചേറെ വിവരണങ്ങള്‍ പിന്നീട് നോവലില്‍ സംഭവിക്കുന്നുണ്ട്. നോവലില്‍ ആദ്യ ഭാഗങ്ങളില്‍ വിവരിക്കുന്ന ചില കാര്യങ്ങള്‍ക്ക്, പിന്നീടുള്ള അധ്യായങ്ങളില്‍ ആവര്‍ത്തിച്ചുള്ള, എന്നാല്‍ വിവിധ കഥാപാത്രങ്ങളുടെ വീക്ഷണത്തില്‍നിന്നു കൊണ്ട് വിവരണം നല്‍കാന്‍ ശ്രമിക്കുന്നത് പുതുമയായി തോന്നിയെങ്കിലും സന്ദര്‍ഭങ്ങളെ കൂട്ടിയിണക്കുന്നതില്‍ ആ ശ്രമം പൂര്‍ണമായി വിജയിച്ചിട്ടുണ്ടോ എന്നു സംശയിക്കണം. (സേവ്യറിന്റെ കല്യാണം, കുഞ്ഞിന്റെ ജനന സമയത്തുണ്ടാകുന്ന ചില സംഭവങ്ങള്‍, സേവ്യറിന്റെ അവസാനം എന്നിവയെല്ലാം നോവലില്‍ പലയിടത്തായി പല രീതിയില്‍ വിവരിക്കപ്പെടുന്നുണ്ട്).
കഥാഗതിയിലെ ചില സന്ദര്‍ഭങ്ങളുടെ അവിശ്വസനീയമായ വഴിത്തിരിവിലൂടെയാണ് അവസാന ഭാഗങ്ങള്‍. ഇമ്മാനുവേല്‍, സേവ്യറിന്റെ മകന്‍ മരിക്കുന്നു. ജഡം അഴുകുന്നില്ല. ശവക്കുഴിയില്‍നിന്നു മകന്റെ ജഡവുമെടുത്ത് പെട്ടിയിലാക്കി സേവ്യര്‍ നാടുവിടുന്നു. പട്ടണത്തിലെ ലോഡ്ജിലെത്തുകയും കള്ളന്‍ പെട്ടി തുറക്കാനുള്ള ശ്രമത്തില്‍ പരാജയപ്പെട്ട് ഓടുമ്പോള്‍ ലോറിക്കിടയില്‍പെട്ടു മരിക്കുകയും ചെയ്യുന്നു എന്നതു വായനയില്‍ തെളിയുന്നു.
പിന്നീട് കഥയെഴുതുന്ന ലേഖകന്‍(നോവലിലെ തന്നെ കഥാപാത്രം) സേവ്യറിന്റെ മുറിയില്‍ താമസിക്കുകയും എന്നോ ഓടിപ്പോയ സേവ്യറുമായി അല്ലെങ്കില്‍ അയാളുടെ ആത്മാവുമായി സംസാരിക്കുകയും ചെയ്യുന്നു. കുഞ്ഞ് ഒരു പുണ്യാളനാണെന്നു വിചാരിച്ച് കുഞ്ഞിന്റെ ശരീരവും എടുത്തു പലായനം ചെയ്യുന്ന സേവ്യറിനെ വിവരിക്കാന്‍ ആത്മഗതങ്ങളുമായി താത്തി വീണ്ടുമെത്തുന്നു. ഇതെല്ലാം മനസില്‍ ഇരുട്ടുമായി നടക്കുന്ന നോവലിലെ എഴുത്തുകാരന്‍ പുനഃപരിശോധിക്കുകയും അയാള്‍ തന്നെ ചില നിഗമനങ്ങളില്‍ എത്തുകയും ചെയ്യുന്നു. ആത്മാവുകള്‍ ജീവിച്ചിരിക്കുന്നവരോട് സംസാരിക്കുന്നു. സ്വപ്നങ്ങളും സ്വപ്നങ്ങളിലെ സ്വപ്നവും വിശദീകരണങ്ങള്‍ക്കായി അവലംബിക്കപ്പെടുന്നു.
മാജിക്കല്‍ റിയലിസത്തിന്റെ എല്ലാ സാധ്യതകളെയും ഉപയോഗിച്ചാണ് ഓരോ അധ്യായവും മുന്നോട്ടുനീങ്ങുന്നത്. കഥയുടെ അവസാനംവരെ ജീവിച്ചിരിക്കുന്ന ഒരു പ്രധാന കഥാപാത്രമായ കാര്‍മിലിയുടെ പുരോഹിതനുള്ള കത്തും ചില രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നു. ഒടുക്കം ലോഡ്ജിലെ എഴുത്തുകാരനിലേയ്ക്ക് തിരിച്ചെത്തുമ്പോള്‍, അയാള്‍ നിര്‍മിച്ച കഥയും കഥാപാത്രങ്ങളും അയാളുടെ ഒരു സാങ്കല്‍പിക സൃഷ്ടിയാണെന്ന രീതിയില്‍ പരാമര്‍ശങ്ങളുണ്ടാകുന്നു. എങ്കിലും സേവ്യറിന്റെ തിരോധാനം എങ്ങനെയായിരിക്കുമെന്നു ചോദിച്ചുകൊണ്ട് നോവല്‍ വീണ്ടും നീളുന്നുണ്ട്.
എന്തിനാണ് സേവ്യര്‍ എന്ന കഥാപാത്രത്തിന്റെ അന്ത്യം പല രീതിയില്‍ പറയാന്‍ നോവലിസ്റ്റ് പല പ്രാവശ്യം ശ്രമിച്ചത്? എന്നിട്ടും പൂര്‍ണമായി വായനക്കാര്‍ക്കു പിടികൊടുക്കാതെ അവ്യക്തമായി പറഞ്ഞവസാനിപ്പിച്ചത് എന്തിന് എന്ന ചോദ്യം മാത്രം ബാക്കിയാവുന്നു. ഒരു ചെറുകഥയായും പിന്നീട് തിരക്കഥയായും എഴുതിയതാണ് 'ഇരുട്ടില്‍ ഒരു പുണ്യാളന്‍' എന്ന നോവലായി മാറ്റിയെഴുതുന്നത് എന്ന് നോവലിസ്റ്റ് പറയുന്നുണ്ട്.
ഒരു തിരക്കഥാകൃത്തിനെ നോവലിന്റെ ചിലയിടങ്ങളില്‍ കണ്ടെത്താവുന്നതാണ്. ഇത് ഒരു സാധാരണ വായനക്കാരിയുടെ മനോധര്‍മമനുസരിച്ചും പക്വത അനുസരിച്ചും മാത്രം നിലകൊള്ളുന്ന വ്യക്തിപരമായ അഭിപ്രായപ്രകടനമായി മാത്രം ഇവിടെ പറയുന്നു. തിരക്കഥ ബൗദ്ധികപരമായി സാഹിത്യത്തെ വിനിമയം ചെയ്യുന്ന ഒരു മേഖലയാണെന്നും വിശ്വസിക്കുന്നു. അത് നോവലിന്റെ റീഡബിലിറ്റിയെ കൂട്ടിയിരിക്കുന്നുവെന്നാണു തോന്നിയത്.
ദാര്‍ശനിക ശാസ്ത്രീയ വിജ്ഞാനപ്രകടനങ്ങള്‍ നല്ല നോവലിന്റെ ലക്ഷണമല്ലെന്നു പറയുന്ന നോവലിസ്റ്റ്, നോവല്‍ നോവല്‍ മാത്രമായിരിക്കുകയെന്ന ലക്ഷ്യം മാത്രമേ രചനയ്ക്കു പിന്നിലുള്ളൂവെന്നും അനുബന്ധത്തില്‍ പറയുന്നു. സെമറ്റിക് മതസങ്കല്‍പങ്ങളെയും കാലാകാലങ്ങളായി നിലനില്‍ക്കുന്ന ശരിയും തെറ്റും അല്ലെങ്കില്‍ ഇരുട്ടും വെളിച്ചവും എന്നതിന്റെ വേറിട്ട രീതിയിലെ നിര്‍വചനങ്ങളെയുമെല്ലാം, കാലാതീതമായ ഒരു പ്രമേയത്തിലൂടെ ആവിഷ്‌കരിക്കുന്ന നോവല്‍ ഒരു പുതിയതരം വായനയിലേയ്ക്കുള്ള പ്രത്യാശയാണു വായനക്കാര്‍ക്കുമുന്നില്‍ തുറന്നുവയ്ക്കുന്നത്.
നോവല്‍ സിനിമാറ്റിക് ആകുന്നത് തോല്‍വി തന്നെയാണ്
ദിവ്യ ജോണ്‍ ജോസ്: സാഹിത്യ നിരൂപകര്‍ ഇന്നത്തെ മലയാള സാഹിത്യരംഗത്ത് ചെലുത്തുന്ന സ്വാധീനത്തെപ്പറ്റി പലതരം അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. എം. കൃഷ്ണന്‍ നായരെപ്പോലെയുള്ള ക്രാന്തദര്‍ശിത്വമുള്ള, മള്‍ട്ടി ഡയമെന്‍ഷനലായി ഒരു കൃതിയെ വിലയിരുത്താന്‍ കഴിയുന്ന നിരൂപകര്‍ നമുക്കുണ്ടായിരുന്നു. ഇന്ന് സോഷ്യല്‍ മീഡിയയിലെ ഓരോ അംഗത്തിനും അതതു വാരങ്ങളിലിറങ്ങുന്ന കഥകളെയും നോവലുകളെയും കവിതകളെയും ഒറ്റ വാക്കില്‍ നല്ലത്-ചീത്ത എന്ന ലേബലില്‍ വിമര്‍ശിച്ചു തള്ളാനും കൊള്ളാനും സൗകര്യമുണ്ടെന്നിരിക്കേ, കൃത്യമായ പഠനങ്ങളോടും അവലോകനങ്ങളോടും കൂടി കൃതികള്‍ വിലയിരുത്തപ്പെടുന്ന രീതിയില്‍ ഇന്നത്തെ നിരൂപണ സാഹിത്യം ഉയരുന്നുണ്ടോ?
പി.എഫ് മാത്യൂസ്: എം. കൃഷ്ണന്‍ നായര്‍ സ്വയം ഒരു നിരൂപകനായി കണ്ടിട്ടില്ല. അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത് ലിറ്റററി ജേണലിസ്റ്റ് എന്നായിരുന്നു. നിരൂപകര്‍ എന്നു വായനക്കാരെ വിശ്വസിപ്പിച്ചിരുന്ന പലരും ലിറ്റററി ജേണലിസ്റ്റുകള്‍ മാത്രമായിരുന്നുവെന്നു പിന്നീട് കാലം തെളിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ എഴുത്തിനെ നിരൂപണമെന്ന് അതെഴുതുന്നവര്‍ പോലും വിശ്വസിക്കുന്നുണ്ടെന്നു തോന്നുന്നില്ല. അതൊരു അഭിപ്രായമെഴുത്തായി മാത്രം കണ്ടാല്‍ മതിയെന്നാണെന്റെ വിചാരം.
ദിവ്യ: കഥയും തിരക്കഥയും സാഹിത്യ സൃഷ്ടികളെന്നിരിക്കേ, ഒരു എഴുത്തുകാരന്‍ ഈ രണ്ടു രചനകളിലും ബോധപൂര്‍വമായ ചില ഇടപെടലുകള്‍ നടത്തേണ്ടിയിരിക്കുന്നു. കഥ എന്നതു കൂടുതലായും ആത്മാവിഷ്‌കാരമായി നിലനില്‍ക്കുയും തിരക്കഥ വായനക്കാരനെയോ കാഴ്ചക്കാരനെയോ മുന്നില്‍കണ്ട് ഒരു രണ്ടാമന്റെ അഭിരുചിക്കനുസരിച്ചു മാത്രം എഴുതുന്ന ഒരു പ്രക്രിയയായി മാറുകയും ചെയ്യുന്നുവെന്നു പറഞ്ഞാല്‍ അംഗീകരിക്കാനാകുമോ?
മാത്യൂസ്: തിരക്കഥയെ ഒരു സ്വതന്ത്രമായ കലാരൂപമായി കാണാനാകില്ല. ഒരു സിനിമ നിര്‍മിക്കാനായുള്ള ചില തയാറെടുപ്പുകളാണത്. നന്നായി വന്നാല്‍ അതു ചലച്ചിത്രത്തിന്റെ ടെക്സ്റ്റായി നിലനില്‍ക്കും. ചെറുകഥ അങ്ങനെയല്ല. അതു വലിയ സാധ്യതകളിലേക്കുള്ള വാതിലുകള്‍ തുറന്നിട്ടുതരുന്ന കലാരൂപം തന്നെയാണ്.
ദിവ്യ: താങ്കളുടെ കൃതികളിലെ അനുഭവ പരിസരങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. പക്ഷേ, ഓരോ തവണയും പുതിയ വിഷയസ്വീകരണത്തിലൂടെ വായനക്കാര്‍ക്കു വ്യത്യസ്തമാര്‍ന്ന വായനയും ലഭ്യമാക്കുന്നുണ്ട്. വിവിധ സങ്കേതങ്ങള്‍, ശൈലികള്‍ കൃതികളില്‍ പരീക്ഷിക്കുന്നുമുണ്ട്. ഇതേപ്പറ്റി ഒന്ന് പറയാമോ?
മാത്യൂസ്: എഴുതുമ്പോള്‍ അകവും പുറവും നവീകരിക്കണമെന്നൊക്കെ ആഗ്രഹമുണ്ട്. അതിനുള്ള ശ്രമങ്ങളും നടത്താറുണ്ട്. നോവലുകളില്‍ അതു കുറച്ചൊക്കെ ഫലവത്തായെന്നു തോന്നിയിട്ടുമുണ്ട്. പിന്നെ എഴുതിയയാള്‍ തന്നെ അതേക്കുറിച്ചു കൂടുതല്‍ വിശദീകരിക്കുന്നതില്‍ വലിയ കാര്യമില്ല. പലപ്പോഴും അതൊരു പൊങ്ങച്ചമായി മാറും.
ദിവ്യ: ഒരു സിനിമാറ്റിക് എഫക്ട് കൃതികളില്‍, പ്രത്യേകിച്ച് 'ഇരുട്ടില്‍ ഒരു പുണ്യാളനി'ല്‍ പലയിടത്തും വായനയില്‍ വന്നുപോകുന്നുണ്ട്. യാഥാസ്ഥിക എഴുത്തുരീതികളെ ചോദ്യം ചെയ്യുന്നു എന്ന രീതിയില്‍ പലയിടത്തും പരാമര്‍ശിക്കപ്പെട്ടതായി കണ്ടിട്ടുണ്ട്. അങ്ങനെയൊരു എഫക്ട് വരാതിരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നു താങ്കള്‍ തന്നെ പറഞ്ഞിട്ടുമുണ്ട്. പക്ഷേ, ഇത്തരം വായനകള്‍ വായനക്കാര്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് ഇത്തരം പുതിയ രീതികള്‍ പരീക്ഷിച്ചുകൂടാ?
മാത്യൂസ്: സാഹിത്യം സിനിമയെക്കാളൊക്കെ ഉന്നതമായൊരു കലയാണ്. പലപ്പോഴും നവീനമായ കലാരൂപങ്ങളുടെ സങ്കേതങ്ങള്‍ നോവലിസ്റ്റുകള്‍ ഭംഗിയായി ഉപയോഗിക്കാറുമുണ്ട്. വായനക്കാരന്റെ ഇഷ്ടമറിഞ്ഞ് എഴുതുന്നത് നല്ല കാര്യമാണെന്നു തോന്നുന്നില്ല. നോവല്‍ സിനിമാറ്റിക് ആകുന്നത് ഒരു തോല്‍വി തന്നെയാണ്.
ദിവ്യ: പുതിയ പ്രോജക്ടുകളെക്കുറിച്ച്
മാത്യൂസ്: 'പതിമൂന്ന് കടല്‍ക്കാക്കകളുടെ ഉപമ' എന്ന കഥാസമാഹാരം ലോഗോസിലൂടെ ഉടനെ വരുന്നു. ആദ്യ നോവല്‍ 'ചാവുനിലം' നാലാം പതിപ്പ് ഡി.സിയിലൂടെ ഉടനെ ഇറങ്ങുന്നുണ്ട്. പുറമെ 'തിരഞ്ഞെടുത്ത കഥകള്‍' എന്ന സമാഹാരവും ഡി.സിയിലൂടെ വൈകാതെയുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."