സര്‍ക്കാര്‍ സ്കൂളുകള്‍ പുരോഗതിയുടെ പാതയില്‍: മന്ത്രി ജി. സുധാകരന്
ആലപ്പുഴ: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകള്‍ പുരോഗതിയിലെത്തിയിരിക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്. കേരള പ്രവാസി ഫെഡറേഷന് ആലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ അനുമോദന സമ്മേളനം ടി.വി തോമസ് സ്മാരക ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളികളുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഇപ്പോള്‍ മാറ്റം വന്നിരിക്കുകയാണ്. പലരും പ്രകടനപരമായ ഒരു സമ്പ്രദായമായി വിദ്യാഭ്യാസത്തെ കണ്ടുതുടങ്ങിയിരിക്കുന്നു. എന്നാല്‍ ആന്തരികവും അടിസ്ഥാനപരവുമായ തത്വമാണ് വിദ്യാഭ്യാസം. മലയാളികള്‍ക്ക് ഇപ്പോള്‍ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിലാണ് അമിത താല്‍പ്പര്യം. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെട്ട് കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. സ്വാഗതസംഘം പ്രസിഡന്റ് ബി. അന്‍സാരി ചടങ്ങില്‍ അധ്യക്ഷനായി. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി. ജ്യോതിസ്, കേരള പ്രവാസി ഫെഡറേഷന് ജില്ലാ പ്രസിഡന്റ് കമാല്‍ എം മാക്കിയില്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി വി.എം ഹരിഹരന്, ഷേര്‍ളി ശ്രീകുമാര്‍, കമാല്‍ നൗഷാദ് സംസാരിച്ചു. സെക്രട്ടറി നൂറുദ്ദീന്‍ കുന്നുംപുറം സ്വാഗതവും പി.എച്ച് ഷെരീഫ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."