അവസാനത്തെ പെണ്‍കുട്ടി
''ചില സമയങ്ങളില്‍ ബലാത്സംഗമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല.. റേപ്പ് ചെയ്യപ്പെടുക എന്നത് മാത്രമായിരുന്നു ആ ദിവസങ്ങളിലെ എന്റെ ദിനചര്യ..''
സമാധാനത്തിനുള്ള നൊബേല്‍ സ്വന്തമാക്കിയ യസീദി ആക്ടിവിസ്റ്റ് നാദിയ മുറാദിന്റെ ഓര്‍മക്കുറിപ്പിലാണ് കൗമാരക്കാരിയായ ഒരു ഗ്രാമീണപ്പെണ്‍കൊടി താണ്ടിയ ദുരിതപര്‍വത്തിന്റെ ദയനീയചിത്രം ഇത്തരത്തില്‍ അനാവരണം ചെയ്യപ്പെടുന്നത്-'അവസാനത്തെ പെണ്‍കുട്ടി' എന്ന പേരില്‍.
ശാരീരികവും മാനസികവുമായ ആഘാതങ്ങളും ട്രോമകളും അതിക്രൂരമായ ജീവിതയാഥാര്‍ഥ്യങ്ങളും ആത്മഹത്യയിലേക്കോ ചിത്തഭ്രമത്തിലേക്കോ എത്തിക്കുമായിരുന്ന ഈ കൗമാരക്കാരിയെ, നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ടുമാത്രം അതൊക്കെ അതിജീവിച്ച്, അവയെക്കുറിച്ചു ലോകത്തോട് വിളിച്ചുപറയാന്‍ വിധി പരുവപ്പെടുത്തുകയായിരുന്നു. അപസര്‍പക കഥകള്‍ പോലും തോറ്റു പോകുന്ന വിവരണത്തിലൂടെയാണ്, ഭാവനയുടെ മേമ്പൊടി തീരെ ആവശ്യമില്ലാത്തത്രയും വിചിത്രമായ സ്വന്തം പീഡാനുഭവങ്ങളിലേക്ക് അവള്‍ അക്ഷരനക്ഷത്രങ്ങളൊരുക്കിയത്. ആ അക്ഷരങ്ങള്‍ക്കു ജീവന്‍വച്ചത്, ചരിത്രം അടയാളപ്പെടുത്തിയത് ഒരു ഫിനിക്‌സ് പക്ഷിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പായിട്ടാണ്. പ്രസ്തുത പുസ്തകത്തിലൂടെ ലോകം പരിചയപ്പെട്ടത് മതതീവ്രവാദ പീഡനങ്ങളുടെ പിന്നാമ്പുറങ്ങളില്‍ നടമാടിക്കൊണ്ടിരിക്കുന്ന, ആരുമറിയാത്ത കോണ്‍സണ്‍ട്രേഷന്‍ ക്യാംപുകളും ഗ്യാസ് ചേംബറുകളുമാണ്. വെറും ഇരുപത്തിയഞ്ചുകാരിയായ ഒരു ഗ്രാമീണ യുവതിയുടെ, ഒരിക്കലുമവസാനിക്കാത്ത, ചെറുത്തുനില്‍പ്പുകള്‍ക്കും പോരാട്ടങ്ങള്‍ക്കും ലോകമിന്ന് നൊബേല്‍ സമാധാന പുരസ്‌കാരം നല്‍കി ആദരിച്ചിരിക്കുന്നു- ഒരു ഉരുക്കുവനിതയുടെ വിശേഷണങ്ങള്‍ മുഴുവനും നല്‍കിക്കൊണ്ട്.
ഓര്‍മക്കുറിപ്പ് (ങലാീശൃ) ഗണത്തില്‍പ്പെടുത്താവുന്ന ഒരു കൃതിയാണ് നാദിയയുടെ 'അവസാനത്തെ പെണ്‍കുട്ടി: എന്റെ അടിമത്തത്തിന്റെയും ഇസ്‌ലാമിക് സ്റ്റേറ്റിനെതിരേയുള്ള പോരാട്ടത്തിന്റെയും കഥ' (ഠവല ഘമേെ ഏശൃഹ: ങ്യ ടീേൃ്യ ീള ഇമുശേ്ശ്യേ, മിറ ങ്യ എശഴവ േഅഴമശിേെ വേല കഹെമാശര ടമേലേ). വടക്കന്‍ ഇറാഖിലെ സിന്‍ജാര്‍ മലനിരകളില്‍പെടുന്ന കോജോ ഗ്രാമത്തിലെ ഒരു സാധാരണ യസീദി കുടുംബത്തിലാണ് നാദിയാ മുറാദ് ബസീ താഹ എന്ന, ചരിത്രത്തില്‍ രേഖപ്പെടാതെ പോകുമായിരുന്ന പെണ്‍കുട്ടി ജനിക്കുന്നത്. കാര്‍ഷികവൃത്തി നടത്തി, അന്നത്തെ അപ്പം തേടുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച്, ഒരുകൂട്ടം മനുഷ്യാത്മാക്കള്‍ ജീവിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ആ പ്രദേശമാകെ ഐ.എസ് തീവ്രവാദികളുടെ ആക്രമണത്തില്‍പെട്ടുപോകുന്നത്. സ്വന്തം കൂടപ്പിറപ്പുകളായ ആറു സഹോദരന്മാരടക്കം അറുന്നൂറില്‍പ്പരം പുരുഷന്മാര്‍ കൊല്ലപ്പെടുകയും ആറായിരത്തില്‍പ്പരം വരുന്ന സ്ത്രീകള്‍ തടവുകാരാക്കപ്പെടുകയും ചെയ്ത, 2014 സെപ്റ്റംബറില്‍ നടന്ന പ്രസ്തുത ആക്രമണത്തില്‍ ബന്ദിയാക്കപ്പെട്ട നാദിയക്ക് ഐ.എസ് വിധിച്ചത് അടിമപ്പണിയായിരുന്നു. 306ഓളം പേജുകളിലായി വിന്യസിക്കപ്പെട്ടിരിക്കുന്ന പ്രസ്തുത ദാസ്യവൃത്തിയുടെ വിവരണങ്ങള്‍, വായനക്കാരെ നടുക്കുന്ന ഏതാനും സംഭവങ്ങളിലേക്കു വലിച്ചിഴച്ചു കൊണ്ടുപോകുന്നു:
''രാത്രിയിലാണ് അടിമക്കച്ചവടം നടക്കുന്ന മാര്‍ക്കറ്റ് തുറക്കുക. തീവ്രവാദികള്‍ ഒരുമിച്ചുകൂടുകയും ബഹളം വയ്ക്കുകയും ചെയ്യുന്നതിന്റെ എല്ലാ കലഹങ്ങളും താഴത്തുള്ള ഇരുട്ടുമുറികളില്‍നിന്നു ഞങ്ങള്‍ക്കു കേള്‍ക്കാം. ആദ്യത്തെ പുരുഷന്‍ എത്തുമ്പോള്‍ തന്നെ ഞങ്ങള്‍ പെണ്‍കുട്ടികള്‍ ഭയവിഹ്വലരായി അലറിക്കരയാന്‍ തുടങ്ങും. ഒരു സ്‌ഫോടനം നടന്ന സ്ഥലത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന തരത്തിലായിരുന്നു അത്. മുറിവേറ്റവരെപ്പോലെ ഞങ്ങള്‍ ഞരങ്ങിക്കൊണ്ടിരുന്നു. ചിലര്‍ തറയില്‍ ചോര ഛര്‍ദ്ദിച്ചു. പക്ഷെ, ഒരു തീവ്രവാദി പോലും അതൊന്നും കാര്യമാക്കിയില്ല. തുറിച്ചുനോക്കിക്കൊണ്ട് അവരൊക്കെ ഞങ്ങള്‍ക്കു ചുറ്റും വട്ടമിട്ടു നടക്കുമ്പോള്‍, ഉറക്കെ കരഞ്ഞും കെഞ്ചിയും ഞങ്ങളവരുടെ കാലുപിടിച്ചു. ഏറ്റവും സുന്ദരിയെന്ന് അവര്‍ക്ക് തോന്നിയവരുടെ അടുത്തേക്കാണ് അവരില്‍ പലരും ആദ്യം എത്തുക. ''നിനക്കെത്രയാ വയസ്?'' എന്നു ചോദിച്ചുകൊണ്ട് അവര്‍ ഇഷ്ടപ്പെട്ട പെണ്‍കുട്ടിയുടെ മുടിയും ചുണ്ടുകളും പരിശോധിക്കും. കാവല്‍ക്കാരനായ ഒരുത്തനോട് അവര്‍ ചോദിച്ചു:
''ഇവരൊക്കെ കന്യകമാര്‍ തന്നെയല്ലേ?''
തലയാട്ടിക്കൊണ്ട് അയാള്‍ മറുപടി പറഞ്ഞു: ''തീര്‍ച്ചയായും..''
സ്വന്തം സ്ഥാപനത്തിലെ സാധനസാമഗ്രികളെ കുറിച്ച് ഉപഭോക്താവിനു പരിചയപ്പെടുത്തിക്കൊടുക്കുമ്പോള്‍ കടയുടമ പുറത്തെടുക്കുന്ന അഭിമാന ഭാവചേഷ്ടാദികള്‍ അയാളില്‍ തത്തിക്കളിച്ചു. തീവ്രവാദികള്‍ അവര്‍ക്കിഷ്ടമുള്ള ഞങ്ങളുടെ ശരീരഭാഗങ്ങള്‍, നിയന്ത്രണമൊന്നുമില്ലാതെ സ്പര്‍ശിച്ചുകൊണ്ടേയിരുന്നു. സ്തനങ്ങളിലും കാലുകളിലുമാണ് അവരുടെ കൈകള്‍ കൂടുതല്‍ സഞ്ചരിച്ചത്.. കാട്ടുമൃഗങ്ങളുടെ ക്രൗര്യമായിരുടെ അവരുടെ സ്ഥായീഭാവം..''
പെണ്‍കുട്ടികളെ ലൈംഗിക അടിമത്തത്തിലേക്ക് വാങ്ങിക്കുന്ന ഈ മാര്‍ക്കറ്റിലെ വിലപേശലുണ്ടാക്കുന്ന കടുത്ത മാനസികാഘാതത്തെക്കുറിച്ച് നാദിയ വരച്ചുകാണിക്കുന്ന ചിത്രങ്ങള്‍ പേടിപ്പെടുത്തുന്നതാണ്:
''അടങ്ങിയിരിക്കൂ...'' അവര്‍ ആക്രോശിച്ചു കൊണ്ടേയിരുന്നു. ''ഒച്ചയെടുക്കാതെ..''
പക്ഷെ അവരുടെ ആജ്ഞകള്‍ ഞങ്ങളെ കൂടുതല്‍ ഭയപ്പെടുത്തുകയും അലറിക്കരച്ചിലുകള്‍ക്കു കാരണമായിത്തീരുകയും ചെയ്തു.. എന്റെ ശരീരത്തെ തപ്പിത്തലോടാനൊരുങ്ങി വന്ന കൈകള്‍ തട്ടിത്തെറിപ്പിച്ചുകൊണ്ട് അലമുറയിടുന്നതിനിടയില്‍ ഞാനൊരു കാര്യം തീരുമാനിച്ചുകഴിഞ്ഞിരുന്നു- അത്ര പെട്ടെന്നൊന്നും അവര്‍ക്കുമുന്‍പില്‍ ഞാന്‍ കീഴടങ്ങില്ല! കൂടെയുണ്ടായിരുന്ന മറ്റു പെണ്‍കുട്ടികളും അതേ രീതിയില്‍ തന്നെയാണു പ്രതികരിച്ചത്. ഞങ്ങള്‍ സ്വന്തം ശരീരങ്ങള്‍ ചുരുട്ടിക്കൂട്ടി തറയില്‍ ഉരുണ്ടു കൂടുന്ന രീതിയിലാക്കി അവരുടെ ശ്രമങ്ങളെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു. സുന്ദരികളാണെന്ന കാരണത്താല്‍ കൂടുതല്‍ കഴുകന്മാര്‍ വട്ടമിട്ടു പറന്ന ഞങ്ങളില്‍ ചിലരുടെമേല്‍ അള്ളിപ്പിടിച്ച് ബാക്കിയുള്ള പെണ്‍കുട്ടികള്‍ രക്ഷാകവചം തീര്‍ത്തു..''
ഇസ്‌ലാമിന്റെയും ക്രിസ്തു, സൊരാഷ്ട്ര മതങ്ങളുടെയും അംശങ്ങള്‍ സമന്വയിച്ച ഒരു വംശമാണ് യസീദി. വിഭിന്ന അധ്യാത്മികതയിലൂന്നിയതുകൊണ്ടായിരിക്കാം, ഇവര്‍ ലോകത്തെങ്ങുമുള്ള മതമൗലികവാദികള്‍ക്ക് അനഭിമതരാണ്. നൂറ്റാണ്ടുകളുടെ പീഡനചരിത്രവും അതിന്റെ ആഘാതങ്ങളും പേറി ജീവിക്കുന്ന ഈ വംശം അനുഭവിച്ചുകൊണ്ടിരിക്കുന്ന അതിദാരുണമായ മനുഷ്യാവകാശ ലംഘനങ്ങളുടെയും അടിച്ചമര്‍ത്തലുകളുടെയും രേഖാചിത്രമാണ് നാദിയയുടെ 'അവസാനത്തെ പെണ്‍കുട്ടി'. അടിമമാര്‍ക്കറ്റില്‍ അവളെ വിലയ്ക്കുവാങ്ങുന്ന സല്‍വാന്‍ എന്ന തീവ്രവാദിയെക്കുറിച്ചുള്ള വിവരണങ്ങള്‍ ഇപ്രകാരം പോകുന്നു:
''കരഞ്ഞു കിടക്കുകയായിരുന്ന എന്റെ അരികില്‍ ഒരു തീവ്രവാദി പൊടുന്നനെ നിന്നു. അയാള്‍ അവരുടെയിടയില്‍ ഉയര്‍ന്ന റാങ്കിലുള്ളയാളാണെന്ന് എനിക്കു തോന്നി. മറ്റൊരു യസീദി പെണ്‍കുട്ടി അയാളോടൊപ്പമുണ്ടായിരുന്നു. അവളെ വിറ്റ്, പകരം പുതിയൊരാളെ വാങ്ങാനുള്ള പുറപ്പാടിലാണയാള്‍.
''എഴുന്നേറ്റ് നില്‍ക്കെടീ..''
അയാള്‍ ഉച്ചത്തില്‍ ആവശ്യപ്പെട്ടു.. ഞാന്‍ ആ ആജ്ഞ അനുസരിച്ചില്ല. അയാളെന്നെ ചവിട്ടിക്കൊണ്ട് ആവര്‍ത്തിച്ചു: ''നീ തന്നെ.. പിങ്ക് ജാക്കറ്റ് ധരിച്ച നീ.. എഴുന്നേല്‍ക്കെടീ..''
അമിതമായ രീതിയില്‍ മാംസം നിറഞ്ഞ ആ വൃത്തികെട്ട മുഖത്ത് അയാളുടെ കണ്ണുകള്‍ മുങ്ങിത്താഴ്ന്നതു പോലെയായിരുന്നു.. ഒരു മനുഷ്യനായി എനിക്കയാളെ തോന്നിയില്ല. മറിച്ച് ഒരു രാക്ഷസനുമായി സാമ്യമുള്ളതായി അനുഭവപ്പെട്ടു..''
ചരിത്ര വിദ്യാര്‍ഥിനിയായിരുന്ന നാദിയ അങ്ങനെ, അടിമച്ചന്തയിലൂടെ ദാഇശ്(ഐ.എസ്) ജഡ്ജിമാരിലൊരാളുടെ ലൈംഗിക അടിമയായി. അയാളുടെ ലൈംഗിക അതിക്രമങ്ങള്‍ക്കു സ്വന്തം ശരീരം നല്‍കുക എന്നതായിരുന്നു അവളുടെ ജോലി! നിരന്തരം ബലാത്സംഗം ചെയ്യപ്പെട്ടതിന്റെ വേദനയും വെറുപ്പും തല്ലിക്കെടുത്തിയ ശരീര ചേതനയ്ക്കുമുന്‍പില്‍ തളരാതെ ഓരോ തവണയും അവള്‍ രക്ഷപ്പെടുന്നതിനെക്കുറിച്ചു മാത്രം ചിന്തിച്ചു..
''ആത്മഹത്യയെക്കുറിച്ച് ഞാന്‍ ചിന്തിച്ചിരുന്നേയില്ല.. അങ്ങനെയൊരു ചിന്ത എന്റെയുള്ളില്‍ ഒരിക്കലുമുണ്ടായിരുന്നില്ല..'' എന്നു സധൈര്യം വിളിച്ചുപറഞ്ഞ്, രക്ഷപ്പെടാനുള്ള നിരവധി ശ്രമങ്ങള്‍ പരാജയപ്പെട്ടിട്ടും, തളരാത്ത മനസുമായി, ഒടുവിലവള്‍, പല മനുഷ്യര്‍ മറിഞ്ഞു വീണ്ടും മറ്റൊരു കൈമാറ്റത്തിനായി അടിമച്ചന്തയിലെത്തിക്കപ്പെട്ടു. അവിടെനിന്നു സര്‍വശക്തിയുമെടുത്ത്, വാതില്‍ തള്ളിത്തുറന്ന് അവള്‍ ഓടിയതു ചരിത്രത്തെ തന്നെ ത്രസിപ്പിക്കുന്ന അധ്യായങ്ങളാണ്..
''ഏതോ ഒരു മുസ്‌ലിം വീട്ടിലെത്തിയതു കാരണം രക്ഷപ്പെടാന്‍ കഴിഞ്ഞു'' എന്നവള്‍ കോറിയിട്ടിരിക്കുന്നു. പിന്നീട് അവള്‍ എത്തിച്ചേരുന്ന അഭയാര്‍ഥി ക്യാംപുകളും ജര്‍മന്‍ സുരക്ഷാകവചവും ഐക്യരാഷ്ട്രസഭയിലെ വെളിപ്പെടുത്തലുമൊക്കെയായി 'അവസാനത്തെ പെണ്‍കുട്ടി' ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങളാണു വായനക്കാര്‍ക്കു സമ്മാനിക്കുക.
സാഹിത്യ നൊബേല്‍ സമ്മാനിക്കാതെ കടന്നുപോകുന്ന ഈ വര്‍ഷത്തെ സ്വീഡിഷ് അക്കാദമിയുടെ പുരസ്‌ക്കാര വിതരണത്തിന്, സമാധാന നൊബേലിലൂടെ ഓര്‍മക്കുറിപ്പെന്ന സാഹിത്യരൂപത്തെ കൂടി പുരസ്‌കരിക്കാന്‍ സാധിച്ചു എന്ന സന്തോഷത്തിലാണ് ആഗോളതലത്തിലുള്ള സാഹിത്യപ്രേമികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."