HOME
DETAILS

മുറിവേറ്റവരുടെ ഉയിര്‍പ്പ്

  
backup
October 14 2018 | 01:10 AM

%e0%b4%ae%e0%b5%81%e0%b4%b1%e0%b4%bf%e0%b4%b5%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b5%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%89%e0%b4%af%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d

ലൈംഗിക പീഡനവിവാദങ്ങളാല്‍ തിളക്കം കുറഞ്ഞ ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരങ്ങളില്‍ പ്രതീക്ഷയുടെയും പോരാട്ടത്തിന്റെയും വേറിട്ട ശബ്ദമായാണ് സമാധാനത്തിന്റെ പുരസ്‌കാര ജേതാക്കളെ ലോകം ശ്രവിച്ചത്. സംഘര്‍ഷങ്ങളും യുദ്ധങ്ങളും തകര്‍ത്ത ജനതയ്ക്കു സഹനത്തിലൂടെ പോരാട്ടത്തിന്റെ പുതുവഴികള്‍ തുറന്ന നാദിയ മുറാദും ഡോ. ഡെന്നിസ് മുക്‌വേഗുമായിരുന്നു ഇത്തവണ പുരസ്‌കാര ജേതാക്കള്‍. ആഫ്രിക്കന്‍ രാജ്യമായ കോംഗോ സ്വദേശിയാണ് 63കാരനായ ഡോ. ഡെന്നിസ്. ഇറാഖ് സ്വദേശിയും നിലവില്‍ ജര്‍മനിയില്‍ താമസിക്കുന്നവളുമാണ് 25കാരി നാദിയ മുറാദ്. ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കിടയിലും യുദ്ധഭൂമിയിലും ലൈംഗിക പീഡനത്തിനിരയാകുന്നവരെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാന്‍ കാണിച്ച പരിശ്രമങ്ങളും ലൈംഗികപീഡനത്തിനെതിരായ പോരാട്ടവുമാണ് ഇരുവരെയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.

 

അതിജീവിച്ചവള്‍ നാദിയ

ഭീകരവാദം തകര്‍ത്ത പതിനായിരങ്ങളില്‍ അതിജീവിക്കുന്ന യൗവനമുഖമാണ്് നാദിയ. ഐ.എസ് ഭീകരരുടെ ക്രൂരപീഡനങ്ങളേറ്റുവാങ്ങിയ അവള്‍ ഇപ്പോഴും വിങ്ങുന്ന വേദനയാല്‍ തോരാത്ത കണ്ണോടെയാണ് ലോകത്തെ നോക്കുന്നത്. എന്നാല്‍, വിഷാദത്തിന്റെ മേഘപാളികള്‍ക്കിടയിലും തോറ്റുകൊടുക്കില്ലെന്നു പ്രഖ്യാപിച്ചു പീഡനങ്ങളേറ്റുവാങ്ങുന്നവരുടെ മോചനത്തിനായാണ് നാദിയായുടെ ചിന്തയും ശരീരവും ഇപ്പോള്‍. ഈ ജന്മം മുഴുക്കെ കരഞ്ഞാലും തീരാത്ത ദുഃഖം തളംകെട്ടിനില്‍ക്കുമ്പോഴും ഭീകരരുടെ തടവറകളില്‍ പിച്ചിച്ചീന്തപ്പെട്ട പെണ്‍ുകുട്ടികളാണ് നാദിയയുടെ മനസിലിപ്പോഴും. ശരീരത്തിനു മാരകമുറിവുകളേറ്റെങ്കിലും ഒന്നും തന്നെ മറച്ചുവയ്ക്കാതെ, ധീരയായി തന്നെ അവള്‍ വിളിച്ചുപറയുന്നുണ്ട്, തനിക്കേറ്റ പീഡനങ്ങളുടെ കനലുകള്‍.
ഇറാഖിലെ യസീദി വിഭാഗത്തില്‍പ്പെട്ട നാദിയ മുറാദ് വടക്കന്‍ ഇറാഖിലെ സിന്‍ജാറിലാണു ജനിച്ചത്. സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണിത്. 2014ലാണു കറുത്ത പതാകയേന്തി വെറുപ്പിന്റെയും ക്രൂരതയുടെയും പ്രതീകങ്ങളായി ഐ.എസ് ഇറാഖിലേക്ക് എത്തുന്നത്. ആ വര്‍ഷം ഓഗസ്റ്റിലാണ് അവര്‍ നാദിയയുടെ ഗ്രാമമായ കൊച്ചേയില്‍ എത്തുന്നത്. പ്രദേശം മുഴുവനായും അവര്‍ തകര്‍ത്തുകളഞ്ഞു. മനുഷ്യക്കുരുതികൊണ്ട് രക്തപ്പുഴകളാണ് അവര്‍ സൃഷ്ടിച്ചത്. മുതിര്‍ന്നവരെ നിഷ്‌ക്കരുണം കൊലപ്പെടുത്തി. കുട്ടികളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പരിശീലനം നല്‍കാനായി പിടിച്ചുകൊണ്ടുപോയി. സൗന്ദര്യമില്ലാത്തവരെയും ചെറിയ കുട്ടികളെയും ക്രൂരമായി കൊലപ്പെടുത്തി. ആയിരക്കണക്കിനു യുവതികളെ ലൈംഗിക അടിമകളാക്കി.
നാദിയ ഉള്‍പ്പെടെയുള്ള യുവതികളെ ഐ.എസ് അധീനത്തിലുള്ള മൊസൂളിലേക്കാണു കൊണ്ടുപോയത്. അവിടെ ക്രൂരമായ മര്‍ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയാക്കി. ഭീകരര്‍ ലൈംഗിക അടിമയാക്കിവച്ച നാദിയയെ പിന്നീട് ഒരു വില്‍പ്പനച്ചരക്കിനെയെന്നവണ്ണം മൊസൂളിലെ അടിമച്ചന്തയില്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്തു. ഉടമയ്ക്ക് എപ്പോള്‍ വേണമെങ്കിലും മാനഭംഗം ചെയ്യാനാകുന്ന ഇരയെന്ന നിര്‍വചനത്തില്‍പ്പെട്ട ലൈംഗിക അടിമയായി മുദ്രകുത്തപ്പെട്ട നാദിയ നീണ്ട മൂന്നുമാസത്തോളം യാതനകള്‍ സഹിച്ചു. ഒരിക്കല്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതിനു കൂട്ടമാനഭംഗമായിരുന്നു ശിക്ഷ.
ദുരിതപര്‍വത്തിനിടെ തടവിലാക്കപ്പെട്ട വീട്ടിലെ ജനല്‍വഴി ഒരു ദിവസം രക്ഷപ്പെട്ട നാദിയയ്ക്കുമുന്നില്‍ ഒരു മുസ്‌ലിം കുടുംബമാണു രക്ഷകരായെത്തിയത്. ഐ.എസിന്റെ കണ്ണുവെട്ടിച്ച് അവര്‍ നാദിയയെ സാഹസികമായി കുര്‍ദിസ്താനിലെത്തിച്ചു. മാതാവിനെയും ആറു സഹോദരന്മാരെയും ഐ.എസ് ഭീകരര്‍ കൊലപ്പെടുത്തിയ വിവരം ഇവിടെനിന്നാണ് നാദിയ അറിയുന്നത്.
ഒടുവിലൊരു ദിവസം ഇറാഖ് അതിര്‍ത്തി കടന്ന് അവള്‍ ജര്‍മനിയിലേക്കു രക്ഷപ്പെടുകയായിരുന്നു. നിലവില്‍ ജര്‍മനിയില്‍ കഴിയുന്ന നാദിയ സഹോദരിക്കൊപ്പം യസീദികള്‍ക്കായുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. 2016 ഓഗസ്റ്റില്‍ ഐക്യരാഷ്ട്രസഭ വഴി മനുഷ്യക്കടത്തിലേക്ക് ആഗോള ശ്രദ്ധ തിരിക്കാന്‍ സാധിച്ചു. ഇതോടെ നാദിയ യു.എന്നിന്റെ മനുഷ്യക്കടത്തിനെതിരേയുള്ള പ്രചാരണത്തിന്റെ ആദ്യ ഗുഡ്‌വില്‍ അംബാസിഡറായി. ലൈംഗിക അടിമകളാക്കപ്പെടുന്ന പെണ്‍കുട്ടികളുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന നാദിയയുടെ ജീവിതം പറയുന്ന 'ദി ലാസ്റ്റ് ഗേള്‍' 2017ലാണു പുറത്തുവന്നത്. യസീദി ആക്ടിവിസ്റ്റായ ആബിദ് ശബ്ദീനുമായുള്ള നാദിയയുടെ വിവാഹവാര്‍ത്ത കഴിഞ്ഞ ഓഗസ്റ്റ് ആറിനു പുറത്തുവിട്ടിരുന്നു.
നൊബേല്‍ പുരസ്‌കാരത്തിന്റെ പകിട്ടില്‍ ലോകത്തിനുമുന്നില്‍ നിറഞ്ഞുനിന്നപ്പോഴും നാദിയ ആദ്യമായി സംസാരിച്ചത് യസീദികള്‍ അനുഭവിക്കുന്ന പീഡനങ്ങളെ കുറിച്ചാണ്. 'മീ ടൂ' കാംപയിനുകള്‍ ലോകവ്യാപകമായി പടരുന്ന അതേ ഘട്ടത്തില്‍ തന്നെ, നൊബേല്‍ പുരസ്‌കാരലബ്ധിയുടെ വാര്‍ത്തയറിഞ്ഞ് നാദിയ വാഷിങ്ടണില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് സ്ത്രീകള്‍ അവര്‍ക്കുണ്ടായ അനുഭവങ്ങള്‍ തുറന്നുപറയണമെന്നാണ്. തങ്ങള്‍ നേരിട്ട പീഡനങ്ങള്‍, അനുഭവങ്ങള്‍ തുറന്നുപറയുമ്പോള്‍ ഇരകള്‍ക്കു സുരക്ഷിതത്വം അനുഭവപ്പെടുമെന്നും അവര്‍ വ്യക്തമാക്കി.

 

അത്ഭുത ഡോക്ടര്‍ മുക്‌വേഗ്

വികസിത രാജ്യങ്ങള്‍ നിയന്ത്രിക്കുന്ന ലോകമാധ്യമങ്ങളില്‍ അത്രയ്ക്കു പ്രാധാന്യം ലഭിക്കാത്ത മേഖലയാണ് ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍. ദാരിദ്ര്യത്തിന്റെ എല്ലുന്തിയ അസ്ഥിക്കോലങ്ങളുടെ വേദനകളും ദുഃഖങ്ങളുമാണ് ആ രാഷ്ട്രങ്ങള്‍ ഇപ്പോഴും എപ്പോഴും വിളിച്ചുപറയുന്നത്. സംഘര്‍ഷങ്ങളുടെ വെടിയൊച്ചകളും മുറിവേറ്റവരുടെ ആര്‍ത്തനാദങ്ങളുമാണ് അവിടെനിന്നു പതിവായി ഉയരാറുള്ളത്.
ഇതിനിടെയാണ് നൊബേല്‍ പുരസ്‌കാരത്തിനു പത്തരമാറ്റേകി നാദിയ മുറാദിനൊപ്പം കോംഗോക്കാരനായ ഡോ. ഡെന്നിസ് മുക്‌വേഗിനെയും ലോകം അംഗീകരിക്കുന്നത്. ലോകജനസംഖ്യയില്‍ ഭൂരിപക്ഷം പേരും ഈ പേര് കേള്‍ക്കുന്നത് ആദ്യമായിട്ടായിരിക്കാം. എന്നാല്‍, കോംഗോക്കാര്‍ക്ക് ഇദ്ദേഹം ഏറെ സുപരിചിതനായ 'അത്ഭുത ഡോക്ടറാ'ണ്. 63കാരനായ ഈ ഗൈനക്കോളജിസ്റ്റ് ആഭ്യന്തരയുദ്ധങ്ങള്‍ക്കിടെ ലൈംഗിക പീഡനങ്ങളാല്‍ പിച്ചിച്ചീന്തപ്പെട്ട പതിനായിരക്കണക്കിനു സ്ത്രീജന്മങ്ങള്‍ക്കാണു പുതുജീവന്‍ പകര്‍ന്നത്.
കോംഗോയിലെ ബുകാവോ നഗരത്തില്‍ 20 വര്‍ഷങ്ങള്‍ക്കുമുന്‍പ് സ്ഥാപിച്ച പാന്‍സി ആശുപത്രിയില്‍ മാത്രമായി, ലൈംഗിക പീഡനങ്ങളേറ്റ 30,000 പേരെയാണ് മുക്‌വേഗ് ചികിത്സിച്ചു സാധാരണ ജീവിതത്തിലേക്കു തിരികെക്കൊണ്ടുവന്നത്. 1998ല്‍ ഒരു ടെന്റില്‍ ആരംഭിച്ചതായിരുന്നു ഈ ആശുപത്രി. താല്‍ക്കാലിക വാര്‍ഡുകളും തിയറ്ററുകളുമാണ് അന്നുണ്ടായിരുന്നത്. എന്നാല്‍ ആഭ്യന്തരയുദ്ധത്തില്‍ ഈ സൗകര്യങ്ങളും പൂര്‍ണമായി നശിപ്പിക്കപ്പെട്ടു. അങ്ങനെ 1999ല്‍ ആശുപത്രി ചെറിയ സൗകര്യത്തോടെ അവിടെ തന്നെ പുനര്‍നിര്‍മിക്കപ്പെട്ടു. തുടര്‍ന്ന് ലൈംഗിക അതിക്രമങ്ങള്‍ ഇല്ലാതാക്കാനായി ആശുപത്രിയിലും അല്ലാതെയും നടത്തിയ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് സ്വീഡിഷ് അക്കാദമി മുക്‌വേഗിനെ നൊബേലിനു തിരഞ്ഞെടുത്തത്.
1955 മാര്‍ച്ച് ഒന്നിന് കോംഗോയിലെ ബുകാവുയിലായിരുന്നു മുക്‌വേഗിന്റെ ജനനം. ഡോക്ടറായ പിതാവില്‍നിന്നുള്ള പ്രചോദനമുള്‍ക്കൊണ്ടാണ് മുക്‌വേഗും അതേ തൊഴിലിലേക്ക് ു തിരിയുന്നത്. ലൈംഗികാതിക്രമത്തിന് ഇരയായ ശാരീരികമായി തകര്‍ന്നവരെ ചികിത്സിക്കുന്നതിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
കോംഗോയിലെ സംഘര്‍ഷങ്ങള്‍ പ്രദേശങ്ങള്‍ വെട്ടിപ്പിടിക്കാനല്ല, സാമ്പത്തിക ലാഭത്തിനാണെന്നും അതിന് ഇരയാവുന്നത് കോംഗോ വനിതകളാണെന്നും ഡെന്നിസ് മുക്‌വേഗ് ബി.ബി.സിക്ക് അനുവദിച്ച ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. മാനഭംഗത്തെ യുദ്ധോപകരണമായി മാറ്റുന്നത് ബോംബുകളെക്കാള്‍ ശക്തമാണെന്ന് മുക്‌വേഗ് പലപ്പോഴും പറയാറുണ്ട്. ഇതു രോഗങ്ങള്‍ പടര്‍ത്തും. കുടുംബങ്ങളുടെയും സമൂഹത്തിന്റെയും നിലനില്‍പ്പിനെ അവതാളത്തിലാക്കും. ആര്‍ക്കും വേണ്ടാത്ത ഒരു തലമുറയെ ഈ മാനഭംഗങ്ങള്‍ സൃഷ്ടിക്കും. മരണത്തിനുതുല്യമായ ജീവിതമായിരിക്കും ഇവരുടേതെന്ന് മുക്‌വേഗ് വിലയിരുത്തുന്നുണ്ട്. അതുകൊണ്ടൊക്കെയാണ് അദ്ദേഹം ഇത്തരമൊരു ദൗത്യത്തിന് ഇറങ്ങിപ്പുറപ്പെട്ടത്.
2012ല്‍ യു.എന്നില്‍ നടത്തിയ പ്രസംഗത്തില്‍ കോംഗോ പ്രസിഡന്റ് ജോസഫ് കാബിലയെ വിമര്‍ശിച്ചതിനാല്‍ മുക്‌വേഗിന്റെ വീടിനുനേര്‍ക്ക് ആക്രമണമുണ്ടായി. മകളെ ബന്ദിയാക്കുകയും ചെയ്തു. സംഭവത്തിനുശേഷം കുടുംബസമേതം സ്വീഡനിലേക്കും അവിടെനിന്ന് ബെല്‍ജിയത്തിലേക്കും താമസം മാറ്റി. എന്നാല്‍ സ്വന്തം രാജ്യത്തെ മുറിവേറ്റവരുടെ കണ്ണീരും വേദനകളും 2013ല്‍ കോംഗോയിലേക്ക് തന്നെ അദ്ദേഹത്തെ മടക്കിക്കൊണ്ടുവന്നു. മുക്‌വേഗിന്റെ മടക്കത്തിനുള്ള വിമാന ടിക്കറ്റിനുള്ള തുക കോംഗോയിലെ വനിതകള്‍ പിരിവെടുത്താണു നല്‍കിയത്. ഈ സ്‌നഹത്തിനുമുന്നില്‍ അദ്ദേഹത്തിന് നോ പറയാന്‍ കഴിഞ്ഞില്ല.
സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിക്കുമ്പോള്‍ താന്‍ ആശുപത്രിയില്‍ ഓപറേഷന്‍ തിയറ്ററിലായിരുന്നുവെന്നും ജനങ്ങള്‍ സന്തോഷത്താല്‍ കരയുന്നതു കേട്ടെന്നും മുക്‌വേഗ് മാധ്യമങ്ങളോട് പറയുകയുണ്ടായി. ആ ജനതയെ ഈ മനുഷ്യന്‍ അത്രയ്ക്കും സ്വാധീനിച്ചിട്ടുണ്ടെന്നതിന് ഇതില്‍പരം വേറെന്തു തെളിവു വേണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  13 minutes ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  21 minutes ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  25 minutes ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  32 minutes ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  an hour ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  an hour ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  2 hours ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  2 hours ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  3 hours ago