പനിയില്‍ വിറച്ച് ഗ്രാമീണ മേഖല; ആരോഗ്യവകുപ്പിന് മൗനം
പൂച്ചാക്കല്‍: മഴക്കാലം തുടങ്ങിയതോടെ ഗ്രാമീണ മേഖലകളില്‍ പനി പടരുന്നു. എന്നാല്‍ ആരോഗ്യവകുപ്പും പഞ്ചായത്തുകളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നില്ലെന്ന് ആക്ഷേപം.
കൊതുക്ജന്യ രോഗങ്ങളും ജലജന്യരോഗങ്ങളും പ്രദേശത്ത് പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ട്. മഴക്കാല പൂര്‍വ്വ ശുചീകരണം കാര്യക്ഷമമായി നടക്കാതിരുന്നത് മേഖലയെ പകര്‍ച്ചവ്യാധി ഭീഷണിയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം എച്ച്1 എന്‍1 പനി ബാധിച്ച് പള്ളിപ്പുറത്ത് ഒരാള്‍ മരിച്ചിരുന്നു. ഡെങ്കിപ്പനി ചിക്കന്‍പോക്‌സ് തുടങ്ങിയവയും മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും ഗ്രാമ പഞ്ചായത്ത് പരിധികളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതിരുന്നതാണ് സ്ഥിതി വഷളാക്കിയത്.
ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ക്ക് ആവശ്യമായ പരിശീലനങ്ങള്‍ നേരത്തെ നല്‍കിയിരുന്നു. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളും തുടങ്ങിയതാണ്. ഇതിനായി ഗ്രാമപഞ്ചായത്തുകള്‍ക്ക് ഫണ്ട് അനുവദിച്ചിരുന്നു.
അരൂക്കുറ്റി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് കീഴിലാണ് തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം, പാണാവള്ളി, പെരുമ്പളം എന്നീ ആരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ പൊതു ജനങ്ങള്‍ക്കുള്ള ബോധവല്‍കരണ പരിപാടികള്‍ പോലും അവതാളത്തിലാണ്. ചതുപ്പ് പ്രദേശങ്ങള്‍ ധാരാളമുള്ള പാണാവള്ളി തൈക്കാട്ടുശ്ശേരി മേഖലയിലാണ് കൊതുകിന്റെ സാന്ദ്രത ക്രമാതീതമായി വര്‍ധിച്ചത്. ക്യൂലക്‌സ് വര്‍ഗത്തിലെ കൊതുകുകളാണ് രാവും പകലും ജനങ്ങളെ ആക്രമിക്കുന്നത്.
പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ റോഡരികിലും മറ്റും അലക്ഷ്യമായി വന്‍ തോതില്‍ തള്ളുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."