ശബരിമല: സമരങ്ങള്‍ കോടതിയലക്ഷ്യമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ
കോട്ടയം: ശബരിമലയുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയുടെ പേരില്‍ ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ കോടതിയലക്ഷ്യമെന്ന് ജസ്റ്റിസ് ബി. കെമാല്‍ പാഷ. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കിയ രാഷ്ട്രീയപാര്‍ട്ടികളുടെ ലക്ഷ്യം വോട്ട് ബാങ്കാണ്. സുപ്രിംകോടതി വിധി തെറ്റാണെന്ന് പറയാന്‍ കഴിയില്ല.
ഏതെങ്കിലും പൊതുസ്ഥലത്ത് ലിംഗവിവേചനമുണ്ടെന്ന പരാതി ലഭിച്ചാല്‍ ഇത്തരത്തിലല്ലാതെ മറ്റൊരു തീരുമാനമെടുക്കാന്‍ കോടതിക്കാവില്ല. ശബരിമലയില്‍ പോകണോ വേണ്ടയോ എന്ന് ഭക്തരായ സ്ത്രീകള്‍ തന്നെ തീരുമാനിക്കണം.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരം ലംഘിച്ച് ശബരിമലയില്‍ പോകുന്നതില്‍ സ്വയം തീരുമാനത്തിലെത്താനാകും. അല്ലാതെ തെരുവിലിറങ്ങുകയല്ല വേണ്ടത്. സമരത്തിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്ന പലരും ശുദ്ധവിവരക്കേടാണ് പറയുന്നത്.
സുപ്രിംകോടതിയുടെ തീരുമാനം പൊടുന്നനെയുണ്ടായതാണെന്ന് പറയാനാവില്ല. കേസില്‍ വര്‍ഷങ്ങളോളം വാദം കേട്ടശേഷമാണ് വിധി പറഞ്ഞത്. ഭരണഘടനാപരമായ പ്രശ്‌നമുണ്ടെങ്കില്‍ സുപ്രിംകോടതി അത് നോക്കുമായിരുന്നു.
ഈ വിഷയം കോടതിയില്‍ വരേണ്ടിയിരുന്നോ എന്നതാണ് പരിശോധിക്കേണ്ടത്. സ്ത്രീപ്രവേശന വിഷയത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അനുകൂല നിലപാടാണ് സ്വീകരിച്ചത്. അയ്യപ്പന്‍മാര്‍ റിലീജ്യസ് ഗ്രൂപ്പാണോ എന്ന രീതിയിലാണ് ചര്‍ച്ച. ക്രൈസ്തവ സഭയിലെ മാര്‍ത്തോമ്മാ, ഓര്‍ത്തഡോക്‌സ് എന്നതുപോലെ ഒരു റിലീജ്യസ് ഡിനോമിനേഷനാണ് അയ്യപ്പനെന്ന വാദം അനുച്ഛേദം 26 പ്രകാരം നിലനില്‍ക്കില്ലെന്നാണ് കോടതി കണ്ടെത്തിയത്.
കോടതിയില്‍ സ്ത്രീപ്രവേശനത്തെ പിന്തുണച്ച ശേഷം ഇപ്പോള്‍ തെരുവില്‍ സമരം ചെയ്യുകയാണ്. ഇത് ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാനുള്ള തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ്. ശബരിമലയിലേത് മതപരമായ അനുഷ്ഠാനമാണെന്നും അതില്‍ മാറ്റംവരുത്താനാവില്ലെന്നുമാണ് കോടതിയില്‍ വാദിക്കേണ്ടിയിരുന്നത്. സുപ്രിംകോടതിയില്‍ പറയേണ്ടത് പറയാതെ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ആളുകളാണ് തെരുവില്‍ സമരം ചെയ്യുന്നത്. ഇക്കാര്യത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കാനാവില്ല.
റിവ്യൂ ഹരജി നല്‍കിയതുകൊണ്ടും പ്രയോജനമുണ്ടാകില്ല. രാജ്യത്ത് ഒട്ടേറെ അടിസ്ഥാനപ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ അവയ്ക്കു പരിഹാരം കാണാതെ കോടതികളുടെ സമയവും പൊതുപണവും ഇത്തരം കേസുകള്‍ക്കായി ചെലവഴിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."