യൂനിവേഴ്സിറ്റി കോളജ് വധശ്രമം: 11 പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടിസ്
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഖിലിനെ കുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളായ എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരേ പൊലിസ് ലുക്ക്ഔട്ട് നോട്ടിസ് ഇറക്കി.
11 പേര്‍ക്കെതിരേയാണ് ഇന്നലെ ലുക്കൗട്ട് നോട്ടിസ് ഇറക്കിയിരിക്കുന്നത്. പി.എസ്.സി പരീക്ഷാ തട്ടിപ്പിലെ പ്രതിയായ പ്രണവിനെ കൂടാതെ, അരുണ്‍കുമാര്‍, മുഹമ്മദ് അസ്ലം, ഹരീഷ്, അമര്‍, നസീം, രഞ്ജിത്ത് ഭാസ്കര്‍, മുഹമ്മദ് ഇബ്രാഹിം, നന്ദകിഷോര്‍, നിഥിന്, ഹൈദര്‍ ഷാനവാസ് എന്നിവര്‍ക്കായാണു തിരച്ചില്‍ നോട്ടിസ് ഇറക്കിയത്. 19 പ്രതികളുള്ള കത്തിക്കുത്ത് കേസില്‍ എട്ട് പേരാണ് ഇതു വരെ പിടിയിലായത്. കേസിലെ ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്തും നസീമും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ പൊലിസ് നേരത്തെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും തൊട്ടുപിന്നാലെ ഇവര്‍ പിടിയിലാകുകയും ചെയ്തിരുന്നു.
ഇവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. എന്നാല്‍ കേസിലെ ബാക്കി പ്രതികളെ പൊലിസ് പിടികൂടാതിരിക്കുന്നതിനെതിരേ ആക്ഷേപമുയര്‍ന്നിരുന്നു. പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതിനെ തുടര്‍ന്നാണ് പ്രണവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ഇന്നലെ പൊലിസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."