പി.എസ്.സി ചോദ്യപേപ്പര്‍ ചോര്‍ന്നത് യൂനിവേഴ്‌സിറ്റി കോളജില്‍നിന്ന്
ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
തിരുവനന്തപുരം: പി.എസ്.സിയുടെ പൊലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നത് യൂനിവേഴ്‌സിറ്റി കോളജില്‍ നിന്നാണെന്ന് സൂചന. ചോദ്യ പേപ്പര്‍ ചോര്‍ത്തിയത് കോളജിലെ ജീവനക്കാരെന്ന് പൊലിസിന് വിവരം ലഭിച്ചു. യൂനിവേഴ്‌സിറ്റി കോളജിലെ കുത്തുകേസ് സംഭവത്തിലെ പ്രതികളായ ശിവരഞ്ജിത്തും നസീമും പ്രണവും ആസൂത്രണം നടത്തിയെന്നാണ് പൊലിസ് കരുതുന്നത്. ചോദ്യപേപ്പര്‍ യൂനിവേഴ്‌സിറ്റി കോളജിലെ പരീക്ഷാ സെന്ററില്‍നിന്ന് കടത്തിയ കോളജ് ജീവനക്കാരന്‍ ഗോകുലിന്റെയും സഫീറിന്റെയും കൈയില്‍ നല്‍കുകയായിരുന്നു എന്നാണ് വിവരം. ഇരുവരും പ്രണവിന്റെ സുഹൃത്തുക്കളാണ്. തുടര്‍ന്ന് സഫീറും ഗോകുലും അടുത്ത സംസ്‌കൃത കോളജ് കാംപസില്‍ ഇരുന്നാണ് ശിവരഞ്ജിത്തിന്റെയും പ്രണവിന്റെയും ഫോണുകളില്‍ ഉത്തരങ്ങള്‍ എസ്.എം.എസായി അയച്ചത്.
ഇരുവരുടെയും ഫോണുകള്‍ പാളയം ടവര്‍ ലൊക്കേഷന് കീഴിലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രണവും ശിവരഞ്ജിത്തും ഒരേ സമയത്താണ് പരീക്ഷയ്ക്ക് അപേക്ഷിച്ചതെന്ന് നേരത്തെ പി.എസ്.സി വിജിലന്‍സ് വിഭാഗം കണ്ടെത്തിയിരുന്നു. പുലര്‍ച്ചെ രണ്ട് മണി 13 മിനുട്ട് 44 സെക്കന്‍ഡിലാണ് ഇരുവരുടെയും അപേക്ഷ പി.എസ്.സിയുടെ സെര്‍വറിലെത്തിയത്.
രണ്ട് മൊബൈലുകളില്‍ അപേക്ഷ തയാറാക്കി ഒരേസമയം അയക്കുകയായിരുന്നു. ഒരേ പരീക്ഷാകേന്ദ്രവും അടുത്തടുത്ത രജിസ്റ്റര്‍ നമ്പറും കിട്ടാനായിരുന്നു ഇത്. രണ്ടുപേരുടെയും അപേക്ഷ അയച്ചത് പ്രണവാണ്. 28ാം റാങ്കുകാരനായ നസീം രണ്ട് പ്രൊഫൈലുകളുണ്ടാക്കിയെന്നും ഇതിലൊന്നു മാത്രമാണ് സെര്‍വറിലേക്ക് അയച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
അതിനിടെ പി.എസ്.സി പരീക്ഷാ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഐ.ജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂനിറ്റാണ് അന്വേഷണം നടത്തുന്നത്. പി.എസ്.സി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
സൈബര്‍ സെല്ലില്‍നിന്ന് അന്വേഷണസംഘം എസ്.എം.എസുകളുടെ വിശദാംശങ്ങള്‍ ശേഖരിക്കും. യൂനിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്ത് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ശിവരഞ്ജിത്തിനെയും നസീമിനെയും ചോദ്യം ചെയ്യാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, കത്തിക്കുത്ത് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ശിവരഞ്ജിത്തിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് തള്ളി. പ്രതികള്‍ പുറത്തു പോയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദത്തെ തുടര്‍ന്നാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."