റസിഡന്‍ഷ്യല്‍ സ്‌കൂളും ഹോസ്റ്റലും അടച്ചുപൂട്ടിയ നടപടി പിന്‍വലിക്കണമെന്ന്
വടകര : അഴിയൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന പട്ടികജാതി-പട്ടികവര്‍ഗ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളും ഹോസ്റ്റലും അടച്ചുപൂട്ടിയ നടപടി പിന്‍വലിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
ജൂണ്‍ ഒന്നിന് സ്‌കൂള്‍ അടച്ചുപൂട്ടിയ നടപടിക്ക് എതിരേ യോഗത്തില്‍ ജനപ്രതിനിധികളും സമിതിയംഗങ്ങളും രൂക്ഷ വിമര്‍ശനമുയര്‍ത്തി. പ്രശ്‌നം വകുപ്പ് മന്ത്രിയുടെയും പട്ടികജാതി വകുപ്പ് ഡയറക്ടറുടെയും ശ്രദ്ധയില്‍പെടുത്താന്‍ യോഗത്തില്‍ തീരുമാനിച്ചു.
ഈ സ്‌കൂളിന് സ്ഥിരം സംവിധാനമായി മരുതോങ്കരയിലെ കോതോട് കെട്ടിട നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്നും ആവശ്യമുയര്‍ന്നു. കുന്നുമ്മല്‍ എ.ഇ.ഒ ഓഫിസ് കുറ്റ്യാടി ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലെ മൊകേരിയിലെ 15 സെന്റ് സ്ഥലത്തേക്ക് മാറ്റണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
താലൂക്ക് വികസന സമിതി യോഗത്തില്‍ നിന്ന് ലഭിക്കുന്ന പരാതികള്‍ക്ക് റൂറല്‍ എസ്.പി ഓഫിസില്‍ നിന്ന് മറുപടികള്‍ ലഭിക്കുന്നില്ലെന്ന് യോഗത്തില്‍ പരാതി ഉയര്‍ന്നു. ഓട്ടോറിക്ഷകളിലും ജീപ്പുകളിലും സുരക്ഷാ മാനദണ്ഡങ്ങള്‍ മറികടന്ന് കുട്ടികളെ കയറ്റുന്നതായും ഇത്തരം വാഹനങ്ങള്‍ക്ക് എതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ യോഗത്തില്‍ പറഞ്ഞു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്തംഗങ്ങളായ ടി.കെ രാജന്‍, എ.ടി ശ്രീധരന്‍, സമിതിയംഗങ്ങളായി ആര്‍. ഗോപാലന്‍, പ്രദീപ് ചോമ്പാല, പി. സുരേഷ് ബാബു, പി.എം അശോകന്‍, സി.കെ കരീം, ഇ.എം ബാലകൃഷ്ണന്‍, ടി.വി ബാലകൃഷ്ണന്‍, കളത്തില്‍ ബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."