പ്രളയം; നഷ്ടം ലോകബാങ്ക് വിലയിരുത്തിയതിനേക്കാള്‍ കൂടുതല്‍: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയത്തെ തുടര്‍ന്നുണ്ടായ നഷ്ടം ലോകബാങ്കും വിവിധ ഏജന്‍സികളും കണക്കാക്കിയിട്ടുള്ളതിനെക്കാള്‍ വളരെ കൂടുതലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീടുകള്‍ക്കു സംഭവിച്ച നഷ്ടം തന്നെ 2,534 കോടി രൂപ വരും. വീടുകളുടെ പുനര്‍നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി വലിയൊരു തുക ആവശ്യമായിവരും. കുടുംബങ്ങളുടെ ഉപജീവനമാര്‍ഗങ്ങളായിരുന്ന ആട്, പശു, കോഴി തുടങ്ങിയ വളര്‍ത്തു ജീവികളുടെ നഷ്ടവും വലിയൊരു തുകയുടേതാണ്. വിശദമായ റിപ്പോര്‍ട്ടുകള്‍ വരാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത് നഷ്ടത്തിന് തുല്യമായ തുകയല്ല. അതുകൊണ്ടാണ് 500 കോടി രൂപയുടെ സ്‌പെഷല്‍ പാക്കേജ് ആവശ്യപ്പെട്ടത്. വായ്പയെടുത്താലും ആവശ്യത്തിനുള്ള തുക കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടാണ് പൊതുസംഭാവനകള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചത്. വിദേശ രാജ്യങ്ങളില്‍നിന്ന് സംഭാവനകള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന്റേത് പഴയ നിലപാടുതന്നെയാണ്. എന്നാല്‍ വിവിധ രാജ്യങ്ങളിലെ മലയാളികളില്‍നിന്ന് ധനസഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നറിയിച്ചിട്ടുണ്ട്. കേരളത്തെ സ്‌നേഹിക്കുന്ന എല്ലാ പ്രവാസികളില്‍നിന്നും കഴിയുന്നത്ര വിഭവസമാഹരണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."