മഞ്ചേശ്വരത്ത് യുവാവിന് വെടിയേറ്റു; പിന്നില്‍ ഗുണ്ടാ സംഘമെന്ന് സൂചന
ഉപ്പള (കാസര്‍കോട്): മഞ്ചേശ്വരത്ത് യുവാവിന് അജ്ഞാതസംഘത്തിന്റെ വെടിയേറ്റു. ബദിയഡുക്ക ചര്‍ലടുക്ക ഗോളിയടിയിലെ അബ്ദുല്ലയുടെ മകന്‍ സിറാജുദ്ദീ(40)നാണ് വെടിയേറ്റത്.
കഴിഞ്ഞ ദിവസം രാത്രി മഞ്ചേശ്വരം ഹൊസങ്കടിയിലാണ് സംഭവം. വെടിവച്ചത് ഗുണ്ടാ സംഘമാണെന്നാണ് സൂചന. വെടിയേറ്റ സിറാജുദ്ദീനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഒരു സംഘം ആളുകള്‍ എത്തിച്ചിരുന്നു. ഇവര്‍ പിന്നീട് ആശുപത്രിയില്‍നിന്ന് രക്ഷപ്പെട്ടു. ഇതോടെ വെടിവച്ചവര്‍ തന്നെയാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചതെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.
അതിനിടെ സിറാജുദ്ദീന്‍ സഞ്ചരിച്ച കാര്‍ രാത്രി ഒന്‍പതോടെ മംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്കുള്ള ദേശീയപാതയിലുള്ള തലപ്പാടി ടോള്‍ ബൂത്ത് കടന്ന് ഹൊസങ്കടി ഭാഗത്തേക്ക് പോയതായി പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
ഇതോടെ കാറിനെ പിന്തുടര്‍ന്നെത്തിയ സംഘമായിരിക്കും സിറാജുദ്ദീന് നേരെ വെടിയുതിര്‍ത്തതെന്നാണ് പൊലിസ് സംശയിക്കുന്നത്. സിറാജുദ്ദീന്റെ കഴുത്തിനാണ് വെടിയേറ്റത്. ഇയാളുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗളൂരുവില്‍ നിന്ന് സിറാജുദ്ദീനെ എറണാകുളത്തെ അമൃത ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കാസര്‍കോട്ടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ഗുണ്ടാ - മാഫിയ വിളയാട്ടം വളരെ അധികരിച്ചിട്ടും പൊലിസിനു ഇത് നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈയടുത്തായി ഒട്ടനവധി തട്ടിക്കൊണ്ടു പോകലുകളും ഇവിടങ്ങളില്‍ അരങ്ങേറിയിരുന്നു.
ക്വട്ടേഷന്‍ സംഘങ്ങള്‍ ആള് മാറി യുവാക്കളെയും വിദ്യാര്‍ഥികളെയും വരെ തട്ടിക്കൊണ്ടു പോവുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്ത സംഭവങ്ങളും അടിക്കടി നടന്നു വരുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം രാത്രി യുവാവിനെ വെടിവച്ചു പരുക്കേല്‍പ്പിച്ചത്.
സംഭവത്തില്‍ മഞ്ചേശ്വരം പൊലിസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു.
ഗുണ്ടാ അക്രമങ്ങളും അധോലോക സംഘങ്ങളുടെ സംഘട്ടനങ്ങളും പതിവായിരിക്കുന്ന അതിര്‍ത്തിയിലെ ഗ്രാമപ്രദേശങ്ങളില്‍ പുറത്തിറങ്ങാന്‍ പോലും ആളുകള്‍ ഭയപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."