ചെന്നിത്തലയോട് മിണ്ടാതെ മാണി; ബി.ജെ.പിയുമായി ആശയവിനിമയം
തിരുവനന്തപുരം: യു.ഡി.എഫുമായി ഇടഞ്ഞുനില്‍ക്കുന്ന കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണിയെ അനുനയിപ്പിക്കാന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തിയ ശ്രമം വിജയിച്ചില്ല. ചെന്നിത്തല മാണിയെ ഫോണില്‍ വിളിച്ചെങ്കിലും അദ്ദേഹം സംസാരിക്കാന്‍ തയാറായില്ല. അതിനിടെ മാണിയെ എന്‍.ഡി.എയിലേക്കു കൊണ്ടുവരാനുള്ള ശ്രമം ബി.ജെ.പി നേതൃത്വം ഊര്‍ജിതമാക്കിയിട്ടുണ്ട്.
യു.ഡി.എഫ് വിട്ട് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനൊരുങ്ങുന്ന കേരള കോണ്‍ഗ്രസ് അതിനു പ്രധാനകാരണമായി ഉന്നയിക്കുന്നത് ചെന്നിത്തലയുടെ സമീപനമാണ്. ബാര്‍ കോഴക്കേസില്‍ തനിക്കെതിരേ ഗൂഢാലോചന നടത്തിയത് ചെന്നിത്തലയാണെന്നാണ് മാണിയുടെ ആരോപണം. കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടി മാണിയെ കണ്ടു സംസാരിച്ചിരുന്നു. മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും മാണിയുമായി ഫോണില്‍ സംസാരിച്ചു. എന്നിട്ടും മാണിയെ അനുനയിപ്പിക്കാനാവാതെവന്ന സാഹചര്യത്തിലാണ് ചെന്നിത്തല നേരിട്ട് മാണിയുമായി സംസാരിച്ച് മഞ്ഞുരുക്കത്തിനുള്ള ശ്രമമാരംഭിച്ചത്. ചെന്നിത്തല ഫോണില്‍ വിളിച്ചപ്പോള്‍ പിന്നീടു സംസാരിക്കാമെന്നു പറഞ്ഞ് ഫോണ്‍ വയ്ക്കുകയായിരുന്നു മാണി.
ഈ സാഹചര്യം മുതലെടുത്ത് മാണിയെ എന്‍.ഡി.എയിലേക്കു കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് ബി.ജെ.പി. സംസ്ഥാന നേതാക്കള്‍ മാണിയുമായി ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണ്. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് ഇതിനുള്ള നീക്കങ്ങള്‍ നടക്കുന്നത്. രാധാകൃഷ്ണനടക്കമുള്ള നേതാക്കള്‍ മാണിയുമായി പലതവണ സംസാരിച്ചു. മകന്‍ ജോസ് കെ. മാണിക്ക് കേന്ദ്ര സഹമന്ത്രി പദമുള്‍പെടെയുള്ള വാഗ്ദാനങ്ങളുമായാണ് മാണിയെ കൂടെനിര്‍ത്താന്‍ ബി.ജെ.പി ശ്രമിക്കുന്നത്. ഒരു രൂപതാ മെത്രാനടക്കം ക്രൈസ്തവ സഭകളുടെ ചില പ്രമുഖരുടെ ആശീര്‍വാദം ഈ നീക്കത്തിനുണ്ടെന്ന് അറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."