നടപടിയില്‍ അനിശ്ചിതത്വം; ശശിക്കെതിരായ പരാതി ഇന്നലെയും ചര്‍ച്ച ചെയ്തില്ല
തിരുവനന്തപുരം: ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരേ ഡിവൈ.എഫ്.ഐ വനിതാ നേതാവ് നല്‍കിയ പീഡന പരാതി അന്വേഷിച്ച പാര്‍ട്ടി കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍മേലുള്ള നടപടിയില്‍ അനിശ്ചിതത്വം തുടരുന്നു.
സംസ്ഥാന സെക്രട്ടേറിയറ്റിനു പിന്നാലെ ഇന്നലെ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലും വിഷയം ചര്‍ച്ച ചെയ്തില്ല. അന്വേഷണ കമ്മിഷന്‍ അംഗങ്ങള്‍ റിപ്പോര്‍ട്ട് പൂര്‍ത്തിയായിട്ടില്ലെന്ന് സെക്രട്ടേറിയറ്റ് യോഗത്തെ അറിയിച്ചിരുന്നു. അതിനാലാണ് ഇന്നലെ ചേര്‍ന്ന സംസ്ഥാന സമിതി യോഗം വിഷയം പരിഗണിക്കാതിരുന്നത്. പെണ്‍കുട്ടി നല്‍കിയ പരാതിക്കു പിന്നില്‍ പാലക്കാട്ടെ ചില നേതാക്കളുടെ ഗൂഢാലോചനയുണ്ടെന്നും അതുകൂടി അന്വേഷിക്കണമെന്നും കമ്മിഷന്‍ അംഗങ്ങളായ എ.കെ ബാലനോടും പി.കെ ശ്രീമതിയോടും ശശി ആവശ്യപ്പെട്ടിരുന്നു. പരാതിക്കു പിന്നിലെ ഗൂഢാലോചനാവശം കൂടി അന്വേഷിക്കുന്നതിന്റെ ഭാഗമായി ചില പ്രാദേശിക നേതാക്കളുടെ മൊഴികൂടി ശേഖരിക്കണമെന്നാണു കമ്മിഷന്റെ നിലപാട്. അതിനാലാണ് അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ വൈകുന്നതെന്നാണ് വിവരം. പരാതിയിന്‍മേല്‍ നടപടി വൈകുന്നതോടെ സമയബന്ധിത നടപടി എന്ന പാര്‍ട്ടി പ്രഖ്യാപനം ഇല്ലാതാവുകയാണ്.
അതേസമയം, ഇന്നലെ ചേര്‍ന്ന സംസ്ഥാന സമിതിയില്‍ ശബരിമല വിഷയത്തില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട നടപടി സംബന്ധിച്ചു സുദീര്‍ഘമായ ചര്‍ച്ച നടന്നു. വിഷയത്തില്‍ വര്‍ഗീയ ചേരിതിരവുണ്ടാക്കാനുള്ള ബി.ജെ.പി, ആര്‍.എസ്.എസ് ശ്രമത്തിനു കോണ്‍ഗ്രസ് പിന്തുണ നല്‍കുന്ന കാര്യം പൊതുജനമധ്യത്തില്‍ വ്യക്തമാക്കണം. സുപ്രിംകോടതി വിധിയുടെ ഉത്തരവാദിത്വം കെട്ടിവച്ചു സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ഇക്കൂട്ടരുടെ ശ്രമം. ഇതിന്റെ ഭാഗമായി ഇന്ന് എല്ലാ ജില്ലകളിലും പ്രവര്‍ത്തക യോഗങ്ങള്‍ നടത്തും. ബ്രാഞ്ച് സെക്രട്ടറിമാര്‍ മുതല്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍വരെ ഈ യോഗങ്ങളില്‍ പങ്കെടുക്കും. എല്ലാ ജില്ലകളിലും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങള്‍ റിപ്പോര്‍ട്ടിങ് നടത്തും. തിരുവനന്തപുരം ജില്ലയില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആയിരിക്കും റിപ്പോര്‍ട്ടിങ് നടത്തുന്നത്. നാളെ മുതല്‍ തുടര്‍ച്ചയായ മൂന്ന് ദിവസം എല്ലാ ജില്ലകളിലും ഏരിയകള്‍ കേന്ദ്രീകരിച്ച് ജനറല്‍ബോഡി യോഗങ്ങള്‍ വിളിക്കും. വര്‍ഗ, ബഹുജന സംഘടനകളെ അണിനിരത്തിയുള്ള വിപുലമായ വിശദീകരണ യോഗങ്ങളും സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."