'തീര്‍ഥം' പദ്ധതി ജനങ്ങളിലേക്ക് ഇരുപത് രൂപക്ക് 20 ലിറ്റര്‍ കുടിവെള്ളം
കോഴിക്കോട്: ശുദ്ധജലത്തിനും കുടിവെള്ളത്തിനുമായി സ്വകാര്യ ഏജന്‍സികളെയും കുപ്പിവെള്ളത്തെയും ആശ്രയിക്കുന്ന നഗരവാസികളുടെ ശീലം ഇനി പഴങ്കഥയാകും.
ഇരുപത് രൂപക്ക് 20 ലിറ്റര്‍ കുടിവെള്ളം ലഭ്യമാക്കുന്ന 'തീര്‍ഥം' പദ്ധതി യാഥാര്‍ഥ്യമായതോടെ നഗരത്തിലെ കുടിവെള്ള ക്ഷാമത്തിനും ജലസ്രോതസുകള്‍ കച്ചവടച്ചരക്കാക്കുന്ന സ്വകാര്യ കമ്പനികള്‍ക്കുമെതിരേയുള്ള ശക്തമായ നീക്കത്തിനുമാണ് തുടക്കമാകുന്നത്. പഴയ കോര്‍പറേഷന്‍ ഓഫിസ് കെട്ടിട പരിസരത്ത് സ്ഥാപിച്ച പദ്ധതിയുടെ പ്രഥമ വാട്ടര്‍ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ സ്വിച്ച് ഓണ്‍ കര്‍മം തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിച്ചു.
കോഴിക്കോട് കോര്‍പറേഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി ജനങ്ങളിലേക്കെത്തിക്കുന്ന ശുദ്ധജലം പുണ്യതീര്‍ഥമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ശുദ്ധജലത്തിന്റെ ദൗര്‍ലഭ്യം ഇന്നു ലോകരാജ്യങ്ങള്‍ തന്നെ നേരിടുന്ന പ്രധാന പ്രശ്‌നമാണ്.
ഇനിയൊരു ലോകയുദ്ധമുണ്ടാകുകയാണെങ്കില്‍ അതു ജലത്തിന് വേണ്ടിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോര്‍പറേഷന്റെ സഹായത്തോടെ കുടുംബശ്രീ സി.ഡി.എസാണ് 'തീര്‍ഥം' പദ്ധതിയുട പിന്നില്‍ പ്രവര്‍ത്തിച്ചത്. പ്ലാന്റിന് സമീപത്ത് തന്നെ നിര്‍മിച്ച ചെറിയ കിണറില്‍ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം ശാസ്ത്രീയമായ ക്ലോറിനേഷന് ശേഷം ഡ്യുവല്‍ മീഡിയ, അയേണ്‍ റിമൂവര്‍,അക്ടീവ് കാര്‍ബണ്‍ ഫില്‍ടര്‍ എന്നിവയിലൂടെ കടത്തി രണ്ടു മൈക്രോണ്‍ഫില്‍ടറുകള്‍ വഴി റിവേഴ്‌സ് ഓസ്‌മോസിസ് സാങ്കേതികവിദ്യയിലൂടെ പൂര്‍ണമായി ശുദ്ധീകരിച്ച ശേഷമാണ് സ്റ്റെയിന്‍ലസ് സ്റ്റീല്‍ ടാങ്കുകളില്‍ സംഭരിക്കുക.
നഗരസഭാ പരിധിയിലെ വീടുകളിലാണ് വെള്ളം ലഭ്യമാക്കുക. കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനായ ചടങ്ങില്‍ ഡെ. മേയര്‍ മീര ദര്‍ശക്, കോര്‍പറേഷന്‍ സെക്രട്ടറി ജോഷി മൃണ്‍മയി ശശാങ്ക് ഐ.എ.എസ്, വി. ലത, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.സി രാജന്‍, കെ.വി ബാബുരാജ്, ടി.വി ലളിതപ്രഭ, എം. രാധാകൃഷ്ണന്‍, അനിതാ രാജന്‍, നഗരാസൂത്രണ സമിതി ചെയര്‍മാന്‍ എം.സി അനില്‍ കുമാര്‍, കൗണ്‍സിലര്‍മാരായ സി അബ്ദുറഹ്മാന്‍, പൊറ്റങ്ങാടി കിഷന്‍ചന്ദ്, നമ്പിടി നാരായണന്‍, കുടുംബശ്രീ മെംബര്‍ സെക്രട്ടറി റംസി ഇസ്മാഈല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."