മുതിര്‍ന്നവര്‍ക്ക് മുന്നില്‍ കുട്ടികളുടെ സ്വാതന്ത്ര്യസമര ഏടുകളുടെ ദൃശ്യാവിഷ്‌കാരം
വടകര: ബി.ആര്‍.സി ഒഞ്ചിയം ക്ലസ്റ്ററിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഐതിഹാസിക സംഭവങ്ങള്‍ കോര്‍ത്തിണക്കി ചരിത്ര നാടകോത്സവം സംഘടിപ്പിച്ചു. 13 സ്‌കൂളുകളില്‍നിന്ന് 130 കുട്ടികള്‍ പങ്കെടുത്ത നാടകമത്സരം നാദാപുരം റോഡ് മടിത്തട്ട് പകല്‍വീട്ടിലെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മുന്നിലാണ് അരങ്ങേറിയത്. മത്സരം കൗതുകവും കുട്ടികളുടെ അഭിനയ ചാതുരിയാല്‍ ശ്രദ്ധയൂം പിടിച്ചുപറ്റി.
ഉപ്പുസത്യാഗ്രഹം, ഭഗത് സിങ്ങിന്റെ രക്തസാക്ഷിത്വം, ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല, വാഗണ്‍ ട്രാജഡി, ഗാന്ധിജിയുടെ സമരങ്ങള്‍ എന്നിവയൊക്കെ നാടകങ്ങളില്‍ ചിത്രീകരിക്കപ്പെട്ടു. ചരിത്രമുഹൂര്‍ത്തങ്ങളുടെ പുനരാവിഷ്‌കാരം കൂടിയായി നാടകമത്സരം. പരിപാടിയില്‍ മടിത്തട്ടിലെ മുഴുവന്‍ പ്രവര്‍ത്തകരും ബി.ആര്‍.സിയിലെ അധ്യാപകരും പങ്കെടുത്തു. 13 ലഘുനാടകങ്ങളാണ് അരങ്ങേറിയത്.
മത്സരത്തില്‍ ഒഞ്ചിയം എല്‍.പി സ്‌കൂള്‍ ഒന്നാംസ്ഥാനം നേടി. ഒഞ്ചിയം ധര്‍മ എല്‍.പിക്കാണ് രണ്ടാംസ്ഥാനം. വെള്ളികുളങ്ങര എല്‍.പി മൂന്നാമതെത്തി. വിജയികളായ വിദ്യാലയത്തിനും കുട്ടികള്‍ക്കും സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. മുതിര്‍ന്നവരുടെ അഭയകേന്ദ്രമായ മടിത്തട്ട് ഇത്തരമൊരു പരിപാടിക്ക് വേദിയായതില്‍ മടിത്തട്ട് പ്രവര്‍ത്തകര്‍ അതിയായ സന്തോഷം പ്രകടിപ്പിച്ചു.
നേരത്തെ ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി കവിത നാടക മത്സരം ഉദ്ഘാടനം ചെയ്തു. ശശികല ദിനേഷ് അധ്യക്ഷനായി. സമാപന ചടങ്ങില്‍ വടകര ബി.പി.ഒ വി.വി വിനോദ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."