കനോലി കനാല്‍ ശുചീകരണം അവസാനഘട്ടത്തില്‍
കോഴിക്കോട്: കനോലി കനാല്‍ ശുചീകരണ പ്രവൃത്തികള്‍ അവസാന ഘട്ടത്തില്‍. ഇന്നലെ രാവിലെ മുതല്‍ കുടുംബശ്രീ ഖരമാലിന്യ നിര്‍മാര്‍ജന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇവര്‍ക്കൊപ്പം 650 ശുചീകരണ തൊഴിലാളികള്‍, 200 കോര്‍പറേഷന്‍ ജീവനക്കാര്‍, ഫയര്‍ഫോഴ്‌സ്, കെ.എസ്.ഇ.ബി ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരും ശുചീകരണത്തില്‍ പങ്കാളികളായി.
അതേസമയം ഈ മാസം 28ന് ടെറിട്ടോറിയല്‍ ആര്‍മി, പൊലിസ്, ഫയര്‍ഫോഴ്‌സ് എന്നിവര്‍ സംയുക്തമായി കനോലി കനാല്‍ ശുചീകരണം നടത്താനും തീരുമാനമായിട്ടുണ്ട്. അരയിടത്തുപാലം മുതല്‍ പുതിയറ, പുതിയറ മുതല്‍ കല്ലായ്, കാരപ്പറമ്പ് ചെറിയ പാലം മുതല്‍ കക്കുഴിപാലം, നെല്ലിക്കാപുളി പാലം മുതല്‍ എരഞ്ഞിക്കല്‍ എന്നിങ്ങനെ സെക്ഷനുകളായി തിരിച്ചാണ് കഴിഞ്ഞ ദിവസം ശുചീകരണം നടത്തിയത്. മിനി ബൈപ്പാസില്‍ കെ.ടി.സി പെട്രോള്‍ പമ്പിന് സമീപം രാവിലെ 7.30ന് നടന്ന ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ശുചീകരണം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് അധ്യക്ഷനായി. കോര്‍പറേഷന്‍ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.വി ബാബുരാജ്, മരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ലളിത പ്രഭ, കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫിസര്‍ ഡോ. ആര്‍.എസ് ഗോപകുമാര്‍ സംസാരിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.എം ഗോപാലന്‍, എച്ച്.ഐമാരായ സി.കെ വത്സന്‍, ഇ. ബാബു, കെ. ചന്ദ്രന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
11.2 കിലോമീറ്റര്‍ നീളമുള്ള കനോലി കനാലിലെ പ്രധാനഭാഗങ്ങള്‍ ഇന്നലത്തെ ശുചീകരണത്തോടെ ഏകദേശം പൂര്‍ത്തിയായെന്ന് കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫിസര്‍ ഡോ. ആര്‍.എസ് ഗോപകുമാര്‍ പറഞ്ഞു. റോഡിലെ കാടുകളും പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് നീക്കം ചെയ്തത്. നഗരഹൃദയത്തിലൂടെ ഒഴുകുന്ന കനോലി കനാലിന്റെ പൂര്‍ണ സംരക്ഷണത്തിനായി എല്ലാവരും ഒറ്റമനസോടെ പ്രവര്‍ത്തികുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരള പിറവി ദിനത്തില്‍ കനാല്‍ പൂര്‍ണ്ണമായും ശുചീകരിച്ച് കനോലി പൂരം നടത്താനുള്ള തയാറെടുപ്പിലാണ് ജില്ലാ ഭരണകൂടം. ശുചീകരണം പൂര്‍ത്തിയായ കനാലിലൂടെ ബോട്ട് യാത്ര നടത്തണമെന്നാണ് നിലവില്‍ ഉദ്ദേശിക്കുന്നത്. ഒക്ടോബര്‍ അവസാനത്തോടെ ശുചീകരണം പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ നടന്നുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."