പുണ്യമാസത്തില്‍ ഇലാഹീ പ്രതീക്ഷ കൈവിടരുത്
നന്മകളുടെ വസന്തമാണ് റമദാന്‍. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ പേമാരിയായി വര്‍ഷിക്കുന്ന മഹത്തായ മാസം. അല്ലാഹുവിലേക്ക് അടുക്കാനും പ്രീതി സമ്പാദിക്കാനുമാണ് ഈ മാസമത്രയും വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തേണ്ടത്. യജമാനന്റെ തൃപ്തിക്കു വേണ്ടി അടിമ അവനിലേക്ക് മുഖം തിരിച്ചാല്‍ അല്ലാഹു അവരെ തൃപ്തിപ്പെടുത്തും. നിഷ്‌കളങ്ക കര്‍മങ്ങള്‍ക്ക് ഇരട്ടിയിരട്ടി പ്രതിഫലം നല്‍കും. നല്ല മനസിനും നന്മയുടെ വിചാരത്തിന് പോലും പുണ്യം ലഭിക്കും.
അല്ലാഹു പറയുന്നു ' ഒരാള്‍ ഒരു സുകൃതം ചെയ്താല്‍ അതിന്റെ പത്തിരട്ടിയോ, അധികമോ ഞാന്‍ നല്‍കും. തിന്മ ചെയ്താല്‍ തുല്യ ശിക്ഷയായിരിക്കും എന്നോട് ഒരു ചാണ്‍ അടുത്താല്‍ ഞാന്‍ അവനോട് ഒരു മുഴം അടുക്കും ഒരു മുഴം അടുത്താല്‍ ഞാന്‍ അവനോട് ഒരു വാര അടുക്കും എന്നിലേക്ക് നടന്ന് വന്നാല്‍ അവനിലേക്ക് ഞാന്‍ ഓടിയടുക്കും യാതൊന്നിലും പങ്കുചേര്‍ക്കാത്ത വിധം ഭൂമി നിറയെ പാപവുമായി എന്നെ സമീപിച്ചാലും ഞാന്‍ അവനെ സമീപിക്കും' (മുസ്‌ലിം).
ഇമാം ഗസ്സാലി (റ) വിവരിക്കുന്നുണ്ട്. 'ഒരു മനുഷ്യന്‍ മരണാസന്ന ഘട്ടത്തില്‍ അവന്റെ അടുക്കലേക്ക് നബി (സ) പ്രവേശിച്ചു. നബി (സ) അവനോട് ചോദിച്ചു. 'എന്താണ് ഇപ്പോഴത്തെ സ്ഥിതി'യെന്ന്. അദ്ദേഹം പറഞ്ഞു. 'ഞാന്‍ അല്ലാഹുവിലേക്ക് റഹ്മത്ത് ആഗ്രഹിക്കുകയും എന്റെ തെറ്റുകളെ പറ്റി ഭയപ്പെടുകയും ചെയ്യുന്നു'. മരണാസന്നമായ ഘട്ടത്തില്‍ ഈ രണ്ടു കാര്യങ്ങളും ഒരാളില്‍ സംജാതമായാല്‍ അല്ലാഹു അവന്‍ ആഗ്രഹിക്കുന്നതെല്ലാം നല്‍കുകയും അവനെ നിര്‍ഭയനാക്കുകയും ചെയ്യും' എന്നായിരുന്നു അപ്പോള്‍ നബി(സ)യുടെ മറുപടി. അഥവാ ഇലാഹിന്റെ ഇഷ്ടം വിശ്വാസിയുടെ കൈയെത്തും ദൂരത്താണ്. അവന്റെ കൊതിയുടെയും ആഗ്രഹത്തിന്റെയും താളത്തിനൊപ്പമാണ്. പക്ഷേ നാം കാരുണ്യവാനും കരുണാനിധിയുമായ നാഥന്റെ സ്‌നേഹത്തെ തിരിച്ചറിയുന്നതില്‍ പരാജയപ്പെടുന്നുവെന്നതാണ് സത്യം.
അധാര്‍മികതയുടെ വഴിയില്‍ അപഥസഞ്ചാരം നടത്തിയാലും കുന്നോളം കുമിഞ്ഞുകൂടിയ പാപങ്ങളുമായി ജിവിച്ചാലും നിഷ്‌കളങ്കമായ കണ്ണീരുകളും ഹൃദയം വേദനിച്ചുള്ള പ്രാര്‍ഥനകളും അതെല്ലാം ഇല്ലാതാകുമെന്ന് വിശുദ്ധ ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നു. സൃഷ്ടാവിന്റെ കാരുണ്യത്തിന്റെ വിശാലത അളക്കുവാനോ എണ്ണിത്തിട്ടപ്പെടുത്താനോ നമുക്കൊരിക്കലും സാധ്യമല്ല. നമ്മുടെ ശ്വാസോച്ഛ്വാസ പ്രക്രിയയും ഹൃദയമിടിപ്പും ശരീരത്തിലെ ദഹന പ്രക്രിയകളും രക്തസഞ്ചാരവും നാമറിയാതെ ഏറ്റവും മനോഹരമായി സംവിധാനിച്ച സൃഷ്ടാവിന്റെ കാരുണ്യത്തിന്റെ വിശാലത മഹാത്ഭുതമല്ലേ. നബി(സ)പറഞ്ഞു. 'ആരെങ്കിലും സ്വന്തത്തെ അറിഞ്ഞാല്‍ അവന്‍ അവന്റെ റബ്ബിനെ അറിഞ്ഞിരിക്കുന്നു'. സ്‌നേഹമാണ് അല്ലാഹു. നാമൊരിക്കലും ഇലാഹീ പ്രതീക്ഷ കൈവിടരുത്. സൂക്ഷ്മത പാലിക്കുകയും നിലപാട് നന്നാക്കി ത്തീര്‍ക്കുകയും ചെയ്യുന്നതാരോ അവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ക്ക് ദുഃഖിക്കേണ്ടി വരികയുമില്ല (സൂറത്ത് അഅ്‌റാഫ്). തെളിഞ്ഞ ഹൃദയവുമായി അല്ലാഹുവിനോട് സംവദിക്കുന്ന അനുഭൂതി വിശ്വാസിയുടെ സന്തോഷമാണ്.
(എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."