കശുവണ്ടി കോര്‍പറേഷന്‍ തലപ്പത്തേക്ക് 'അഞ്ഞൂറാന്‍': തോട്ടണ്ടിവാങ്ങല്‍ വിവാദത്തില്‍
തിരുവനന്തപുരം: കശുവണ്ടിവികസന കോര്‍പറേഷന്‍ എം.ഡിയായി പൊലിസ് സേനയിലെ അഴിമതിക്കു പേരുകേട്ട ഉദ്യോഗസ്ഥനെ നിയമിക്കാന്‍ നീക്കം. കൊല്ലത്ത് എസ്.ഐ ആയിരുന്ന കാലത്ത് 500 രൂപ മിനിമം കൈക്കൂലിവാങ്ങി 'അഞ്ഞൂറാന്‍' എന്നു പേരുവീണ പൊലിസ് ഉദ്യോഗസ്ഥനെയാണ് വകുപ്പുമന്ത്രിയുടെ പ്രത്യേക താല്‍പര്യപ്രകാരം എം.ഡിയാക്കാന്‍ നീക്കംനടക്കുന്നത്.
നിലവിലെ എം.ഡി ജീവന്‍ബാബു തോട്ടണ്ടി വാങ്ങുന്നതു സംബന്ധിച്ചു മന്ത്രിയോട് എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് അദ്ദേഹം മന്ത്രിയുടെ നോട്ടപ്പുള്ളിയായത്.
നേരത്തേ നടന്ന കോര്‍പറേഷന്‍ ടെന്‍ഡറുകളില്‍ ഒരാള്‍ മാത്രം പങ്കെടുക്കുന്നുവെന്നുപറഞ്ഞു തോട്ടണ്ടി വാങ്ങാതെ ഫാക്ടറികള്‍ അടച്ചിട്ടിരുന്നു. ഇതേതുടര്‍ന്ന് ടെന്‍ഡര്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഡല്‍ഹി ആസ്ഥാനമായ കമ്പനിയുമായി കമ്മിഷനു ധാരണയുണ്ടാക്കാന്‍ കഴിയാത്തതിനാലാണു ടെന്‍ഡര്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതെന്നാണു വിവരം. തുടര്‍ന്ന് ഫാക്ടറികള്‍ തുറക്കേണ്ടതിന്റെ ആവശ്യം മന്ത്രിസഭയില്‍ അവതരിപ്പിച്ച് ടെന്‍ഡര്‍ ഇല്ലാതെ തോട്ടണ്ടി വാങ്ങാന്‍ മന്ത്രി ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇ-ടെന്‍ഡര്‍ ഇല്ലാതെ തോട്ടണ്ടി വാങ്ങേണ്ടെന്നാണു മന്ത്രിസഭ തീരുമാനിച്ചത്. തുടര്‍ന്ന് ഇ-ടെന്‍ഡറായി തോട്ടണ്ടിവാങ്ങാന്‍ മന്ത്രിസഭ അംഗീകാരം നല്‍കി.
ഐ.എ.എസുകാരനായ എം.ഡിയെ മാറ്റി അഴിമതിക്കു പേരുകേട്ടയാളെ നിയമിക്കുന്നത് നിലവാരംകുറഞ്ഞ തോട്ടണ്ടി വാങ്ങുന്നതിനാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ഒര്‍ജിന്‍, കൗണ്ട്, ഗ്രേഡ് എന്നിവ ഉറപ്പാക്കിമാത്രമേ തോട്ടണ്ടി വാങ്ങാന്‍ പാടുള്ളൂവെന്നാണ് വ്യവസ്ഥ. അതിനുപകരം ഒര്‍ജിന്‍ പറയാതെ കൗണ്ടും ഔട്ടേണും പറഞ്ഞു തോട്ടണ്ടി വാങ്ങുന്നതിനെയാണ് എം.ഡി എതിര്‍ത്തത്.
കാപ്പെക്‌സിലെ ടെന്‍ഡര്‍ നടപടിയും വിവാദമാവുകയാണ്. കാപ്പെക്‌സില്‍ നടന്ന ടെന്‍ഡറില്‍ ഏറ്റവും കുറവ് 1,886 ഡോളറിന്റേതാണ്. ഇതനുസരിച്ച് കിലോയ്ക്ക് 129 രൂപയും ക്ലിയറിങ് ആന്‍ഡ് ഫോര്‍വേര്‍ഡിങ് ചാര്‍ജ് കിലോയ്ക്ക് നാലു രൂപയുമാവും.
കാപ്പെക്‌സ് 1500 മെട്രിക് ടണ്‍ തോട്ടണ്ടി ഈ നിരക്കില്‍ വാങ്ങിയാല്‍ ഏകദേശം ആറു കോടി രൂപ നഷ്ടമുണ്ടാകും. കശുവണ്ടി വികസന കോര്‍പറേഷനില്‍ തോട്ടണ്ടി വാങ്ങുന്നതിനുള്ള ടെന്‍ഡര്‍ നിബന്ധനയില്‍ തിരുത്തല്‍വരുത്തിയുള്ള ഉത്തരവ് വകുപ്പുമന്ത്രി നേരത്തേ ഇറക്കിയിരുന്നു. കൂടുതല്‍പേര്‍ ടെന്‍ഡറില്‍ പങ്കെടുക്കാനെന്ന വ്യാജേനയാണ് ടെന്‍ഡര്‍ നടപടിക്രമങ്ങളില്‍ തിരുത്തല്‍വരുത്തിയത്. ഇതു വന്‍ വിവാദത്തിനു വഴിതെളിച്ചു. കൊല്ലം ജില്ലയിലെ പുത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി ഇറക്കുമതി ചെയ്യുന്ന നിലവാരംകുറഞ്ഞ തോട്ടണ്ടി വാങ്ങാനാണു ധൃതിപിടിച്ച് ടെന്‍ഡര്‍ നടപടിക്രമങ്ങളില്‍ തിരുത്തല്‍ വരുത്തിയതെന്നായിരുന്നു ആരോപണം. ഇതിനുപുറമേ കാപ്പെക്‌സ് എം.ഡിയായിരുന്ന ആര്‍. ജയചന്ദ്രനെതിരേ ഒരു സ്വകാര്യവ്യക്തി വിജിലന്‍സിന് പരാതി നല്‍കിയതിനെത്തുടര്‍ന്ന് എം.ഡി സ്ഥാനത്തുനിന്നു മാറ്റി.
പകരം മുമ്പ് കാപ്പെക്‌സ് എം.ഡിയായിരിക്കെ ആരോപണവിധേയനായി പുറത്തുപോയ ആര്‍. രാജേഷിനെ നിയമിക്കുകയും ചെയ്തു. ഇതു വകുപ്പുമന്ത്രിയുടെ പ്രത്യേക താല്‍പര്യപ്രകാരമായിരുന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു. നിലവാരംകുറഞ്ഞ തോട്ടണ്ടി പ്രാദേശികമായിവാങ്ങി കശുവണ്ടി വികസന കോര്‍പറേഷന്‍ ഫാക്ടറികള്‍ ഓണത്തിനു മുന്‍പു താല്‍ക്കാലികമായി തുറക്കാനാണു തിരക്കിട്ട ശ്രമം നടക്കുന്നത്. ഇതു തൊഴിലാളികളുടെ കണ്ണില്‍പൊടിയിടാനാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."