സീബ്രാ ലൈന്‍ എവിടെ..?
കല്‍പ്പറ്റ: കല്‍പ്പറ്റ നഗരത്തില്‍ എത്തുന്ന കാല്‍നടയാത്രികര്‍ റോഡ് മുറിച്ചുകടക്കുന്നത് ഭയപ്പാടോടെ. നഗരത്തില്‍ മിക്കയിടത്തും സീബ്രാ ലൈനുകളില്ല. തിക്കിത്തിരക്കി വരുന്ന വാഹനങ്ങള്‍ക്ക് ഇടയിലൂടെ ജീവന് പണയം വച്ചാണ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ റോഡിന്റെ മറുവശത്തേക്കെത്തുന്നത്.
കാല്‍നടയാത്രക്കാര്‍ സീബ്രാ ലൈന്‍ ഉപയോഗിക്കണമെന്ന് പഠിപ്പിക്കുന്നവര്‍ അത് വരയ്ക്കാന്‍ തയാറാകുന്നുമില്ല.
നഗരത്തില്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് മാത്രമാണ് സീബ്രാ ലൈന്‍ അല്പമെങ്കിലും തെളിഞ്ഞുകാണുന്നത്.
പഴയ ബസ് സ്റ്റാന്‍ഡ്, ചുങ്കം ജങ്ഷന്, എച്ച്.ഐ.എം.യു.പിക്ക് സമീപം, യെസ് ഭാരതിന് മുന്‍വശം, സിവില്‍ സ്റ്റേഷന് പരിസരം തുടങ്ങിയ പ്രധാന സ്ഥലങ്ങളിലൊന്നും സീബ്രാ ലൈനുകള്‍ തെളിഞ്ഞു കാണുന്നില്ല. ഈ ഭാഗങ്ങളിലെല്ലാം നേരത്തെ സീബ്രാലൈന്‍ ഉണ്ടായിരുന്നു. വരകള്‍ മാഞ്ഞിട്ട് മാസങ്ങളായി എന്നാല്‍ പൊലിസോ നഗരസഭയോ ഇവ വരയ്ക്കാന്‍ നടപടിയെടുക്കുന്നില്ല.
ഗതാഗത പരിഷ്കാരത്തിന്റെ ഭാഗമായി പഴയ ബസ് സ്റ്റാന്റിന് മുന്‍വശം സീബ്രാലൈനിലാണ് ബസുകള്‍ നിര്‍ത്തിയിടുന്നത്. ഇത് കാല്‍നടയാത്രകാര്‍ക്ക് വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുകയാണ്. നഗരത്തില്‍ ഏതെല്ലാം ഭാഗങ്ങളില്‍ കാല്‍നടയാത്രികര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ സൗകര്യമൊരുക്കിയിരുന്നു എന്നതിന് കൃത്യമായ ഉത്തരം നല്കാന് അധികൃതര്‍ക്ക് കഴിയുന്നില്ല.
നഗരസഭ വിളിച്ചുചേര്‍ത്ത ഗതാഗത പരിഷ്കരണ യോഗത്തില്‍ സീബ്രാ ലൈന്‍ തെളിയിക്കാന്‍ നടപടി വേണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ആരും ചെവിക്കൊണ്ടില്ലെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."