പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും: മന്ത്രി ചന്ദ്രശേഖരന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖല
കാസര്‍കോട്: കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയിലെ 233 പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍ റിഹാബിലിറ്റേഷന്‍ സെല്‍ യോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നബാര്‍ഡ് മുഖേന 200 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചെങ്കിലും 100 കോടി രൂപയുടെ പ്രവൃത്തികളാണ് ഈ മാസം 30നകം പൂര്‍ത്തിയാക്കുക. ബാക്കിയുള്ള 100 കോടി രൂപയുടെ പ്രവര്‍ത്തികളുടെ അനുമതിക്കായി സര്‍ക്കാരിനെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു. അലോപ്പതി, ആയുര്‍വേദം, ഹോമിയോ വകുപ്പുകളുടെ സംയുക്ത സേവനവുമായി ബന്ധപ്പെട്ട് പനത്തടി, മുളിയാര്‍, ബദിയടുക്ക, പല്ലൂര്‍-പെരിയ, കള്ളാര്‍, കയ്യൂര്‍-ചീമേനി, കുംബഡാജെ എന്നിവിടങ്ങളില്‍ യോഗം ചേരും.
തദ്ദേശ സ്ഥാപനങ്ങള്‍ വഴിയുള്ള 20 പദ്ധതികള്‍ക്കായി 24 കോടി രൂപയുടെ പ്രവൃത്തി നടക്കുന്നുണ്ടെന്നു കലക്ടര്‍ കെ. ജീവന്‍ ബാബു യോഗത്തില്‍ അറിയിച്ചു. ആരോഗ്യകേന്ദ്രങ്ങള്‍, വിദ്യാലയങ്ങള്‍, ബഡ്‌സ് സ്‌കൂളുകള്‍ തുടങ്ങിയവയ്ക്കു കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവൃത്തികളാണ് വിവിധ പഞ്ചായത്തുകളില്‍ പുരോഗമിക്കുന്നത്. ഈ പദ്ധതികള്‍ 30നകം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.
റീഹാബിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനങ്ങളിലും ലോണ്‍ മോറട്ടോറിയത്തിലും കൃത്യമായ നിരീക്ഷണമുണ്ടാകണമെന്ന് പി. കരുണാകരന്‍ എം.പി അഭിപ്രയപ്പെട്ടു. മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുള്ള രീതിയില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ശക്തമാക്കണമെന്നും എം.പി പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അവസാന ഗഡു ആശ്വാസ സഹായം ബാങ്കുകള്‍ വഴി ഉടന്‍ വിതരണം ചെയ്യാന്‍ നടപടിയെടുക്കാനും യോഗത്തില്‍ തീരുമാനമായി. എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, എ.ഡി.എം കെ. അംബുജാക്ഷന്‍, ആര്‍.ഡി.ഒ ഡോ. പി.കെ ജയശ്രീ, എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കലക്ടര്‍ പി. ബിജു എന്നിവരും വിവിധ തദ്ദേശസ്ഥാപന അധ്യക്ഷന്മാരും യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."