ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ച് പിള്ളയുടെ പ്രസംഗം
കൊല്ലം: കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ളയുടെ പത്തനാപുരം കമുകുംചേരി പ്രസംഗം വിവാദത്തിലേയ്ക്ക്. ന്യൂനപക്ഷ മതവിഭാഗങ്ങളെയും ആചാരങ്ങളേയും പരിഹസിച്ചാണ് പിള്ള പ്രസംഗിച്ചത്. താന്‍ അങ്ങനെ പ്രസംഗിച്ചിട്ടില്ലെന്നാണ് പിള്ളയുടെ നിലപാടെങ്കിലും പ്രസംഗത്തിന്റെ ശബ്ദരേഖ ഒരു വാര്‍ത്താചാനല്‍ പുറത്തുവിട്ടത് അദ്ദേഹത്തിന്റെ വാദത്തിനുള്ള തിരിച്ചടിയായി. മുസ്‌ലിംപള്ളിയിലെ ബാങ്ക് വിളിയെക്കുറിച്ചും ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ചും പുതിയ പള്ളികള്‍ പണിയുന്ന കാര്യത്തെക്കുറിച്ചുമുള്ളതാണ് പിള്ളയുടെ പ്രസംഗം.
വിവാദ പ്രസംഗത്തില്‍ അന്വേഷണം നടത്താനുത്തരവിട്ടിട്ടുണ്ട്. കൊല്ലം റൂറല്‍ എസ്.പിക്കു കിട്ടിയ പരാതിയിലാണ് അന്വേഷണം. പുനലൂര്‍ ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. പിള്ളക്കെതിരേ പുനലൂരിലും കൊട്ടാരക്കരയിലും വിവിധ മുസ്‌ലിംസംഘടനകളുടെ നേതൃത്വത്തില്‍ ഇന്നലെ പ്രതിഷേധ പ്രകടനവും നടന്നു. അതിനിടെ താന്‍ ഇത്തരത്തില്‍ ഒരു പ്രസംഗം നടത്തിയിട്ടില്ലെന്നും എന്നും മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് കൈക്കൊണ്ടിട്ടുള്ളതെന്നും പിള്ള 'സുപ്രഭാത'ത്തോടു പറഞ്ഞു. ഇന്ന് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുമെന്നും പിള്ള പറഞ്ഞു.
എന്നാല്‍ പിള്ളയുടെ വിവാദ പ്രസംഗത്തിനെതിരേ പല കോണുകളില്‍നിന്നും പ്രതിഷേധം ശക്തമായിട്ടുണ്ട്. പഴയ പഞ്ചാബ് മോഡലിനുശേഷം പുതിയ പ്രസംഗവിവാദത്തില്‍പെട്ടിരിക്കുകയാണ് പിള്ളയിപ്പോള്‍. മന്ത്രിസ്ഥാനം പോയതിനുകാരണവും നേരത്തെ നടത്തിയ വിവാദപ്രസംഗമായിരുന്നു. മഅ്ദനിയുടെ മോചനത്തിനായി പി.ഡി.പി സംഘടിപ്പിച്ച യോഗത്തിലെ പ്രസംഗവും വിവാദമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനെയെല്ലാം കടത്തിവെട്ടി മതങ്ങള്‍ക്കെതിരേയും മതങ്ങള്‍ നടത്തിവരുന്ന ആചാരങ്ങള്‍ക്കെതിരേയും നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്.
പിള്ളയുടെ വിവാദപ്രസംഗത്തില്‍നിന്ന്
'തിരുവനന്തപുരത്ത് പോയാല്‍ താന്‍ പാര്‍ട്ടി ഓഫിസിലാണ് താമസിക്കുന്നത്. നായയുടെ കുര പോലെതന്നെ അഞ്ചു നേരവും അടുത്തൊരു പള്ളിയില്‍ ബാങ്ക് വിളി ഉള്ളതുകാരണം ശരിക്കുറങ്ങാന്‍ പോലും സാധിക്കാറില്ല.
ബാങ്ക് വിളിക്കുമ്പോള്‍ സമീപത്തെ മറ്റ് ദേവാലയങ്ങളിലെ മൈക്ക് ഓഫാക്കി കൊടുക്കണമെന്നുള്ളതാണ് രീതി. പണ്ട് ഒരു പ്രദേശത്ത് ഒരു ക്രിസ്ത്യന്‍ പള്ളി മാത്രമേ ഉണ്ടായിരുന്നുള്ളൂ.
എന്നാലിന്ന് പത്തു മുസ്‌ലിംകളോ ക്രൈസ്തവരോ ഒരിടത്ത് താമസിച്ചാല്‍ അവര്‍ അവിടെ പള്ളിപണിയും. ഇന്ന് എവിടെ നോക്കിയാലും പള്ളികളെ കാണാനുള്ളൂ. വിശ്വാസത്തിനു വേണ്ടി കഴുത്തറുക്കുകയാണിപ്പോള്‍. ശബരിമല വിഷയത്തില്‍ തന്ത്രിമാരും ആചാര്യന്മാരും പറഞ്ഞ കാര്യം ശരിയല്ലെന്ന് ജഡ്ജി കുര്യന്‍ തോമസ് പറഞ്ഞാല്‍ അതും ശരിയാകില്ല'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."