'മാനേജ്മെന്റ് പിരിച്ചുവിട്ട മുഴുവന്‍ അധ്യാപകരെയും തിരിച്ചെടുക്കണം'
തിരൂര്‍: സമരം ചെയ്യുന്ന അധ്യാപകരെ അപകീര്‍ത്തിപ്പെടുത്തി വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും തിരൂര്‍ ഫാത്തിമ മാതാ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മാനേജ്മെന്റ് വഞ്ചിക്കുകയാണെന്ന് സമര സഹായസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പിരിച്ചുവിട്ട ഒന്‍പത് അധ്യാപകരെ തിരിച്ചെടുക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന അധ്യാപകര്‍ സംഘടന രൂപീകരിച്ച് ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടപ്പോഴാണ് മാനേജ്മെന്റ് അധ്യാപകരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്.
വര്‍ഷങ്ങളായി ഇതേ സ്കൂളില്‍ ജോലി ചെയ്യുന്ന അധ്യാപകരെ പുതിയ കാരണങ്ങള്‍ ഉന്നയിച്ച് പുറത്താക്കിയ നടപടി നീതീകരിക്കാനാകില്ലെന്ന് സമിതി നേതാക്കള്‍ പറഞ്ഞു. പ്രൊബേഷന്റെ പേരില്‍ മാനേജ്മെന്റ് നടത്തുന്ന ഇത്തരം നടപടികള്‍ക്കെതിരേ പൊതുജനം പ്രതികരിച്ച് തുടങ്ങിയതായും ഏതാനും രക്ഷിതാക്കള്‍ മാനേജ്മെന്റിന്റെ നടപടികളെ അംഗീകരിച്ച് മുന്നോട്ട് പോകുന്നതില്‍ ദുരൂഹതയുണ്ടെന്നും സമരസമിതി ആരോപിച്ചു. സമരം ചെയ്യുന്ന അധ്യാപകരെയും കൂടെയുള്ള ബഹുജന പ്രസ്ഥാനങ്ങളെയും വെല്ലുവിളിച്ച് അധ്യാപക സമരം പൊളിക്കാനാണ് മാനേജ്മെന്റ് ശ്രമിക്കുന്നത്. യാഥാര്‍ഥ്യം മനസ്സിലാക്കി പിരിച്ചുവിട്ട മുഴുവന്‍ അധ്യാപകരെയും തിരിച്ചെടുക്കാന്‍ മാനേജ്മെന്റ് തയാറാകണമെന്ന് സമര സഹായസമിതി ഭാരവാഹികളായ കെ.കൃഷ്ണന് നായര്‍, പി.പി ലക്ഷ്മണന്, കെ.ജി വാസു, വി.എം അഭിലാഷ്, പി.ഡി ജോസഫ്, ആര്. സുനിത ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."