സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പ്; അപര്‍ണ ദ ഗ്രേറ്റ്
തിരുവനന്തപുരം: ട്രാക്കിലും ഫീല്‍ഡിലും കൗമാരം കുതിപ്പു തുടരുന്ന സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം ദിനത്തില്‍ പിറന്നത് പത്തു റെക്കോര്‍ഡുകള്‍. 11 വര്‍ഷം മായാതെനിന്ന ഹര്‍ഡില്‍സിലെ റെക്കോര്‍ഡ് തിരുത്തി കോഴിക്കോടിന്റെ അപര്‍ണ റോയി രണ്ടാം ദിനത്തിലെ താരമായി.
18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സിലാണ് അപര്‍ണ റോയി 11 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് മറികടന്നത്. ഹര്‍ഡില്‍സിനു മീതേ ചിറകടിച്ചു പറന്ന അപര്‍ണ 13.89 സെക്കന്റില്‍ ഫിനിഷിങ് ലൈന്‍ മറികടന്നപ്പോള്‍ 2007 ല്‍ കണ്ണൂരിന്റെ കെ.വി സജിത സ്ഥാപിച്ച 14.70 സെക്കന്റ് സമയമാണ് പഴങ്കഥയായത്.
ഇതേയിനത്തില്‍ കോട്ടയത്തിന്റെ ആന്‍ റോസ് ടോമിയും (14.61) റെക്കോര്‍ഡ് മറികടന്ന പ്രകടനം നടത്തി. പതിനാലു വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 600 മീറ്ററില്‍ എറണാകുളത്തിന്റെ അലീന മരിയ ജോയി 1:38.63 സെക്കന്റില്‍ ഫിനിഷ് ചെയ്തു പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു.
പതിനാറു വയസിനു താഴെയുള്ള പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ കണ്ണൂരിന്റെ ഐശ്വര്യ സുരേഷ് പുതിയ മീറ്റ് റെക്കോര്‍ഡിന് ഉടമയായി. 34.15 മീറ്റര്‍ ദൂരത്തേക്ക് കുന്തമുന പായിച്ച ഐശ്വര്യ 2010 ല്‍ എറണാകുളത്തിന്റെ പി.എസ് ജയലക്ഷ്മി സ്ഥാപിച്ച 31.81 മീറ്റര്‍ ദൂരമാണു മറികടന്നത്. പെണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയില്‍ തൃശൂരിന്റെ പി.എ അതുല്യയും പുതിയ റെക്കോര്‍ഡ് കുറിച്ചു. 36.96 മീറ്റര്‍ ദൂരത്തേക്ക് ഡിസ്ക് പറത്തിയാണ് 2003 ല്‍ കോട്ടയത്തിന്റെ അനിത എബ്രഹാം സ്ഥാപിച്ച 35.88 മീറ്റര്‍ ദൂരം 15 വര്‍ഷത്തിനു ശേഷം അതുല്യ സ്വന്തം പേരിലാക്കിയത്. 20 വയസില്‍ താഴെ പ്രായമുള്ള ജൂനിയര്‍ വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപിള്‍ചേസില്‍ കോട്ടയത്തിന്റെ നിബിയ ജോസഫ് 12.28.92 സെക്കന്റില്‍ ഫിനിഷിങ് ലൈന്‍ മറികടന്നു റെക്കോര്‍ഡ് സ്ഥാപിച്ചു.
പതിനാറു വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ ലോങ്ജംപില്‍ തിരുവനന്തപുരത്തിന്റെ ആദിത്യകുമാര്‍ സിങ് മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചു. 6.93 മീറ്റര്‍ ദൂരം താണ്ടിയാണ് ആദിത്യകുമാര്‍ ജംപിങ് പിറ്റില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. 2014 ല്‍ പാലക്കാടിന്റെ എം. ശ്രീശങ്കര്‍ സ്ഥാപിച്ച 6.68 മീറ്ററാണ് ആദിത്യകുമാര്‍ മറികടന്നത്.
എറണാകുളത്തിന്റെ ടി.ജെ ജോസഫ് 6.73 മീറ്റര്‍ ചാടി റെക്കോര്‍ഡ് മറികടന്ന പ്രകടനം നടത്തി. പതിനെട്ടു വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ കോഴിക്കോടിന്റെ ടി.കെ സായൂജ് 48.76 സെക്കന്റില്‍ ഫിനിഷ് ചെയ്ത് റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. 2013 ല്‍ കോഴിക്കോടിന്റെ തന്നെ നോഹ് നിര്‍മല്‍ ടോം സ്ഥാപിച്ച 48.99 സെക്കന്റ് സമയമാണ് അഞ്ച് വര്‍ഷത്തിനു ശേഷം സായൂജിന്റെ കുതിപ്പില്‍ തകര്‍ന്നത്.
1500 മീറ്ററില്‍ എറണാകുളത്തിന്റെ ആദര്‍ശ് ഗോപിയും പുതിയ മീറ്റ് റെക്കോര്‍ഡ് കുറിച്ചു. 3.55.02 സെക്കന്റില്‍ ഫിനിഷിങ് ലൈന്‍ മറികടന്നാണ് ആര്‍ശ് റെക്കോര്‍ഡ് സ്ഥാപിച്ചത്. കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച തന്റെ തന്നെ 3.58.05 സെക്കന്റാണ് ആദര്‍ശ് തിരുത്തിയത്. 10,000 മീറ്റര്‍ നടത്തത്തില്‍ പാലക്കാടിന്റെ ഡി.കെ നിശാന്ത് മീറ്റ് റെക്കോര്‍ഡ് നേടി.
48 മിനുട്ട് 13.11 സെക്കന്റില്‍ നടന്നെത്തിയാണ് നിശാന്ത് മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചത്. 2015 ല്‍ പാലക്കാടിന്റെ അനീഷ് സ്ഥാപിച്ച 48 മിനുട്ട് 20.00 സെക്കന്റ് സമയമാണ് നിശാന്ത് മറികടന്നത്.
20 വയസില്‍ താഴെയുള്ള ജൂനിയര്‍ പുരുഷന്മാരുടെ 1500 മീറ്ററില്‍ തിരുവനന്തപുരത്തിന്റെ അഭിനന്ദ് സുന്ദരേശന് 3.53.45 സെക്കന്റില്‍ ഫിനിഷ് ചെയ്ത് മീറ്റ് റെക്കോര്‍ഡ് വീണ്ടും തിരുത്തി. കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച 3.59.63 സെക്കന്റ് റെക്കോര്‍ഡ് സമയമാണ് തിരുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."