അര്‍ധ സെഞ്ചുറി പിന്നിട്ട് റിഷഭ് പന്ത്, പൃഥിഷാ, രഹാനെ
ഹൈദരാബാദ്: ബാറ്റിങ്‌നിര അവസരത്തിനൊത്ത് ഉയര്‍ന്നതോടെ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. രണ്ടാംദിനം കളി അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 308 റണ്‍സെടുത്തിട്ടുണ്ട്. 85 റണ്‍സുമായി റിഷഭ് പന്തും 75 റണ്‍സുമായി അജങ്ക്യ രഹാനെയുമാണ് ക്രീസില്‍.
മത്സരത്തിന്റെ രണ്ടാം ദിനം വിന്‍ഡീസിനെ 311 റണ്‍സിന് പുറത്താക്കി ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഷാനോണ്‍ ഗബ്രിയേലിന്റെ ആദ്യ ഓവറില്‍ തന്നെ സിക്‌സും ഫോറുമടിച്ച് വെടിക്കെട്ട് ബാറ്റിങ്ങിന് തുടക്കമിട്ട ഓപ്പണര്‍ പൃഥിഷാ ഇന്ത്യന്‍ സ്‌കോര്‍ വേഗത്തില്‍ തന്നെ 50 കടത്തി. ടി20യെ വെല്ലുന്ന വേഗത്തില്‍ തകര്‍ത്തടിച്ച് കളിച്ച പൃഥിഷാ തന്റെ കരിയറിലെ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ 39 പന്ത് നേരിട്ട് എട്ടു ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് അര്‍ധ സെഞ്ചുറി പിന്നിട്ടത്. രാജ്‌കോട്ടില്‍ നടന്ന ആദ്യ ടെസ്റ്റില്‍ പൃഥി സെഞ്ചുറി നേടിയിരുന്നു.
സ്‌കോര്‍ 61ല്‍ നില്‍ക്കെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഫോം കണ്ടെത്താതെ വിയര്‍ത്ത ഓപ്പണര്‍ ലോകേഷ് രാഹുലാണ് വെറും നാല് റണ്‍സെടുത്ത് പുറത്തായത്. പിന്നീടെത്തിയ ചേതേശ്വര്‍ പൂജാരയെ കൂട്ടുപിടിച്ച് ബാറ്റിങ് തുടര്‍ന്ന പൃഥിഷായെ ജോമെല്‍ വാറിക്കാന്‍ ഹെറ്റ്മറിന്റെ കൈകളിലെത്തിച്ചു. 53 പന്തില്‍ 70 റണ്‍സാണ് പൃഥിഷാ നേടിയത്. പിന്നീട് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെയും (45) ചേതേശ്വര്‍ പൂജാരയെയും(10) പുറത്താക്കി വിന്‍ഡീസ് മത്സരത്തിലേക്ക് തിരച്ചുവരവ് നടത്തിയെങ്കിലും നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന രഹാനെ - റിഷഭ് പന്ത് സഖ്യം ഇന്ത്യന്‍ സ്‌കോര്‍ അനായാസം 300 കടത്തി. രഹാനെ 174 പന്ത് നേരിട്ട് 75 റണ്‍സ് നേടിയപ്പോള്‍ റിഷഭ് പന്ത് 120 പന്തില്‍ നിന്ന് 85 റണ്‍സെടുത്തു. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ 6 വിക്കറ്റ് കൈയിലിരിക്കെ വിന്‍ഡീസിനേക്കാള്‍ മൂന്ന് റണ്‍സ് മാത്രം പിന്നിലാണ് ഇന്ത്യ.
ആദ്യ ടെസ്റ്റില്‍ ഇന്ത്യയോട് ഇന്നിങ്‌സ് തോല്‍വി നേരിട്ടതിന് ശേഷം രണ്ടാം ടെസ്റ്റില്‍ ഓള്‍റൗണ്ടര്‍ റോസ്റ്റണ്‍ ചേസിന്റെ (189 പന്തില്‍ 106)മികച്ച ബാറ്റിങ് പ്രകടനത്തിലൂടെയാണ് വിന്‍ഡീസ് മത്സരത്തിലേക്ക് തിരിച്ചുവന്നത്. ഒരു ഘട്ടത്തില്‍ 113 റണ്‍സിന് അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട് തകര്‍ച്ചയിലായ വിന്‍ഡീസിനെ റോസ്റ്റന്‍ ചേസും ക്യാപ്റ്റന്‍ ജാസന്‍ ഹോള്‍ഡറും വിക്കറ്റ് കീപ്പര്‍ ഷൈന്‍ ഡോവിറിച്ചും കൂടിയാണ് കരകയറ്റിയത്.
ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഷൈന്‍ ഡോവ്‌റിച്ച് - റോസ്റ്റന്‍ ചേസ് സഖ്യം വിന്‍ഡീസ് സ്‌കോര്‍ 150 കടത്തി. 63 പന്തില്‍ 30 റണ്‍സെടുത്ത ഷൈന്‍ ഡോവ്‌റിച്ചിനെ ഉമേഷ് യാദവ് വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. പിന്നീടെത്തിയ ക്യാപ്റ്റന്‍ ഹോള്‍ഡറിനെ കൂട്ടുപിടിച്ച് റോസ്റ്റന്‍ ചേസ് വിന്‍ഡീസ് സ്‌കോര്‍ 250 കടത്തി. 92 പന്ത് നേരിട്ട് 52 റണ്‍സെടുത്ത ഹോള്‍ഡറിനെ റിഷഭിന്റെ കൈകളിലെത്തിച്ച് ഉമേഷ് യാദവ് തന്നെയാണ് വീണ്ടും വിന്‍ഡീസിന് തിരിച്ചടി നല്‍കിയത്. ദേവേന്ദ്ര ബിഷൂ (2), ജോമെല്‍ വാറിക്കാന്‍(8), ഷാനോന്‍ ഗബ്രിയേല്‍(0) എന്നിവര്‍ പെട്ടെന്ന് തന്നെ പുറത്തായതോടെ വിന്‍ഡീസ് സ്‌കോര്‍ 311ല്‍ അവസാനിച്ചു. ആറ് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവാണ് വിന്‍ഡീസ് ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്. കുല്‍ദീപ് യാദവ് മൂന്നും അശ്വിന്‍ ഒരുവിക്കറ്റും വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."