തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ലിംബ് ഫിറ്റിങ് സെന്റര്‍ ഒന്നര മാസത്തിനകം
തിരൂര്‍: അപകടങ്ങളില്‍പ്പെട്ട് കൈകാലുകള്‍ നഷ്ടപ്പെടുന്നവര്‍ക്ക് കൃത്രിമ കൈകാലുകള്‍ സൗജന്യമായി ലഭ്യമാക്കാന്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ലിംബ് ഫിറ്റിങ് സെന്റര്‍ സ്ഥാപിക്കാന്‍ നടപടി തുടങ്ങി.
2018-19 വര്‍ഷത്തിലെ ലിംബ് ഫിറ്റിങ് സ്ഥാപനങ്ങളുടെ ശാക്തീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചാണ് കേന്ദ്രം ഒരുക്കുന്നത്. ഇതിനായി ഉടന്‍ ടെന്‍ഡര്‍ വിളിക്കും.
കൃത്രിമ കൈകാലുകള്‍ അളവിന് അനുസരിച്ച് തയാറാക്കാനുള്ള യന്ത്രസാമഗ്രികള്‍ ഉത്തരേന്ത്യന്‍ കമ്പനികളാണ് ഉല്‍പ്പാദിപ്പിക്കുന്നത്. കേരള മെഡിക്കല്‍ കോര്‍പ്പറേഷനില്‍ നിലവില്‍ ഇത്തരം യന്ത്ര സാമഗ്രികള്‍ ലഭ്യമല്ലാത്തതിനാല്‍ ഈ കമ്പനികളെ തന്നെ ആശ്രയിക്കേണ്ടി വരും. ജില്ലാ ആശുപത്രിയിലെ പുതിയ കെട്ടിടത്തില്‍ ലിഫ്റ്റ് സൗകര്യം സജ്ജമായാല്‍ ആറാം നിലയില്‍ ലിംബ് ഫിറ്റിങ് സെന്റര്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. വിനോദ് പറഞ്ഞു.
അപകടത്തില്‍പ്പെട്ട സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് കൃത്രിമ കൈകാലുകള്‍ സൗജന്യമായി ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായാണ് സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ അരക്കോടി രൂപ ചെലവില്‍ എല്ലാ ജില്ലാ ആശുപത്രികളിലും ലിംബ് ഫിറ്റിങ് സെന്ററുകള്‍ ഒരുക്കുന്നത്.
ഇതില്‍ തിരൂര്‍ ജില്ലാ ആശുപത്രിക്കാണ് കൂടുതല്‍ തുക ലഭിച്ചത്. തിരൂര്‍ ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് കൂടുതലാളുകള്‍ക്ക് സേവനം ലഭ്യമാക്കാനുതകുന്ന സംവിധാനമൊരുക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."