കോളനിവാസികള്‍ക്ക് നല്‍കിയ വാക്ക് നിറവേറ്റി അധ്യാപകരും വിദ്യാര്‍ഥികളും
നിലമ്പൂര്‍: പ്രളയാനന്തര ദുരിതാശ്വാസ ക്യാംപില്‍ കോളനിവാസികള്‍ ആവശ്യപ്പെട്ട കാര്യം നിറവേറ്റി വിദ്യാര്‍ഥികള്‍. അമല്‍ കോളജ് വാണിജ്യ വിഭാഗം അധ്യാപകരും വിദ്യാര്‍ഥികളും നിലമ്പൂര്‍ പാലക്കയം, വെറ്റിലക്കെല്ലി കോളനിയിലെത്തി കുടുംബങ്ങള്‍ക്ക് കൊടുത്ത വാക്ക് പാലിച്ചു. പ്രളയാനന്തര പുനരധിവാസ ക്യാംപില്‍ വച്ച് കോളനിവാസികള്‍ ആവശ്യപ്പെട്ട പ്രകാരം വസ്ത്രങ്ങളും രേഖകളും സുക്ഷിക്കാന്‍ ഉപയോഗിക്കുന്ന ട്രങ്ക് പെട്ടികളുമായാണ് അധ്യാപകരും വിദ്യാര്‍ഥികളും കോളനികളിലെത്തിയത്.
മൂലേപ്പാടം ക്യാംപില്‍ കഴിയുന്നതിനിടെ അമല്‍ കോളജ് അധ്യാപകരും വിദ്യാര്‍ഥികളും എന്താണ് വേണ്ടതെന്ന് ചോദിച്ചപ്പോള്‍ ഭക്ഷ്യവസ്തുക്കളൊന്നും വേണ്ടെന്നും ഉരുള്‍പൊട്ടലും മറ്റും ഉണ്ടാകുമ്പോള്‍ അവശ്യ സാധനങ്ങള്‍ സൂക്ഷിച്ചുവെക്കാനുള്ള പെട്ടികള്‍ മതിയെന്നായിരുന്നു ഇവര്‍ ആവശ്യപ്പെട്ടിരുന്നത്.
കോളനിയിലെ 26 കുടുംബങ്ങക്കും ഓരോ പെട്ടി വീതം സമ്മാനിച്ചു. കാട്ടു പണിയന്‍ വിഭാഗത്തിലെ ആദിവാസി കുടുംബങ്ങളാണ് റോഡും വൈദ്യുതിയും എത്തിയിട്ടില്ലാത്ത ഉള്‍ക്കാട്ടിലെ ഈ കോളനിയില്‍ താമസിക്കുന്നത്. അധ്യാപകരായ ഡോ. കെ.എ ധന്യ, അബ്ബാസ് വട്ടോളി എന്നിവരും ബദല്‍ സ്‌കുള്‍ അധ്യാപിക കല്ലാണി ടീച്ചറും, പാലക്കയം കോളനിയില്‍ നിന്നുള്ള അമല്‍ കോളജ് ഇകണോമിക്‌സ് വിദ്യാര്‍ഥി സുനില്‍, വിദ്യാര്‍ഥി കോര്‍ഡിനേറ്റര്‍ ലിഷാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പെട്ടികള്‍ക്കു പുറമെ കോളനിയിലെ കുട്ടികള്‍ക്ക് മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു. കോളനി മൂപ്പന്‍ ചെറിയപാലനും മുപ്പത്തി ചക്കിയും സന്തോഷത്തോടെ അധ്യാപകരോടും വിദ്യാര്‍ഥികളോടും നന്ദി പ്രകടിപ്പിച്ചാണ് യാത്രയാക്കിയത്.
പുതുതായി സര്‍ക്കാര്‍ അനുവദിച്ച ഭുമിയിലേക്ക് കോളനി മാറ്റിപ്പണിയുന്ന സമയത്ത് നിര്‍മാണ പ്രവര്‍ത്തിയില്‍ കോളജിന്റെ എല്ലാം സഹായവും ഉണ്ടാകുമെന്ന് അധ്യാകര്‍ കോളനിവാസികള്‍ക്ക് ഉറപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."