ന്യൂസിലാന്‍ഡ് പോലീസ് ഉദ്യോഗസ്ഥ രാജാവിന്റെ അതിഥിയായി പുണ്യ ഭൂമിയില്‍, പുതിയൊരു ജീവിതാനുഭവമെന്ന് നൈല ഹസന്‍
മക്ക: ലോകത്തെ നടുക്കിയ ന്യൂസിലാന്‍ഡ് ആക്രമണത്തില്‍ ഏറെ ശ്രദ്ധേയമായ നിലപാടുകള്‍ കൈകൊണ്ട പോലീസ് ഉദ്യോഗസ്ഥ സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അതിഥിയായി പുണ്യ ഭൂമിയിലെത്തി. രാജ്യത്തെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥയായ നൈല ഹസന്‍ ആണ് ന്യൂസിലാന്റില്‍ ആക്രമണത്തില്‍ മരിച്ചവരുടെ ബന്ധുക്കളോടൊപ്പം ഹജ്ജ് കര്‍മ്മത്തിനായി രാജാവിന്റെ അതിഥിയായി പുണ്യ ഭൂമിയിലെത്തിയത്. ഇതൊരു പുതിയ ജീവിതാനുഭവമാണെന്നും വിശുദ്ധ കഅ്ബാലയം കണ്ടപ്പോള്‍ അടക്കാനാകാത്ത ആഹ്ലാദം കൊണ്ട് തനിക്ക് ശ്വാസം നിലച്ചതു പോലെ തോന്നിയെന്നും മക്കയിലെത്തിയ നൈല വ്യക്തമാക്കി.
പൂച്ചെണ്ടുകളും ഉപഹാരങ്ങളും സമ്മാനിച്ചും പാട്ടു പാടിയുമാണ് തന്നെയും സല്‍മാന്‍ രാജാവിന്റെ അതിഥികളായി ന്യൂസിലാന്റില്‍നിന്ന് എത്തിയ മറ്റുള്ളവരെയും സഊദി അധികൃതര്‍ സ്വീകരിച്ചത്. ഇത്തരമൊരു അനുഭവും ജീവിതത്തില്‍ മുമ്പൊരിക്കലും തനിക്കുണ്ടായിട്ടില്ല. സല്‍മാന്‍ രാജാവിന്റെ മഹാമനസ്‌കതക്ക് നന്ദി പറയുന്നു. ന്യൂസിലാന്റ് ജനതയോട് വിശ്വസിക്കാനാവാത്ത ഉദാരതയാണ് സല്‍മാന്‍ രാജാവ് കാണിച്ചതെന്നും നൈല ഹസന്‍ പറഞ്ഞു.
മാര്‍ച്ച് 15 ന് വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനിടെ ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ടു മസ്ജിദുകളില്‍ ഓസ്‌ട്രേലിയന്‍ ഭീകരന്‍ നടത്തിയ വെടിവെപ്പില്‍ 51 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം മുസ്‌ലിംകള്‍ക്ക് പിന്തുണ പ്രകടിപ്പിച്ച് ഓക്‌ലാന്റില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നൈല ഹസന്‍ വികാരനിര്‍ഭരമായി സംസാരിച്ചതോടെയാണ് ലോക മാധ്യമങ്ങളുടെ ശ്രദ്ധ ഈ വനിതാ പോലീസ് ഓഫീസറില്‍ കേന്ദ്രീകരിച്ചത്. ഇസ്‌ലാമിക അഭിവാദ്യം കൊണ്ട് തുടങ്ങിയ പ്രസംഗത്തില്‍, മുസ്‌ലിം സമൂഹത്തിനും ആക്രമണത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന എല്ലാവര്‍ക്കും പോലീസ് പിന്തുണ നല്‍കുമെന്ന് ജനക്കൂട്ടത്തിന് നൈല ഹസന്‍ ആക്രമണത്തിനിരയായവരുടെ കുടുംബങ്ങള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു.
ന്യൂസിലാന്റ് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചവരുടെ ബന്ധുക്കളും ആക്രമണത്തില്‍ പരിക്കേറ്റവരുമായ 200 പേര്‍ക്ക് ആണ് സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഹജ് നിര്‍വഹിക്കുന്നതിന് ഈ വര്‍ഷം അവസരം ലഭിച്ചിരിക്കുന്നത്. വ്യക്തിപരമായ ആത്മീയ യാത്രയേക്കാള്‍ ഉപരി ന്യൂസിലാന്റ് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സ്ത്രീകളുടെയും ആക്രമണത്തില്‍ വിധവകളായി മാറിയ വനിതകളുടെയും പ്രതിനിധിയായും അവരെ പിന്തുണക്കുന്നതിനുമാണ് താന്‍ ഇവിടെ എത്തിയിരിക്കുന്നതെന്നു നൈല ഹസന്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."