ഇടുക്കിയില്‍ എട്ടിടത്ത് ഉരുള്‍പൊട്ടല്‍; 4.34 കോടിയുടെ കൃഷി നാശം വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ആളൊഴിഞ്ഞ നിലയില്‍
തൊടുപുഴ: ഇടുക്കിയില്‍ രണ്ട് ദിവസമായി തുടര്‍ന്ന ശക്തമായ മഴക്ക് നേരിയ ശമനം. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തുടരുന്നു. വെള്ളം കയറിയും റോഡ് തകര്‍ന്നും നിരവധി മേഖലകളാണ് ഒറ്റപ്പെട്ട് കിടക്കുന്നത്.
കേരളത്തിലെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടി. സൊസൈറ്റിക്കുടി, ആണ്ടവന്‍ കുടി, ഇരുപ്പേല്‍ കുടി മേഖലകളിലാണ് ഉരുള്‍പൊട്ടിയത്. കുമളി വെള്ളാരം കുന്നില്‍ ഉരുള്‍പൊട്ടി രണ്ട് വീടുകള്‍ തകര്‍ന്നു. സമീപ പ്രദേശങ്ങളായ കന്നമാര്‍ചോല, ഒട്ടകതലമേട്, എസ് വളവ് എന്നിവിടങ്ങളിലും ഉരുള്‍പൊട്ടി. അഞ്ച് ചെറുകിട അണക്കെട്ടുകളാണ് ജില്ലയില്‍ നിലവില്‍ തുറന്നിരിക്കുന്നത്.
ഇന്നലെ റെഡ് അലര്‍ട്ട് നിലവിലുണ്ടായിരുന്നെങ്കിലും രാവിലെ ഏഴ് മണിവരെയാണ് കനത്തമഴ തുടര്‍ന്നത്. പിന്നീട് ഇടവിട്ട് ശക്തി കുറഞ്ഞ മഴയാണ് ലഭിച്ചത്. ദിവസങ്ങളായി വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് മൊബൈല്‍ ടവറുകളുടെ അടക്കം പ്രവര്‍ത്തനം ഹൈറേഞ്ചില്‍ മിക്കയിടത്തും നിലച്ചു. മൂന്നാര്‍, മറയൂര്‍, കുമളി, വണ്ടിപ്പെരിയാര്‍ മേഖലകളെല്ലാം ഒറ്റപ്പെട്ട നിലയിലാണ്.
കാറ്റിലും മഴയിലും ജില്ലയില്‍ കനത്ത വിളനാശവും ഉണ്ടായിട്ടുണ്ട്. കൂടുതല്‍ മഴ പെയ്ത കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മാത്രം 4,34,36,440 രൂപയുടെ കൃഷിനാശമുണ്ടായതായാണ് കണക്ക്. 2981 കര്‍ഷകരുടെയായി 911.9 ഹെക്ടര്‍ കൃഷിഭൂമിയിലെ വിളകളാണ് നശിച്ചത്. കൊട്ടാരക്കര - ദിണ്ടിക്കല്‍ ദേശീയ പാതയില്‍ ഇന്നലെ വൈകിട്ടോടെ ഗതാഗതം പുനഃസ്ഥാപിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം ആളൊഴിഞ്ഞ നിലയിലാണ്. ചെറുതോണിയില്‍ ചുരുളി ഉപദേശിക്കുന്ന് പാലം തകര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."