മലബാര്‍ മേഖല ഒറ്റപ്പെടുന്നു
കുളപ്പുള്ളി: കനത്ത പേമാരിയില്‍ മലബാര്‍ മേഖല ഒറ്റപ്പെടുന്നു. മലബാറില്‍നിന്ന് ഷൊര്‍ണൂരിലേക്കുള്ള ട്രെയിന്‍ സര്‍വിസ് നിര്‍ത്തിവച്ചു. പാലക്കാട് - ഷൊര്‍ണൂര്‍ റെയില്‍പാതയിലെ ഗതാഗതവും റദ്ദാക്കി. ചാലിയാര്‍ പുഴയില്‍ ക്രമാതീതമായി ജലം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. ഫറോക്കിനും കല്ലായിക്കുമിടയില് ട്രാക്ക് സസ്പെന്റ് ചെയ്തുവെന്ന് റെയില്‍വേ അറിയിച്ചു. ഷൊര്ണൂറിനും കുറ്റിപ്പുറത്തിനുമിടയിലും ട്രാക്ക് സസ്പെന്റ് ചെയ്തിട്ടുണ്ട്. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും തുടരുന്നതിനാലാണ് കുറ്റിപ്പുറത്തിനും ഷൊര്ണൂരിനുമിടയിലെ ട്രെയിന്‍ സര്‍വിസ് നിര്‍ത്തിവച്ചിരിക്കുന്നത്. ഇപ്പോള്‍ ട്രെയിനുകള്‍ ഏത് സ്റ്റേഷനിലാണോ അവിടെ യാത്രക്കാരെ ഇറക്കാനാണ് റെയില്‍വേ നല്‍കിയിരിക്കുന്ന നിര്‍ദേശം.
റെയില്‍വേ സ്റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തിയിടാന്‍ സൗകര്യമില്ലെങ്കില്‍ തൊട്ടടുത്ത് സൗകര്യമുള്ള സ്റ്റേഷനിലേക്ക് കാലിയായി ട്രെയിന്‍ പോകാനും റെയില്‍വേ നിര്‍ദേശിച്ചു. പട്ടാമ്പി കൊടുമുണ്ടക്ക് സമീപം ഇന്നലെ പുലര്‍ച്ചെ അഞ്ചിന് മംഗലാപുരം ഭാഗത്തേക്ക് പോകുന്ന ചെന്നൈ മെയില്‍ പോത്തുകളെ ഇടിച്ച് ഗതാതം തടസപ്പെട്ടിരുന്നു. പള്ളിപ്പുറം റയില്‍വേ ട്രാക്കില്‍ വെള്ളം കയറിയതോടെ യാത്രക്കാരെ പ്ലാറ്റ് ഫോമിലേക്ക് പ്രവേശിപ്പിച്ചില്ല. ജലനിരപ്പ് താഴാതെ ഈ റൂട്ടില്‍ ട്രയിന്‍ ഗതാഗതം സാധ്യമല്ലെന്നാണ് റെയില്‍വേ വ്യക്തമാക്കുന്നത്. ഇതോടെ മലബാറില്‍നിന്ന് ഷൊര്‍ണൂരിലേക്കുള്ള റെയില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."