സ്ഥിരം അധ്യാപകരില്ല; ജില്ലയിലെ സ്‌കൂളുകളില്‍ പഠിപ്പിക്കുന്നത് താല്‍ക്കാലിക അധ്യാപകര്‍
കൊണ്ടോട്ടി: ജില്ലയിലെ സ്‌കൂളുകളില്‍ അധ്യപക ഒഴിവുകള്‍ നികത്താതെ പി.എസ്.സി താല്‍ക്കാലിക അധ്യാപകാരെ കൊണ്ട് നിറക്കുന്നു. ജില്ലയില്‍ എല്‍.പി സ്‌കൂളുകളില്‍ മാത്രം അഞ്ഞൂറിലധികം ഒഴിവുകളുണ്ടെന്നിരിക്കെ ഒന്നില്‍ പോലും സ്ഥിരനിയമനം ഈ വര്‍ഷം നടത്തിയിട്ടില്ല. ഇതോടെ അധ്യായത്തിന്റെ തുടക്കത്തില്‍ തന്നെ താല്‍ക്കാലിക അധ്യാപകരെ ദിവസ വേതനത്തില്‍ നിയമിച്ച് പ്രവര്‍ത്തിപ്പിക്കുകയാണ്.
നാലു അധ്യാപകരില്‍ മൂന്നുപേരും താല്‍ക്കാലിക അധ്യാപകര്‍ ജോലി ചെയ്യുന്ന സ്‌കൂളുകളടക്കം ജില്ലയിലുണ്ട്. സ്ഥിരം അധ്യാപകരെ നിയമിക്കാത്തത് തുടര്‍ പഠനത്തേയും സ്‌കൂള്‍ പ്രവൃത്തികളേയും ബാധിക്കുന്നുണ്ട്. ഓണം കഴിഞ്ഞാല്‍ സ്ഥിരം നിയമനമുണ്ടാകുമെന്നറിയിപ്പുണ്ടായെങ്കിലും നടപടികളെങ്ങുമെത്തിയിട്ടില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ സ്‌കൂളുകളുളളത് മലപ്പുറം ജില്ലയിലാണ്.
ജില്ലയില്‍ അധ്യാപക ഒഴുവുകള്‍ കൂടുതലുണ്ടായിട്ടും സ്ഥിരം നിയമനം നടത്താതെ പി.എസ്.സി വൈകിപ്പിക്കുകയാണെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. നാലു വര്‍ഷം മുന്‍പാണ് എല്‍.പി, യു.പി പരീക്ഷക്കുള്ള വിജ്ഞാപനം പി.എസ്.സി ഇറക്കിയത്. എന്നാല്‍ പരീക്ഷക്ക് വേണ്ടി ഉദ്യോഗാര്‍ഥികള്‍ കാത്തിരിക്കേണ്ടി വന്നത് രണ്ട് വര്‍ഷമാണ്. കഴിഞ്ഞ ജനുവരിയില്‍ ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചെങ്കിലും പത്തുമാസം കഴിഞ്ഞിട്ടും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ പി.എസ്.സിക്ക് കഴിഞ്ഞിട്ടില്ല.നിയമനം കാത്ത് കഴിയുന്ന ഉദ്യോഗാര്‍ഥികളാണ് ഇതോടെ പ്രയാസത്തിലായിരിക്കുന്നത്. പലര്‍ക്കും ഇനിയും പരീക്ഷകളെഴുതാന്‍ പ്രായവും സമ്മതിക്കുന്നില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു.
സംസ്ഥാനത്ത് ആറായിരം അധ്യാപകരെ ഈ വര്‍ഷം നിയമിക്കുമെന്ന് പി.എസ്.സി ചെയര്‍മാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. റാങ്ക് ലിസ്റ്റ് പെട്ടെന്ന് പ്രസിദ്ധീകരിക്കുമെന്നറിയിച്ചതോടെയാണ് 18 ബോര്‍ഡുകളെവച്ച് തിരുവനന്തപുരത്ത് അഭിമുഖം നടത്തിയത്. എന്നാല്‍ അഭിമുഖം നടത്താനുള്ള വേഗത റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതില്‍ പി.എസ്.സിക്കില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."