ചാലക്കുടിപ്പുഴ കരകവിഞ്ഞു, നിരവധി വീടുകള്‍ വെള്ളത്തില്‍
കൊച്ചി: പെരിയാറില്‍ ഇന്നലെ രാവിലെ ആറുമണിക്ക് ശേഷം ജലനിരപ്പ് കാര്യമായി ഉയര്‍ന്നിട്ടില്ലെങ്കിലും ചാലക്കുടി ആറ് ഭീതിജനകമായ രീതിയില്‍ കവിഞ്ഞൊഴുകുന്നത് കാരണം വിവിധ പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നു. കുന്നുകര, കരുമാലൂര്‍, പുത്തന്‍വേലിക്കര, ചെങ്ങമ്മനാട് എന്നിവിടങ്ങളിലെ വീടുകളില്‍ വെള്ളം കയറിയതിനെതുടര്‍ന്ന് കുടുംബങ്ങളെ വിവിധ ക്യാംപുകളിലേക്ക് മാറ്റി. ഇന്നലെ മഴ കുറവായിരുന്നിട്ടും മൂവാറ്റുപുഴയിലെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. മലങ്കര, ഭൂതത്താന്‍കെട്ട് ഡാമുകളുടെ ഷട്ടറുകള്‍ തുറന്നതാണ് വെള്ളം കയറാന്‍ കാരണം. ഇലാഹിയ നഗര്‍, പെരുമറ്റം, പുന്നമറ്റം, കടാതി, മാര്‍ക്കറ്റ്, കാളചന്ത എന്നിവിടങ്ങളില്‍ മുന്നൂറോളം വീടുകള്‍ വെള്ളത്തിനടിയിലായി. നിരവധി വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി.
കൊച്ചി-ധനുഷ്‌കോടി ദേശീപാതയില്‍ കോതമംഗലത്തിനടുത്ത് കോഴിപ്പിള്ളി അരമനപ്പടി മുതല്‍ ഒരു കിലോമീറ്ററോളം വെള്ളത്തിനടിയിലായതിനെ തുടര്‍ന്ന് ഇവിടുത്തെ ഗതാഗതം നിലച്ചു. കോതമംഗലത്ത് സ്വകാര്യബസ് ഒഴുക്കില്‍പെട്ടതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി ബസ് കയര്‍കൊണ്ട് മരത്തില്‍ കെട്ടിയിട്ടു. യാത്രക്കാരെ സുരക്ഷിതസ്ഥാനത്തെത്തിച്ചു. ആദിവാസികോളനിയായ കുട്ടമ്പുഴ വെള്ളം കയറിയതിനെ തുടര്‍ന്ന് ഒറ്റപ്പെട്ട നിലയിലാണ്. കനത്തമഴയെതുടര്‍ന്ന് വന്‍കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."