ചാഴൂരിലെ വട്ടനിലങ്ങളില്‍ വിജയമായി താമര കൃഷി
അന്തിക്കാട്: ചാഴൂരിലെ വട്ട നിലങ്ങളില്‍ താമര കൃഷിയുടെ വിജയഗാഥ വിരിയുന്നു.
ചാഴൂര്‍ പഞ്ചായത്തിലെ കുട്ടാടന്‍ പാടം, പുള്ള് കോള്‍, വട്ട നിലങ്ങള്‍ എന്നിവിടങ്ങളില്‍ നിരവധി കര്‍ഷകരാണ് താമരപ്പൂ കൃഷി നടത്തി വിജയം നേടുന്നത്. ദിവസവും ആയിരത്തിലധികം പൂക്കളാണ് ഇവിടെ നിന്നും പറിച്ചെടുക്കുന്നത്. ദൂരെ സ്ഥലങ്ങളിലേക്കു മൊട്ടുകളായാണു കൊണ്ടു പോകുന്നത്. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം, ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍, തൃപ്രയാര്‍ ഉള്‍പ്പെടെ ഒട്ടേറെ ക്ഷേത്രങ്ങളിലേക്ക് പൂക്കള്‍ ഇവിടെ നിന്നാണ് കൊണ്ടു പോകുന്നത്. ഒരു പൂവിനു മൂന്നു രൂപയാണ് വില. പൊതു വിപണിയില്‍ അഞ്ചു രൂപ വില വരും. നവരാത്രി, ശബരിമല സീസണുകളില്‍ പൂവിനു ആവശ്യക്കാര്‍ ഏറെയാണ്. കപ്പലണ്ടി പിണ്ണാക്ക്, ചാണകം എന്നിവയാണു വളം.
കൃഷിക്ക് ആവശ്യമായ വെള്ളം കോള്‍ പടവില്‍ നിന്നു ലഭിക്കും. മൊട്ടുകള്‍ തിന്നു നശിപ്പിക്കുന്ന എലികളാണ് ഏറെ ഭീഷണിയെന്ന് കര്‍ഷകര്‍ പറയുന്നു. താമര വള്ളികള്‍ സമീപത്തെ പാടങ്ങളിലേക്കു പടര്‍ന്നു പിടിക്കുന്നതു കര്‍ഷകര്‍ക്ക് ഏറെ അനുഗ്രഹമാണ്. പാടത്തു പുല്ലുകയറാതെ നോക്കുകയാണു കര്‍ഷകരുടെ പ്രധാന ജോലി. മേഖലയിലെ ഒട്ടേറെ പേരാണ് താമരപ്പൂ കൃഷിയിലേക്കു കടന്നു വരുന്നത്. പ്രളയത്തില്‍ ഏക്കര്‍ കണക്കിന് സ്ഥലത്തെ പൂ കൃഷി നശിച്ചു. ലക്ഷകണക്കിനു രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായത്. പണ്ടം പണയം വെച്ചും അമിത പലിശക്ക് ബാങ്കില്‍ നിന്നു പണം വായ്പയെടുത്തുമാണ് ഭൂരിഭാഗം കര്‍ഷകരും പൂ കൃഷി ചെയ്തിട്ടുള്ളത്. കൃഷി നശിച്ചവര്‍ക്കു സര്‍ക്കാര്‍ അടിയന്തിര സഹായം നല്‍കണമെന്നു കര്‍ഷകര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."