കൂത്താട്ടുകുളത്ത് കെ.എസ്.ആര്.ടി.സി വനിതാ ജീവനക്കാര്‍ക്കു നേരെ അതിക്രമം
കൂത്താട്ടുകുളം: കെ.എസ്.ആര്.ടി.സി ഡിപ്പോയിലെ ചാര്ജ്മാന് വനിതാ ജീവനക്കാരോട് മോശമായി പെരുമാറിയതായി പരാതി. ചാര്ജ്മാന് ജിബിമോനെതിരെ ടിക്കറ്റ് ആന്‍ഡ് ക്യാഷ് വിഭാഗത്തിലെ ക്ലറിക്കല്‍ ജീവനക്കാരായ രണ്ട് വനിതാ ജീവനക്കാരാണ് ജനറല്‍ കണ്ഡ്രോളിങ് ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.
ജോലിസമയങ്ങളില്‍ മോശമായി സംസാരിക്കുകയും പെരുമാറുകയും ചെയ്തെന്നാണ് പരാതി. കൂത്താട്ടുകുളം കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ക്ക് നല്കിയ പരാതി തുടര്‍ നടപടികള്‍ക്കായി പിറവം എ.ടി.ഓക്ക് കൈമാറിയെങ്കിലും ഇതുവരെയും യാതൊരുവിധ അന്വേഷണവും ആരംഭിച്ചിട്ടില്ല.
ഉന്നത ഉദ്യോഗസ്ഥന് വഴി പരാതി പിന്‍വലിപ്പിക്കുവാനുള്ള ശ്രമവും നടക്കുന്നുണ്ട്. അന്വേഷണം അട്ടിമറിക്കുവാനുള്ള നീക്കത്തിനെതിരെ ഭരണ പ്രതിപക്ഷ യൂനിയനുകള്‍ ശക്തമായ പ്രതിഷേധത്തിലാണ്. കുറ്റക്കാരനെതിരേ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ പ്രതിഷേധം കടുപ്പിക്കുമെന്ന് യൂനിയന്‍ നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."