രക്ഷാപ്രവര്‍ത്തനത്തിന് വിപുലമായ സംവിധാനങ്ങളുമായി പൊലിസ്
തിരുവനന്തപുരം: കാലവര്‍ഷക്കെടുതികള്‍ നേരിടുന്നതിനും ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കുന്നതിനുമായി പൊലിസിലെ എല്ലാ വിഭാഗത്തെയും സംസ്ഥാനത്തെമ്പാടുമായി നിയോഗിച്ചു.
ലോക്കല്‍ പൊലിസിനെ കൂടാതെ കേരളാ ആംഡ് പൊലിസ് ബറ്റാലിയനുകള്‍, സ്പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പെടെയുള്ള പ്രത്യേക യൂണിറ്റുകള്‍ എന്നിവിടങ്ങളിലെ എല്ലാ വിഭാഗത്തിലുംപെട്ട പൊലിസ് ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
ഇന്ത്യ റിസര്‍വ് ബറ്റാലിയന്, റാപ്പിഡ് റെസ്പോണ്‍സ് റെസ്ക്യൂ ഫോഴ്സ്, നാലു റെയ്ഞ്ചുകളിലെയും ഡിസാസ്റ്റര്‍ റിലീഫ് ടീം എന്നിവയില്‍നിന്ന് ഉള്‍പ്പെടെ ദുരിത നിവാരണ മേഖലയില്‍ പ്രത്യേക പരിശീലനം നേടിയ 1,850 പേരെ വിവിധ ജില്ലകളില്‍ അധികമായി വിന്യസിച്ചു. മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ പൊലിസ് സ്റ്റേഷനുകളിലും ജെ.സി.ബികള്‍ എത്തിക്കാന്‍ ഏര്‍പ്പാടു ചെയ്തു. പൊലിസിന്റെ കൈവശമുള്ള ചെറുതും വലുതുമായ എല്ലാത്തരം വാഹനങ്ങളും ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ട്.
വാര്‍ത്താവിനിമയബന്ധം തകരാറിലായ സ്ഥലങ്ങളില്‍ പൊലിസിന്റെ വയര്‍ലസ് സെറ്റും സാറ്റലൈറ്റ് ഫോണുകളും ഉപയോഗിക്കും. ദുരിതാശ്വാസകേന്ദ്രങ്ങളില്‍ പ്രത്യേക സുരക്ഷാസംവിധാനവും കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് പോസ്റ്റ്മാര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിട്ടുനല്‍കുന്നതിന് പൊലിസ് സഹായം ലഭ്യമാക്കും.
സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും മാര്‍ഗനിര്‍ദേശം നല്കുന്നതിനുമായി രാവിലെയും വൈകിട്ടും സംസ്ഥാന പൊലിസ് മേധാവി ജില്ലാ പൊലിസ് മേധാവിമാരുമായി വീഡിയോ കോണ്‍ഫന്‍സ് വഴി ആശയവിനിമയം നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."