ബന്‍വാരി ദേവി കൊല: മുഖ്യപ്രതി ആറു വര്‍ഷത്തിനുശേഷം അറസ്റ്റില്‍
ഭോപാല്‍: പ്രമാദമായ ബന്‍വാരി ദേവി കൊലപാത കേസിലെ മുഖ്യസൂത്രധാരയെ ആറുവര്‍ഷത്തിനു ശേഷം പിടികൂടി. ഇന്ദിരാ ബിഷ്നോയി(55) ആണ് രാജസ്ഥാന് പൊലിസിനു കീഴിലുള്ള ഭീകരവിരുദ്ധ സ്ക്വാഡിന്റെ പിടിയിലായത്.
2011 സെപ്റ്റംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. നഴ്സായിരുന്ന ബന്‍വാരി ദേവിയെ ജോധ്പൂരിലെ വീട്ടില്‍നിന്നു കാണാതായി മാസങ്ങള്‍ക്കു ശേഷം കനാലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവതിയുമായി ബന്ധപ്പെട്ട ലൈംഗികകേസ് ഒതുക്കാനായി അന്നത്തെ രാജസ്ഥാന് മന്ത്രി മഹിപാല്‍ സിങ് മഡേണ പണം നല്കുന്ന ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടിരുന്നു. ഇതേതുടര്‍ന്ന് മഡേണ മന്ത്രിസഭയില്‍നിന്നു പുറത്താക്കപ്പെട്ടു. ഇതിനു പിറകെയാണ് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മഡേണക്കും എം.എല്‍.എയായിരുന്ന മല്‍ഖാന്‍ സിങ് ബിഷ്നോയിക്കും ഇന്ദിരാ ബിഷ്നോയിക്കുമെതിരേ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ദേവാസ് ജില്ലയിലെ നേമാവാറില് നര്‍മദാ നദിക്കരയിലുള്ള വീട്ടില്‍ വച്ചാണ് ഇന്ദിരാ ബിഷ്നോയി പിടിയിലായത്. വന്‍ തിരച്ചില്‍ നടത്തിയിട്ടും ഒരു തുമ്പും ലഭിക്കാത്തതിനെ തുടര്‍ന്ന് ബിഷ്നോയിയെ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് പൊലിസ് അഞ്ചുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."