ഹരിപ്പാട് 200 കോടിയുടെ കുടിവെള്ള പദ്ധതി ഇഴയുന്നു
ഹരിപ്പാട്: നിയോജകമണ്ഡലത്തിലെ എല്ലാപഞ്ചായത്തുകളിലേക്കും കുടിവെള്ളം സുലഭമായി ലഭിക്കുകയെന്ന ഉദ്ദേശത്തോടെസ്ഥലം എം.എല്‍.എയും പ്രതിപക്ഷനേതാവുമായ രമേശ് ചെന്നിത്തല മുന്‍കൈയെടുത്ത് 200 കോടിരൂപ മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന ഹരിപ്പാട് കുടിവെള്ള പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നു. ഫണ്ട് കൃത്യമായി ലഭിക്കാത്തതും ചില ഗ്രാമപഞ്ചായത്തുകളും രാഷ്ട്രീയപാര്‍ട്ടികളും പ്രതിഷേധമായി രംഗത്ത് വന്നതും കാരണമായി പറയപ്പെടുന്നു.
മാന്നാര്‍ പഞ്ചായത്തിലെ മുല്ലശേരിക്കടവില്‍നിന്നാണ് പദ്ധതിക്ക് ആവശ്യമായ വെള്ളം ശേഖരിക്കുന്നത്. ഇതിനോടനുബന്ധിച്ച് ഇവിടെ കിണര്‍, പമ്പ്ഹൗസ്, ഇലക്ട്രിക്കല്‍ സബ്‌സ്റ്റേഷന്‍ എന്നിവസ്ഥാപിക്കണം. ഇതുവരെ ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നുംതന്നെ തുടങ്ങിയിട്ടില്ല. ആദ്യഘട്ടമെന്ന നിലയില്‍ മണ്ണ്പരിശോധനയാണ് നടക്കുന്നത്. ഇവിടെനിന്ന് ശേഖരിക്കുന്ന വെള്ളം ഒന്‍പത് കിലോമീറ്റര്‍ ദൂരത്തിലുള്ള പള്ളിപ്പാട്ടെ ജലശുദ്ധീകരണ ശാലയിലെത്തുന്നത് പൈപ്പ് ലൈനിലൂടെയാണ്. ഇതുമായി ബന്ധപ്പെട്ട് വിവിധസ്ഥലങ്ങളില്‍ 11 ഓവര്‍ഹെഡ് ടാങ്കുകള്‍ സ്ഥാപിക്കണം. വിവിധഘട്ടങ്ങളിലായാണ് ജോലികള്‍ നടക്കേണ്ടത്.
30 വര്‍ഷത്തേക്കാവശ്യമായ ജലം മുന്നില്‍ കണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഒരാളിന് ഒരു ദിവസം70 ലിറ്റര്‍ ജലം ലഭിക്കത്തക്ക രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. 2016 മാര്‍ച്ചിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മൂന്ന് വര്‍ഷംകൊണ്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനായിരുന്നു ലക്ഷ്യം. പള്ളിപ്പാട്ട് ആഞ്ഞലിമ്മൂട്ടില്‍ പാലത്തിന് കിഴക്ക് വശത്തുള്ള മൂന്നര ഏക്കര്‍ പാടശേഖരം ജല അഥോറിറ്റി വിലയ്ക്കു വാങ്ങിയിരുന്നു. ഇവിടെയാണ് പ്രതിദിനം 50 ദശലക്ഷം ലിറ്റര്‍ ജലം ശുദ്ധീകരിക്കാന്‍ശേഷിയുള്ള സംഭരണി നിര്‍മിക്കുന്നത്.
ഇതിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. 70 തൊഴിലാളികളാണ് ഇവിടെ ജോലിചെയ്യുന്നത്. എന്നാല്‍ മാന്നാര്‍ പഞ്ചായത്തിലെ മുല്ലശേരികടവിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂ വകുപ്പ് പുറമ്പോക്ക് ഭൂമി ജലഅഥോറിറ്റിക്ക് വിട്ടുകൊടുക്കുകയായിരുന്നു. ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നുംതന്നെ തുടങ്ങിയിട്ടില്ല. മാന്നാര്‍ ഗ്രാമപഞ്ചായത്തില്‍ കുടിവെള്ള ക്ഷാമവും, കൃഷിക്ക് വെള്ളം ലഭിക്കാതെവരികയും ചെയ്യുമെന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധവുമായി ഗ്രാമപഞ്ചായത്ത് രംഗത്തുവന്നത്.
പ്രശ്‌നപരിഹാരമായി പ്രത്യേക കുടിവെള്ള പദ്ധതിയും ഇവിടെയുണ്ടാക്കുമെന്ന ഉറപ്പിലാണ് പ്രതിഷേധം നിര്‍ത്തിയത്. മൂന്ന് ഘട്ടങ്ങളിലാണ് പദ്ധി യാഥാര്‍ത്ഥ്യമാകുന്നത്. ഒന്നാം ഘട്ടം- പള്ളിപ്പാട്ടെ ജലശുദ്ധീകരണശാലയുടെ നിര്‍മാണം, രണ്ടാംഘട്ടം- ഒന്‍പത് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോവാട്ടര്‍ പമ്പിങ്ങ് മിഷന്‍, 14ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ഉപരിതല സംഭരണി, ആവശ്യമായ ട്രാന്‍സ്‌ഫോര്‍മര്‍, പമ്പ് ഹൗസ് എന്നിവയും, മൂന്നാം ഘട്ടം- ചേപ്പാട് ,ഹരിപ്പാട് , ചിങ്ങോലി, ചെറുതന, മുതുകുളം, കുമാരപുരം, കരുവാറ്റ, കാര്‍ത്തികപ്പള്ളി, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ എന്നിവിടങ്ങളില്‍ ജലസംരണികളും 60 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ക്ലിയര്‍ വാട്ടര്‍ പൈപ്പും സ്ഥാപിക്കും. സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കുന്നതിനും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."