ഗ്രാമീണ റോഡുകള്‍ പൂര്‍ണമായും തകര്‍ന്നു; മരാമത്ത് വകുപ്പ് നിഷ്‌ക്രിയം
നെയ്യാറ്റിന്‍കര: താലൂക്കിലെ ഗ്രാമീണ റോഡുകളെല്ലാം പൂര്‍ണമായി തകര്‍ന്നു. പൊതുമരാമത്ത് വകുപ്പ് നോക്കുകുത്തിയായി മാറുന്നു. ജനരോഷം ശക്തമാകുന്നു. കഴിഞ്ഞ മഴയ്ക്കു മുന്‍പു തന്നെ തകര്‍ന്നു തുടങ്ങിയ റോഡുകള്‍ മഴയ്ക്കു ശേഷം ഒരു കിലോ മീറ്ററില്‍ 500 കുഴികള്‍ എന്ന നിലയില്‍ എത്തി നില്‍ക്കുന്നു.
കാരക്കോണം മുതല്‍ കള്ളിക്കാടുവരെ പതിനായിരത്തിലേറെ കുഴികള്‍ രൂപാന്തരപ്പെട്ട് ഗതാഗതം താറുമാറായി. യഥേഷ്ടം ബസ് സര്‍വിസുകള്‍ ഉണ്ടായിരുന്ന റൂട്ടില്‍ ബസ് സര്‍വിസുകള്‍ എന്‍പത് ശതമാനത്തോളം നിലച്ചു. വര്‍ഷം തോറും നവീകരണം നടത്തിയിരുന്ന റോഡില്‍ അവ നിലച്ചിട്ട് കാലങ്ങളേറെയായി.
താലൂക്കിലെ മലയോര മേഖലകളായ ചൂണ്ടിക്കല്‍-ആറാട്ടുകുഴി, കൂതാളി-കൂട്ടാപ്പു റോഡ്, കൊടപ്പനമൂട്-ചപ്പാത്ത് റോഡ്, തട്ടാന്‍മുക്ക്-മായം, കിളിയൂര്‍-കള്ളിമൂട്, പേരെക്കോണം-മണ്ഡപത്തിന്‍കടവ്, മണ്ണാംകോണം-പാലിയോട്, മുള്ളിലവുവിള-ചാമവിള തുടങ്ങിയ റോഡുകള്‍ തകര്‍ന്നതുകാരണം വാഹന ഗതാഗതം ഭാഗികമായി.
എള്ളുവിള-നാറാണി, നാറാണി-അരുവിയോട്, പഞ്ചാകുഴി-പനച്ചമൂട്, കാരക്കോണം-മഞ്ചവിളാകം, അമരവിള തുടങ്ങിയ റോഡുകളും തകര്‍ന്നിട്ട് കാലങ്ങളേറെയായി.
ബാലരാമപുരം-കാട്ടാക്കട റോഡ്, മൂലക്കോണം- നെയ്യാറ്റിന്‍കര റോഡ്, വഴിമുക്ക്-കാഞ്ഞിരംകുളം റോഡ്, കൊടങ്ങാവിള-കമുകിന്‍കോട് റോഡ്, അമരവിള-പാറശാല തുടങ്ങിയ റോഡുകളുടെ അവസ്ഥയും മറ്റൊന്നല്ല. മലയോര ഹൈവേ കടന്നു പോകുന്ന റോഡിന്റെ സ്ഥിതി അതിദയനീയം എന്നാണ് പൊതുജന അഭിപ്രായം.
മുന്‍പ് റെബറൈസ്ഡ് ചെയ്ത ഈ റോഡ് മൂന്ന് മാസം കഴിയും മുന്‍പ് പൂര്‍ണമായും തകര്‍ന്നതായും പൊതുജനങ്ങള്‍ക്കിടയില്‍ ശക്തമായ ആക്ഷേപമുണ്ട്. കാലാകാലങ്ങളില്‍ അറ്റകുറ്റ പണികള്‍ നടത്താന്‍ സര്‍ക്കാരും മരാമത്ത് വകുപ്പും തയാറാകാത്തതാണ് ഈ ദുരവസ്ഥയ്ക്ക് പ്രധാന കാരണം.കാലവര്‍ഷം തുടങ്ങും മുന്‍പ് പല കുഴികളും നാട്ടുകാര്‍ മണ്ണിട്ട് മൂടിയിരുന്നു. മഴക്കാലമായപ്പോള്‍ അവയെല്ലാം വിശാലമായ കുഴികളായി മാറി.
ഈ റൂട്ടുകളില്‍ വാഹനങ്ങള്‍ക്ക് ഒരു കിലോ മീറ്റര്‍ കടക്കാന്‍ ഇരുപതോളം മിനിറ്റ് വേണമെന്നാണ് വാഹന ഉടമകള്‍ പറയുന്നത്. ഏറ്റവും കൂടുതല്‍ ദുരന്തം അനുഭവിക്കുന്നത് ഗര്‍ഭിണികളും കൊച്ചു കുട്ടികളുമാണ്. വാഹനങ്ങള്‍ കുഴിയില്‍ ചാടുമ്പോള്‍ ഉണ്ടാകുന്ന ആഘാതം ഇവര്‍ക്ക് കനത്ത പ്രഹരമാണ് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."