അക്രമിസംഘം വീട് അടിച്ചു തകര്‍ത്ത സംഭവം; പൊലിസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി
കല്ലമ്പലം: കാറിലെത്തിയ അക്രമിസംഘം വീട് അടിച്ച് തകര്‍ത്ത സംഭവത്തില്‍ പള്ളിക്കല്‍ പൊലിസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി. മടവൂര്‍ കക്കോട് പറങ്കിമാംവിള ബൈത്തുല്‍ യാസീനില്‍ നദീറി (52) ന്റെ വീടാണ് വ്യാഴാഴ്ച രാത്രി 9.45 ഓടെ നാലംഗസംഘം അടിച്ചു തകര്‍ത്തത്.
സംഭവ സമയം നദീറിന്റെ വിദ്യാര്‍ഥികളായ മൂന്ന് മക്കള്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. കക്കോട് ഭാഗത്ത് നിന്നും കാറിലെത്തിയ അക്രമികള്‍ കമ്പിപാരയും വാളുമായി ആക്രമണം നടത്തുകയായിരുന്നു. കമ്പിപാരയും വാളുകളും റോഡിലുരച്ച് ശബ്ദമുണ്ടാക്കിയാണ് ഇവര്‍ വീട്ടിലേയ്ക്ക് കടന്നത്. സംഘത്തില്‍ നാല് പേരാണ് ഉണ്ടായിരുന്നത്. വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചിട്ട് നടക്കാതെ വന്നതോടെ ജനല്‍ ചില്ലുകള്‍ അക്രമികള്‍ തകര്‍ത്തു.
പാര ഉപയോഗിച്ച് ജനല്‍ പാളികള്‍ തുറക്കാനുള്ള ശ്രമവും നടത്തി. ഭയന്ന കുട്ടികള്‍ നദിറിനെ ഫോണില്‍ വിവരമറിയിച്ചു. നിലവിളി കേട്ട് നാട്ടുകാരും ബന്ധുക്കളും ഓടിയെത്തിയപ്പോള്‍ അക്രമികള്‍ കാറില്‍ കയറി കാട്ടുപുതുശ്ശേരി ഭാഗത്തേക്ക് പോയി.
ജനല്‍ ചില്ലുകള്‍ വീണ് നദീറിന്റെ മകന്‍ മുഹമ്മദ് യാസീന്റെ കാലിന് മുറിവേറ്റു. സമീപത്തുള്ള പാറക്വാറിയിലെ ഗുണ്ടകളാകും ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.
ക്വാറിക്കെതിരേയുള്ള ജനകീയ സമരത്തില്‍ നദീറും കുടുംബവും ചേര്‍ന്നത് കൊണ്ടുള്ള വൈരാഗ്യമാകാം ആക്രമണത്തിന് പിന്നിലെന്നും സംശയമുണ്ട്.
പ്രതികളെക്കുറിച്ചു സൂചന ലഭിച്ചതായും സംഭവ സമയം കാട്ടുപുതുശേരി വഴി കടന്നുപോയ വാഹനങ്ങള്‍ സി.സി.ടി.വി ദൃശ്യങ്ങളിലൂടെ പരിശോധിക്കുമെന്നും പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും പള്ളിക്കല്‍ എസ്.ഐ ഗംഗാ പ്രസാദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."