വെള്ളമുണ്ട്; പ്രയോജനമില്ലാതെ നെയ്യാര്‍ഡാം
കാട്ടാക്കട: തലസ്ഥാനജില്ലയിലെ ഏക ജലസേചന അണക്കെട്ട് അതിന്റെ ലക്ഷ്യം കാണാതെ മരണത്തിലേയ്ക്ക്. കാര്‍ഷിക ക്ഷേമം മുന്‍നിറുത്തി ആരംഭിച്ച നെയ്യാര്‍ഡാം സത്യത്തില്‍ കര്‍ഷകരെ സംരക്ഷിക്കുന്നുവോയെന്ന ചോദ്യമുന്നയിക്കുകയാണ് കാട്ടക്കട പ്രദേശത്തെ കര്‍ഷകര്‍. രണ്ട് താലൂക്കുകളിലെ ജലസേചനത്തിനായി നിര്‍മിച്ച നെയ്യാറിന്റെ വലതു ഇടതുകര കനാലുകള്‍ കാടുകയറി നശിക്കുന്നതാണ് ഇവരെ അലട്ടുന്നത്.
15380 ഹെക്ടര്‍ സ്ഥലത്തെ ജലസേചനത്തിനാണ് ഡാം പണിതത്. അതിനായി ഇടതു ബാങ്ക് മെയിന്‍ കനാല്‍- 33.82 കി.മീ, വലതുകര കനാല്‍- 33.40 കി.മീ ബ്രാഞ്ച് കനാല്‍- 104 കി.മീ ആയക്കെട്ട് ഏരിയ- 11740 ഹെക്. ആയി ഡാം നിര്‍മാണം പൂര്‍ത്തിയായി. അതിനു പിന്നാലെ നിരവധി ബ്രാഞ്ച് കനാലുകളും നിര്‍മിച്ചു. ഒരു കാലത്ത് കര്‍ഷകരുടെകൂട്ടായിരുന്ന ഡാമാണ് ഇപ്പോള്‍ അവര്‍ക്ക് തന്നെ ദുരിതം തീര്‍ക്കുന്നത്. കാഡ എന്നപേരില്‍ കനാലുകള്‍ അറ്റകുറ്റ പണികള്‍ ചെയ്യാറുണ്ട്. അതിനായി കോടികള്‍ അനുവദിക്കാറുമുണ്ട്. പക്ഷേ അതൊക്കെ തീ വിഴുങ്ങി പക്ഷികളായി മാറി. കര്‍ഷകര്‍ക്ക് കൃഷിയടത്തിലേയ്ക്ക് വെള്ളം എത്തിക്കാന്‍ സാധിക്കുന്നില്ല. മുന്‍പ് കന്യാകുമാരി ജില്ലയിലെ വിളവന്‍കോട് താലൂക്കില്‍ വെള്ളം നല്‍കിയിരുന്നു. പിന്നീട് അവിടേയ്ക്കുള്ള വെള്ളം ഒഴുക്കുന്നത് നിറുത്തിവച്ചു. എന്നിട്ടും രണ്ട് താലൂക്കുകളിലെ കര്‍ഷര്‍ക്ക് വെള്ളം കൊടുക്കാന്‍ കഴിയുന്നില്ല. ബ്രാഞ്ച്, സബ് കനാലുകള്‍ അറ്റകുറ്റ പണികള്‍ ചെയ്യേണ്ടത് അതാത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്കാണ്.
ഇവിടെ വലതു ഇടതുകര കനാലുകള്‍ കാടുകയറി നശിക്കുന്നു. മണ്ണും, ചെളിയുംമൂടി പാഴ്‌ച്ചെടികള്‍ വളര്‍ന്ന് നാശത്തിന്റെ വക്കിലായിട്ടും കനാലുകളുടെ നവീകരണത്തിന് ഒരു നടപടിയും അധികൃതര്‍ സ്വീകരിക്കുന്നില്ല. ബ്രാഞ്ച്, സബ് കനാലുകളും കാടുകയറിയ നിലയിലാണ്. മണ്ണുമൂടിയും കാടുകയറിയും നാശത്തിന്റെ വക്കിലായ കനാല്‍ നവീകരിക്കാന്‍ ജലസേചന വകുപ്പ് അധികൃതര്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളോട് മാസങ്ങള്‍ക്കു മുന്‍പ് ആവശ്യപ്പെട്ടിരുന്നു. ഓരോ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും അതിര്‍ത്തിയില്‍ വരുന്ന കനാല്‍ നവീകരിക്കണമെങ്കില്‍ വലിയ തുക ചെലവഴിക്കേണ്ടിവരും. ഇത് ഓരോ പഞ്ചായത്തുകള്‍ക്കും താങ്ങാനാവുന്നതല്ല. അതോടെ അതും നടപ്പായില്ല.
വലതു, ഇടതുകര കനാലുകളുടെ ബണ്ടിലൂടെ പലസ്ഥലത്തും നടപ്പാതയും റോഡുമുണ്ട്. കനാലില്‍ പാഴ്‌ച്ചെടികള്‍ വളര്‍ന്ന് റോഡുകളില്‍വരെ കാടുകയറിയതോടെ ഇതുവഴിയുള്ള യാത്രക്കാരും ബുദ്ധിമുട്ടിലാണ്. പതിനഞ്ച് പഞ്ചായത്തുകളെയും നെയ്യാറ്റിന്‍കര നഗരസഭാ പ്രദേശത്തെയും ജലസമ്പുഷ്ടമാക്കുന്ന നെയ്യാര്‍ വലത്, ഇടത്കര കനാലുകളെ നവീകരിച്ച് സംരക്ഷിക്കേണ്ടതുണ്ട്. ജലസേചന വകുപ്പ് നവീകരണം ഏറ്റെടുത്താല്‍ മാത്രമേ നെയ്യാര്‍ കനാലിന് ശാപമോക്ഷമാകൂ. അതിന് വകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."