പിതാവിന്റെ കത്ത് വായിക്കാത്ത മക്കള്‍...
കെട്ട്യോള്‍ക്കും കുട്ട്യോള്‍ക്കും മുടങ്ങാതെ അന്നം കൊടുക്കണം. രോഗമായാല്‍ പരിചരണങ്ങള്‍ നല്‍കണം. അവരുടെ വിദ്യാഭ്യാസത്തിനുള്ള ചെലവുകള്‍ ഒന്നുപോലും ഒഴിയാതെ വഹിക്കുകയും വേണം. എല്ലാം താനൊരുത്തന്റെ തലയില്‍. നാട്ടിലെ കൂലിവേല കൊണ്ടൊന്നും അവയ്ക്കുള്ളത് ഒക്കുന്നില്ല. ഈ പ്രതിസന്ധി തരണം ചെയ്യാനാണയാള്‍ വിദേശത്തേക്കു കെട്ടുകെട്ടിയത്.
വിദേശത്തെത്തി മാസം ഒന്നു തികയും മുന്‍പേ നാട്ടിലേക്ക് കത്തെഴുതി. കത്ത് കിട്ടിയ മക്കള്‍ പക്ഷേ, അതു വായിച്ചില്ല. വായിച്ചില്ലെന്നു മാത്രമല്ല, തുറന്നുനോക്കുക പോലും ചെയ്തില്ല...! പകരം പൊന്നുപോലെ ഒരു പെട്ടിയില്‍ സൂക്ഷിച്ചുവച്ചു. ഉപ്പച്ചിയുടെ കത്തല്ലേ എന്നും പറഞ്ഞ് ഇടക്കിടെ അവരതെടുത്തുനോക്കും. അതില്‍ ചുടുചുംബനങ്ങളര്‍പ്പിക്കും. അതിന്മേലുള്ള പൊടികളെല്ലാം തട്ടിയൊഴിവാക്കി വീണ്ടും പെട്ടിയില്‍തന്നെ വയ്ക്കും...!
രണ്ടാം മാസവും കത്ത് വന്നു. കത്ത് കിട്ടിയ അവര്‍ അപ്പോഴും തുറന്നില്ല. പെട്ടിയില്‍ സൂക്ഷിച്ചുവയ്ക്കുക മാത്രംചെയ്തു. മൂന്നാം മാസത്തെ കത്തും പെട്ടിയില്‍ തന്നെ ഭദ്രമാക്കിവച്ചു.
അങ്ങനെ വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. വമ്പന്‍ സമ്പാദ്യവുമായി അയാള്‍ നാട്ടിലേക്കു തിരിച്ചു. വീട്ടിലെത്തിയപ്പോള്‍ കാണാന്‍ കഴിഞ്ഞ കാഴ്ച മറ്റൊന്നായിരുന്നു. അവിടെ സ്വീകരിക്കാന്‍ പ്രിയതമയുണ്ടായിരുന്നില്ല.
പ്രിയപ്പെട്ട മക്കളുമുണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്നത് തന്റെ കൊച്ചു മകന്‍ മാത്രം. നെഞ്ചിടിപ്പോടെ ആ പിതാവ് മകനെ കെട്ടിപ്പിടിച്ചു ചോദിച്ചു:
''എവിടെ മോനെ നിന്റെ ഉമ്മച്ചി...''
മകന്‍ കണ്ണീര്‍ തുടച്ചുകൊണ്ട് പറഞ്ഞു: ''ഉമ്മച്ചിക്ക് ശക്തമായ രോഗം വന്നിരുന്നു. ചികിത്സിക്കാന്‍ ഞങ്ങളുടെ കൈയില്‍ അരക്കാശുപോലുമുണ്ടായിരുന്നില്ല. ചികിത്സകിട്ടാതെ ഉമ്മച്ചി അങ്ങനെ മരിച്ചുപോയി..''
അപ്പോള്‍ പിതാവ് നെറ്റിചുളിച്ച് ചോദിച്ചു: ''ഞാനയച്ച ഒന്നാമത്തെ കത്ത് നിങ്ങള്‍ തുറന്നുവായിച്ചില്ലായിരുന്നോ... അതില്‍ ഭീമമായ തുക ഞാന്‍ അയച്ചിട്ടുണ്ടായിരുന്നല്ലോ...''
''ഇല്ല, ഞങ്ങളാ കത്ത് തുറക്കുകപോലും ചെയ്തിരുന്നില്ല. പൊന്നുപോലെ സൂക്ഷിക്കുക മാത്രമേ ചെയ്തിരുന്നുള്ളൂ...''
''എവിടെ നിന്റെ സഹോദരന്‍. അവനെയും കാണുന്നില്ലല്ലോ....''
''അവന്റെ കാര്യം ചോദിക്കാതിരിക്കുകയാകും ഭേദം...''
''അതെന്താ നീ അങ്ങനെ പറയുന്നത്...?''
''ഉമ്മയുടെ മരണത്തിനുശേഷം അവനെ നിയന്ത്രിക്കാന്‍ ആരുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അവന്‍ ചീത്തകൂട്ടുകെട്ടില്‍ പെട്ടുപോയി. അവനിപ്പോള്‍ തെമ്മാടികളുടെ നേതാവാണ്. പെണ്ണുപിടിയും കള്ളുകുടിയുമാണ് അവന്റെ ഇപ്പോഴത്തെ പ്രധാന തൊഴില്‍''.
''അതെങ്ങനെ സംഭവിച്ചു. ഞാനയച്ച രണ്ടാം കത്ത് അവന്‍ വായിച്ചില്ലായിരുന്നോ... ചീത്ത കുട്ടുകെട്ടിന്റെ ദൂഷ്യഫലങ്ങളും അതില്‍നിന്നു വിട്ടുനില്‍ക്കേണ്ടതിന്റെ അനിവാര്യതയുമൊക്കെ ഞാനതില്‍ ശക്തമായി ഊന്നിപ്പറഞ്ഞിരുന്നല്ലോ...''
''പറഞ്ഞിട്ടെന്ത്...? ഞങ്ങളാ കത്തും തുറന്നുനോക്കിയിരുന്നില്ല. ഓമനയോടെ പെട്ടിയില്‍ അടക്കിവയ്ക്കുകയായിരുന്നു ചെയ്തത്...''
''കഷ്ടം...! നിന്റെ സഹോദരിയെയും കാണുന്നില്ലല്ലോ... അവളെവിടെ പോയി...?''
''അവളെ ഏതോ ഒരു തെമ്മാടിച്ചെക്കന്‍ വന്നു കൂട്ടിക്കൊണ്ടുപോയി... നാട്ടുകാര്‍ മുഴുവന്‍ അവളോട് അവനുമായുള്ള ബന്ധംവിടാന്‍ പറഞ്ഞുനോക്കിയെങ്കിലും ഫലമുണ്ടായില്ല. ഞാനവന്റെ കൂടെതന്നെ പോകുമെന്ന് അവള്‍ വാശിപിടിച്ചുനിന്നു. ഇപ്പോള്‍ മൂന്നു മക്കളുടെ മാതാവാണവള്‍...!''
അതു കേട്ടപ്പോള്‍ നെഞ്ചുപൊട്ടി ആ
പിതാവ് ചോദിച്ചു: ''അതെന്തു പണിയാണവള്‍ കാട്ടിയത്... ഞാനയച്ച മൂന്നാം കത്ത് അവള്‍ വായിച്ചിരുന്നില്ലേ... അന്യരുമായി ഒരുനിലയ്ക്കും ബന്ധം പാടില്ലെന്ന് ഞാനതില്‍ ശക്തമായി നിഷ്‌കര്‍ഷിച്ചിരുന്നല്ലോ...''
''എന്തു ചെയ്യാന്‍... ആ കത്തും അരുമയോടെ എടുത്തുവച്ചുവെന്നല്ലാതെ ഞങ്ങളാരും അതു തുറന്നു വായിച്ചിരുന്നില്ല.'' മകന്‍ തന്റെ നിസ്സഹായത അറിയിച്ചു.
വിഡ്ഢികള്‍... പമ്പര വിഡ്ഢികള്‍...
വിദേശത്തുള്ള പ്രിയപ്പെട്ട പിതാവിന്റെയും പ്രിയതമന്റെയും കത്ത് കിട്ടിയിട്ട് അതൊന്ന് തുറന്നുനോക്കാനുള്ള വിവേകംപോലും കാണിക്കാതെ വീട്ടിലെ പൊന്നുംപെട്ടിയില്‍ സുഭദ്രമായി സൂക്ഷിച്ചുവച്ച് ജീവിതം തുലച്ചുകളഞ്ഞ ഈ മക്കളും അവരെ ഗര്‍ഭംചുമന്ന മാതാവും വിഡ്ഢിത്തത്തിന്റെ മൂര്‍ത്തരൂപങ്ങള്‍...
ഇങ്ങനെയൊക്കെ പറഞ്ഞാലാണല്ലോ ഈ കഥയ്ക്ക് ഏറ്റവും യോജിച്ച അനുബന്ധക്കുറിപ്പാവുക...
ആകട്ടെ, ഇനി നമുക്ക് വിഷയത്തിലേക്കു വരാം. നമുക്കേറ്റവും പ്രിയങ്കരനായ നമ്മുടെ എല്ലാമെല്ലാമായ ദൈവം തമ്പുരാന്‍ നമുക്കൊരു കത്ത് തന്നിട്ടുണ്ട്. അതാണവന്റെ പരിശുദ്ധമായ വേദഗ്രന്ഥം. എങ്ങനെ ജീവിക്കണമെന്നും എങ്ങനെ ജീവിക്കരുതെന്നുമൊക്കെയുള്ള നിര്‍ദേശങ്ങള്‍ അതിലവന്‍ വ്യക്തമായി നല്‍കിയിട്ടുണ്ട്. എന്നിട്ടും അതു കൈയില്‍ കിട്ടിയിട്ട് ഒന്നു തുറന്നുനോക്കാനുള്ള മനസുപോലും കാണിക്കാതെ വീട്ടിലെ ഷെല്‍ഫില്‍ ഭദ്രമായി സൂക്ഷിച്ചുവയ്ക്കുകമാത്രം ചെയ്യുന്ന നാം, കഥയില്‍ പറഞ്ഞ
പിതാവിന്റെ വിഡ്ഢികളായ മക്കളല്ലെങ്കില്‍ പിന്നെയാരാണ്...?
പിതാവിന്റെ കത്തിനോട് മക്കള്‍ കാണിച്ച സമീപനമല്ലേ ദൈവത്തിന്റെ കത്തിനോടും നാം കാണിക്കുന്നത്...? ദൈവത്തിന്റെ കത്തു തുറന്നുനോക്കാനുള്ള സാമാന്യവിവേകംപോലും കാണിക്കാത്തതിന്റെ ഫലമല്ലേ വേണ്ടാവൃത്തികളിലേക്കുള്ള നമ്മില്‍ പലരുടെയും നെട്ടോട്ടം...? അതിന്റെ ഫലം തന്നെയല്ലേ രോഗാതുരമായ നമ്മുടെ ഹൃദയങ്ങള്‍ ചികിത്സ കിട്ടാതെ മരിച്ചുപോകുന്നത്...?
കത്ത് എടുത്തുവയ്ക്കാനുള്ളതല്ല, തുറന്നുവായിക്കാനുള്ളതാണ്. വായിച്ചാല്‍ മാത്രം പോരാ, അതിലെ വരികളുടെ അര്‍ഥതലങ്ങള്‍ മനസിലാക്കണം. അര്‍ഥങ്ങള്‍ മനസിലാക്കിയാല്‍ മാത്രം പോരാ, ഉള്‍ക്കൊള്ളാന്‍ ശ്രമിക്കണം.
ഉള്‍ക്കൊണ്ടാല്‍ മാത്രം പോരാ, ജീവിതത്തിലേക്ക് പകര്‍ത്തിയെടുക്കണം...
അവരെയാണ് വിജയികള്‍ എന്നു പറയുന്നത്.
അവരാണ് ദൈവത്തിന്റെ ഇഷ്ടദാസന്മാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."