കെ.ഐ.പി വലതുകര കനാലിന്റെ ഷട്ടര്‍ തകര്‍ന്നു
പുനലൂര്‍: കല്ലട ജലസേചന പദ്ധതിയുടെ ഇടത് വലതുകര കനാലുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനിടയില്‍ ഒറ്റക്കല്‍ തടയണയിലെ വലതുകര കനാലിന്റെ ഷട്ടര്‍ തകര്‍ന്നു. ഷട്ടര്‍ ഉയര്‍ത്തുന്നതിനിടയില്‍ ക്രെയിന്‍ മറിഞ്ഞ് ഷട്ടര്‍ തെന്നിമാറിയായിരുന്നു അപകടം.
ഡാം അടച്ച് ലുക്ക് ഔട്ട് തടയണയിലെ ജലനിരപ്പ് കുറച്ച് വലതുകര കനാലില്‍ വെള്ളത്തിന്റെ കുത്തൊഴുക്ക് നിയന്ത്രിച്ചതിനാല്‍ ഒഴിവായത് വന്‍ അപകടം. തെന്മല ഒറ്റക്കല്‍ ഭാഗത്തുള്ള വലതുകര കനാലിലേക്ക് വെള്ളം തുറന്ന് വിടുന്ന ഷട്ടറിലാണ് രാവിലെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചത്. അറ്റകുറ്റപ്പണിക്കിടെ ഷട്ടറിന്റെ ഭാരം താങ്ങാന്‍ ശേഷി ഇല്ലാത്ത ക്രയിന്‍ ഉപയോഗിച്ചതിനാല്‍ ആണ് ക്രെയിനും ഷട്ടറും മറിഞ്ഞത്.
ഷട്ടര്‍ മറിഞ്ഞതോടെ വലതുകര കനാലിലൂടെ അമിത ജലപ്രവാഹമാണ് ഉണ്ടായത്. സംഭവം നടക്കുമ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആരും തന്നെ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് ആക്ഷേപമുണ്ട്.
കഴിഞ്ഞ മൂന്ന് ദിവസം ആയി പണി നടക്കുകയാണ്. കരാറുകാരനെ ചുമതല ഏല്‍പ്പിച്ചു മുങ്ങിയ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വം ഇല്ലായ്മ ആണ് ഈ സംഭവത്തിന് കാരണം എന്നും ആരോപണമുണ്ട്. തെന്മല, ഇടമണ്‍, പിറവന്തൂര്‍, പത്തനാപുരം വഴി അടൂര്‍ ഭാഗത്തേക്ക് പോകുന്ന കനാലിലാണ് ജലനിരപ്പ് ഉയര്‍ന്നിട്ടുള്ളത്.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് വലതുകര കനാലിന്റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പുനലൂര്‍ താലൂക്ക് ഓഫിസ് ജാഗ്രതാ നിര്‍ദേശവും നല്‍കിയിരുന്നു.
അറ്റകുറ്റപണികള്‍ നടക്കുന്നതിനിടെ അപകട സാധ്യത മുന്നില്‍ കണ്ട് അമിത ജലപ്രവാഹം തടയുന്നതിനായി അധികൃതര്‍ മുന്‍കരുതല്‍ നടപടികള്‍ എടുത്തിരുന്നില്ല. കനാലുകളിലൂടെ ഒഴുക്കി വിടുന്നതിനായ് ശേഖരിച്ചിരുന്ന ജലം മുഴുവന്‍ തകര്‍ന്ന ഷട്ടറിലൂടെ ഒഴുകി പോയി.
കഴിഞ്ഞ മൂന്നു ദിവസമായി ലുക്കൗട്ടില്‍ ഷട്ടറിന് അറ്റകുറ്റപ്പണികള്‍ നടന്നുവരികയായിരുന്നു. ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലല്ല നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതെന്നും കരാറുകാരന്‍ സ്വന്ത ഇഷ്ടപ്രകാരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയായിരുന്നു എന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."