അങ്ങാടിപ്പെരുമയുടെ അന്തര്‍ധാര
വടകര പട്ടണത്തിന്റെ ഭാഗമായ താഴെഅങ്ങാടി കടത്തനാടന്‍ തുറമുഖ നഗരമെന്നായിരുന്നു പണ്ട് അറിയപ്പെട്ടത്. നൂറ്റാണ്ടുകളുടെ ഓര്‍മകള്‍പേറുന്ന പള്ളികളും പുരാതന ഭവനങ്ങളും പാണ്ടികശാലകളും താഴെഅങ്ങാടിയുടെ സമ്പന്നമായ ഇന്നലെകളെ ഓര്‍മപ്പെടുത്തുന്നതാണ്. ഈ പ്രദേശത്ത് ഇന്നും നില
നില്‍ക്കുന്ന പൗരാണിക ഭാവംതന്നെയാണ് അതിനെ വേറിട്ടതാക്കുന്നത്.
ഇന്നത്തെ വടകര പട്ടണം വളര്‍ച്ച ആരംഭിച്ചത് താഴെഅങ്ങാടിയുടെ തുറമുഖ തിരക്കുകളില്‍
നിന്നായിരുന്നു. കാളവണ്ടികളും കടത്തുകാരും പത്തേമാരികളും ചരക്ക് കൈമാറ്റങ്ങളും സജീവമായിരുന്ന ഒരു കാലഘട്ടത്തിന്റെ ചരിത്രം ഇവിടെയുള്ള തെരുവുകള്‍ക്ക് നമ്മോട് പറയാനുണ്ട്. പള്ളികളോട് ചേര്‍ന്ന് കച്ചവടകേന്ദ്രങ്ങള്‍ വളര്‍ന്നുവരിക മുസ്‌ലിം അധിവാസകേന്ദ്രങ്ങളിലെല്ലാമുള്ള പ്രതിഭാസമാണ്. താഴെഅങ്ങാടിയും ഇതില്‍നിന്നു വ്യത്യസ്തമായിരുന്നില്ല. താഴെഅങ്ങാടിയുടെ സുവര്‍ണ
നാളുകളില്‍ ഈ ഭാഗത്തെ തെരുവുകളില്‍ അറബികളും യൂറോപ്യന്മാരുമെല്ലാം കച്ചവടാവശ്യങ്ങള്‍ക്കായി
നിരന്തരം വന്നിരുന്നു.
അറേബ്യയില്‍ ഇസ്‌ലാം കാലുറപ്പിച്ചതോടെയാണ് മലബാര്‍തീരങ്ങളില്‍ എത്തിക്കൊണ്ടിരുന്ന അറബ് കച്ചവട കപ്പലുകള്‍ക്ക് വേഗംവര്‍ധിച്ചത്. താഴെഅങ്ങാടിയും അറബികളുമായുള്ള സാമ്പത്തിക, ആധ്യാത്മിക ബന്ധങ്ങളുടെ സ്മാരകങ്ങള്‍ പള്ളികളായും പാണ്ടികശാലകളായും പുരാതനഭാവം ചോര്‍ന്നുപോകാതെ ഇന്നും ഇവിടെ തലയുയര്‍ത്തിനില്‍ക്കുന്നു.
കച്ചവടത്തോടൊപ്പം ഒരു സവിശേഷ സംസ്‌കാരവും ഈ പ്രദേശത്ത് വളര്‍ന്നു പന്തലിച്ചു. ബ്രിട്ടീഷ് കോളനിവാഴ്ചക്കാലത്ത് താഴെഅങ്ങാടി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൊടുക്കല്‍ വാങ്ങലുകള്‍ക്ക് സാക്ഷ്യംവഹിച്ചതായി മലബാര്‍ മാന്വലില്‍ ലോഗന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോഴേക്കും അറബി കളും അവരുടെ പത്തേമാരികളും കപ്പലുകളുമെല്ലാം ഭൂതകാല സ്മരണകളായി മാറിക്കഴിഞ്ഞിരുന്നു.
പുരാതനപള്ളികളുടെ നഗരംകൂടിയാണിത്. നൂറ്റാണ്ടുകളായി ഈ പള്ളികളില്‍നിന്നുയര്‍ന്ന ബാങ്കൊലിയായിരുന്നു ഈ പ്രദേശത്തിന്റെ അന്തര്‍ധാരയായും ചാലകശക്തിയായും വര്‍ത്തിച്ചത്. കാലങ്ങളെ തമ്മില്‍ ചേര്‍ത്തുനിര്‍ത്തിയ അദൃശ്യമായ ചരടുകളായിരുന്നു അവ. കുളങ്ങളോട് കൂടിയുള്ള നിരവധി പുരാതനപള്ളികള്‍ ഈ പ്രദേശത്തുണ്ടെങ്കിലും 1543ല്‍ പണിത വലിയ ജുമുഅത്ത് പള്ളി അതിന്റെ പൗരാണികതയും തലയെടുപ്പും കൊണ്ട് വേറിട്ടുനില്‍ക്കുന്നു.
പേര്‍ഷ്യന്‍ വാസ്തുശില്‍പ രീതിയില്‍നിന്ന് വ്യത്യസ്തമായ കേരളീയ ശില്‍പചാതുരിയുടെ വിസ്മയിപ്പിക്കുന്ന സാക്ഷ്യങ്ങളാണ് ഇവിടത്തെ പള്ളികള്‍. താഴെഅങ്ങാടിയുടെ സാംസ്‌കാരിക ചട്ടക്കൂടിനെ രൂപപ്പെടുത്തുന്നതില്‍ ഈ ആത്മശാന്തിയുടെ ആലയത്തിന് ദൃശ്യവും അദൃശ്യവുമായ സ്വാധീനശക്തിയുണ്ട്. താഴെഅങ്ങാടിയുടെ അതിരുകളെല്ലാംതന്നെ ഈ പുരാതനപള്ളി പ്രസരിപ്പിക്കുന്ന ഊര്‍ജത്തിന്റെ തരംഗനിരകള്‍ക്കുള്ളിലാണ്.
പുതിയ കാലത്തിന്റെ വരവറിയിച്ചുകൊണ്ട് കോണ്‍ക്രീറ്റ് കാടുകള്‍ അങ്ങിങ്ങായി കാണാമെങ്കിലും വടകര താഴെ അങ്ങാടിയുടെ പുതുമ എന്നത് ഇപ്പോഴും ഇവിടെനിന്നു മാഞ്ഞുപോകാത്ത പഴമ തന്നെയാണ്. ചരിത്രം വായിച്ചെടുക്കാവുന്ന ഈ വിള്ളലുകള്‍ വീണ കെട്ടിടങ്ങള്‍ക്ക് വരാനിരിക്കുന്ന കാലത്തിന്റെ സമ്മര്‍ദങ്ങളെ അതിജീവിക്കാനാവുമെന്ന് നമുക്ക് പ്രത്യാശിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."