ഇന്ത്യയെന്ന രാഷ്ട്രം
പ്രസിദ്ധമായ ഒരു സിനിമാഗാനം 'ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍ കേവലമൊരുപിടി മണ്ണല്ല, ജനകോടികള്‍ നമ്മെ നാമായ് മാറ്റിയ... ' എന്നു ചിത്രീകരിക്കുന്നു. വടക്കു ഹിമാലയവും മറ്റു മൂന്നു ഭാഗങ്ങളും സമുദ്രത്താലും ചുറ്റപ്പെട്ട ഒരു ഭൂപ്രദേശം ഇന്നത്തെ നിലയില്‍ എങ്ങനെ രൂപപ്പെട്ടു ഒരു രാഷ്ട്രമായിത്തീര്‍ന്നതിന്റെ
പിന്നില്‍ അനേകം നൂറ്റാണ്ടുകളുടെ ചരിത്രഗതി കാണാം. അനേകം രാജവംശങ്ങളും ഭരണകൂടങ്ങളും ഇവിടെ ഉയര്‍ന്നുവരികയും കടന്നു പോവുകയും ചെയ്തു. അനേകം ജനസമൂഹങ്ങള്‍ ഇവിടെ കുടിയേറ്റം നടത്തുകയും ഈ രാജ്യത്തെ തങ്ങളുടെ ജന്മഭൂമിയായി സ്വീകരിക്കുകയും ഇവിടെ ഒരു സാംസ്‌കാരിക ഭൂമിക കെട്ടിപ്പടുക്കുകയും ചെയ്തു. അവയുടെ കൂട്ടായ പ്രവര്‍ത്തനങ്ങളും ചിന്തകളും മതവിശ്വാസങ്ങളും നൂറ്റാണ്ടുകളിലൂടെ ഇവിടുത്തെ ജനജീവിതത്തെ രൂപപ്പെടുത്തി.
ഒരു നാടകം അഭിനയിക്കുന്നതിന്നു സ്റ്റേജും നടീനടന്മാരും ആവശ്യമാണ്. സ്റ്റേജിന്റെ പരിമിതികളും വലുപ്പച്ചെറുപ്പവും കണക്കിലെടുക്കാതെ ആര്‍ക്കും അഭിനയിക്കുവാന്‍ കഴിയുകയില്ല. അതുപോലെ രാജ്യത്തിലെ കിടപ്പും പ്രകൃതിയും എല്ലാം അതിന്റെ ജനജീവിതത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നു. രൂപപ്പെടുത്തുന്നു. ചരിത്രകാരനായ കെ.എം. പണിക്കര്‍ 'ജോഗ്രഫിക്കല്‍ ഫാക്ടേഴ്‌സ് ഇന്‍ ഇന്ത്യന്‍ ഹിസ്റ്ററി' എന്ന കൊച്ചു ഗ്രന്ഥത്തിലൂടെ ഈ ഭൗമിക വസ്തുക്കളുടെ സ്വാധീനം വ്യക്തമായിക്കാണാം.
അഫ്ഗാനിസ്ഥാനിലെ കൈബര്‍ ബോളാന്‍ ചുരങ്ങള്‍ മധ്യേഷ്യന്‍-ട്രാന്‍സോക്‌സിയന്‍ ജനവിഭാഗങ്ങള്‍ക്ക് ഇന്ത്യയിലേക്കു കടന്നുവരാനും ഇവിടെ സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കുവാനും സഹായകമായി. അവരുടെ ചിന്തകളും സംസ്‌കാരങ്ങളും ഇവിടെ പടര്‍ന്നുപന്തലിച്ചു. മൗര്യന്‍ ജനയ പേര്‍ഷ്യന്‍ സാംസ്‌കാരിക ചിഹ്നങ്ങളെ ഇന്ത്യയുടേതാക്കി രൂപപ്പെടുത്തി. ലിഖിത രീതികളും അക്ഷരങ്ങളും നടപ്പിലാക്കി. ഗാന്ധാരകല തുടങ്ങിയ ശില്‍പരീതികള്‍ സാമ്രാജ്യവും കുഷാന ഭരണവും ഇവിടെ നിന്നു. അശോകശാസനങ്ങള്‍ ഒരു മഹാനായ ചക്രവര്‍ത്തിയുടെ ഭരണത്തിന്റെ അതിര്‍ത്തികള്‍ രേഖപ്പെടുത്തി. ഭരണത്തിന്റെ ലക്ഷ്യം പരിചയപ്പെടുത്തി.
ആര്യന്മാര്‍ എന്ന ജനവിഭാഗം ഇന്ത്യയിലേക്ക് കടന്നുവന്നവരാണോ എന്ന വിവാദം ഇന്നും നിലനില്‍ക്കുന്നു. അവര്‍ സിന്ധു നദി കടന്നുവന്നുവെന്നതിനും ഇവിടത്തെ നിവാസികളായ ദസ്യൂക്കളും മറ്റുമായി ഏറ്റുമുട്ടിയതിന്നും ഋഗ്വേദം തുടങ്ങിയവയിലെ സൂക്തങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. എന്നാല്‍ ഈ ഏറ്റുമുട്ടലിന്റെ പുരാവസ്തുക്കളോ തെളിവുകളോ ലഭിക്കുന്നില്ലെന്നു ധവലേക്കര്‍ തുടങ്ങിയ വിദഗ്ധരും സിദ്ധാന്തിക്കുന്നു. എന്തായാലും ആര്യന്‍- ദ്രവീഡിയന്‍ സിദ്ധാന്തങ്ങള്‍ ഇന്നും ഇവിടെ പ്രചരിപ്പിക്കപ്പെടുന്നു.
ഡല്‍ഹി സുല്‍ത്തനത്ത് കാലവും മുഗള്‍ഭരണവും ഇന്ത്യയില്‍ നഗര കേന്ദ്രീകൃത ആവാസ വ്യവസ്ഥ ശക്തമാക്കി. മുഗള്‍ഭരണം ശക്തമായ ഒരു വാസ്തുശില്‍പ പാരമ്പര്യവും പേര്‍ഷ്യന്‍ രീതിയിലെ ഭരണവ്യവസ്ഥയും ഇവിടെ നിലനി ര്‍ത്തി. ഒരു സൂഫി ചിന്താധാരയെ പ്രോത്സാഹിപ്പിച്ചു. ദക്ഷിണേന്ത്യയില്‍ ഇസ്്‌ലാമികമായ ഭരണകൂടങ്ങള്‍ ഉയര്‍ന്നുവന്നു.
ഭൂമിശാസ്ത്രപരമായ ഹിമാലയന്‍ പര്‍വതനിര ചൈനപോലുള്ള രാജ്യങ്ങളില്‍നിന്നു ഇന്ത്യന്‍ സമതലത്തിലേക്കുള്ള കുടിയേറ്റത്തെ തടഞ്ഞുനിര്‍ത്തി. കൂടാതെ സൈബീരിയന്‍ ശീതക്കാറ്റുള്ള ഇവിടെ കടന്നുവരുന്നതും പ്രതിരോധിച്ചു. എന്നാല്‍ മധ്യകാലഘട്ടത്തോടെ യൂറോപ്പില്‍ ശക്തമായ നാവികപ്പട ഏഷ്യയിലേക്കു വിഭവങ്ങള്‍ക്കും കോളനികള്‍ക്കും വേണ്ടി യാത്ര തിരിച്ചപ്പോള്‍ അതിനെ തടഞ്ഞുനിര്‍ത്തുവാന്‍ ഈ രാജ്യത്തിനു കഴിയാതെ പോയി. നാവികപ്പടയില്ലാത്ത ഇന്ത്യന്‍ സമുദ്രതീരങ്ങളെ വാണിജ്യത്തിനും അധീശവല്‍ക്കരണത്തിനും ഉപയോഗപ്പെടുത്തുവാന്‍ യൂറോപ്യന്‍ ശക്തികള്‍ക്കു കഴിഞ്ഞു. പതിനാറാം നൂറ്റാണ്ടില്‍ ഒരു ചെറിയ രാജ്യമായ കോഴിക്കോടിനു ഒരളവോളം പോര്‍ച്ചുഗീസ് ശക്തിയെ കേരളത്തില്‍ ഒരു സമഗ്രഭരണം കെട്ടിപ്പെടുക്കുന്നതിനെതിരായി പ്രതിരോധിക്കുവാന്‍ കഴിഞ്ഞു. എന്നാല്‍ അവര്‍ ഗോവയെ ഒരു കോളനിയാക്കി.
പില്‍ക്കാലത്ത് ഇംഗ്ലീഷുകാര്‍ കല്‍ക്കത്തയിലും ബോംബെയിലും മദ്രാസിലും തങ്ങളുടെ ഭരണകേന്ദ്രങ്ങള്‍ കെട്ടിപ്പടത്തുകൊണ്ട് ഈ രാജ്യത്തെ പൂര്‍ണമായും ഒരു കോളനിയാക്കി. അവരുടെ കൊച്ചു കൊച്ചു ഫാക്ടറികളും ഭരണകേന്ദ്രങ്ങളും ഇന്ത്യന്‍ ഭരണകൂടങ്ങളുടെ പരസ്പര മത്സരവും കോളനി വല്‍ക്കരണത്തെ പൂര്‍ണമായും സഹായിച്ചു.
ഇന്ത്യയുടെ പല ഭാഗങ്ങളിലും കോളനി വല്‍കരണത്തിനെതിരായി ജനസമൂഹങ്ങള്‍ യുദ്ധങ്ങളും കലാപങ്ങളും നടത്തി. ദേശീയതയുടെയും മതേതരത്വത്തിന്റെയും ചിന്തകളിലൂടെ ഒരു ഭരണഘടന നടപ്പിലാക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു. ഇത്തരത്തില്‍ ഇന്ത്യയെന്ന ഒരു രാഷ്ട്രം ഈ ഭൂപ്രദേശത്ത് കെട്ടിപ്പെടുത്തു. ഏറ്റവും വലിയ ഒരു ജനാധിപത്യ രാഷ്ട്രമായി രൂപാന്തരപ്പെട്ടിരിക്കുകയാണ്.
ഒരു രാഷ്ട്രത്തിന്റെയോ ഒരു രാജ്യത്തിന്റെയോ ഏറ്റവും വലിയ ലക്ഷ്യം ഒരു സംസ്‌കാരം കെട്ടിപ്പടുക്കുകയെന്നതാണെന്നു പ്രശസ്ത ചരിത്രകാരനായ ഷോയിന്‍ബീ സിദ്ധാന്തിക്കുന്നു.
ഇത്തരത്തില്‍ ഒരു ഭൂ പ്രദേശത്ത് ഒരു സംസ്‌കാരം കെട്ടിപ്പടുത്ത ഒരു വലിയ രാഷ്ട്രമായി ഇന്ത്യ സ്ഥിതി ചെയ്യുമ്പോള്‍ അതിന്റെ ചരിത്രവും സംസ്‌കാരവും കെട്ടിപ്പടുക്കുന്നതില്‍ വിവിധ മതങ്ങളും കൂട്ടായ്മകളും ഭരണകൂടങ്ങളും എല്ലാം വലിയ സ്വാധീനമാണ് ചെലുത്തിയിട്ടുള്ളത്. അതിന്റെ ചരിത്രവും സംസ്‌കാരവും അനേകം നൂറ്റാണ്ടുകളിലൂടെ രൂപപ്പെടുത്തുന്നതില്‍ ഇവിടുത്തെ ജനസമൂഹങ്ങള്‍, മത വിഭാഗങ്ങള്‍, രാഷ്ട്രീയ ശക്തികള്‍, വിജ്ഞാന മേഖലകള്‍, എല്ലാ വഹിച്ച പങ്കാളിത്തം നിസ്തുലമാണ്. അവ ഒന്നിച്ച് പ്രവര്‍ത്തിച്ചുകൊണ്ട് ഒരു പൈതൃകത്തെ വളര്‍ത്തിയെടുത്തിരിക്ക്ുന്നു. ആ ഇന്ത്യന്‍ പൈതൃകത്തെ മുന്നോട്ടുകൊണ്ടു പോവുകയാണ് ഒരു രാഷ്ട്രമെന്ന നിലയില്‍ നമ്മുടെ ഇന്നത്തെ കര്‍ത്തവ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."