പാതി ജീവന്റെ നൊമ്പരം ഉള്ളിലൊതുക്കി റീജക്കൊപ്പം ഫര്‍സാന സ്വന്തം വീട്ടിലെത്തി
കൊട്ടിയം: ഓര്‍മകള്‍ ചികഞ്ഞെടുത്ത് ഒടുവില്‍ ഫര്‍സാന മഹാരാഷ്ട്രയിലെ സ്വന്തംവീട്ടിലെത്തി. അതിന് പൂര്‍ണ പിന്തുണയേകിയത് കൊല്ലത്തെ ലീഗല്‍ സര്‍വിസ് അതോറിറ്റിയും. 10 വര്‍ഷങ്ങള്‍ക്കു മുമ്പാണ് മഹാരാഷ്ട്രയില്‍ നിന്നും 28കാരിയായ ഫര്‍സാന കുഞ്ഞുമായി വീട് വിട്ട് ഇറങ്ങിയത്. ട്രെയിനില്‍ എങ്ങോട്ടന്നില്ലാതെ യാത്ര.
പക്ഷേ യാത്രയില്‍ അവര്‍ക്ക് കുട്ടിയെ നഷ്ടപ്പെട്ടു. ഭ്രാന്തമായ അവസ്ഥയിലായിപിന്നീടവള്‍. തിരുവനന്തപുരത്ത് അലഞ്ഞുനടന്ന ഇവരെ ചിലര്‍ ചേര്‍ന്ന് ഭ്രാന്താശുപത്രിയിലെത്തിക്കുകയായിരുന്നു. ഈ അവസ്ഥയില്‍ അവരെ പൊലിസ് ഇടപെട്ട് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. അഞ്ച് വര്‍ഷത്തോളം ചികിത്സനടത്തി രോഗം ഭേദമായി. പിന്നീട് പൊലിസ് ഇടപെട്ട് ചാത്തന്നൂര്‍ കരുണാലയത്തിലെ അന്തേവാസിയാക്കി. ഭ്രാന്തമായ അലച്ചിലില്‍ നിന്നുള്ള പരിപൂര്‍ണമോചനത്തിനിടയില്‍ വീണ്ടും ജീവിതത്തിലേയ്ക്ക് തിരികെയെത്താനായി പിന്നീടുള്ള ശ്രമം.
പിന്നെയവര്‍ അധികൃതരോട് വീട്ടിലെത്തണമെന്ന ആവശ്യം മുന്നോട്ടുവച്ചു. ലീഗല്‍ കൗണ്‍സിലിംഗിനിടെയായിരുന്ന ഫര്‍സാനയുടെ തേങ്ങലോടെയുള്ള ആവശ്യം. അതിന്റെ പൂര്‍ത്തീകരണത്തിന് നിയോഗിക്കപ്പെട്ടത് പാരാലീഗല്‍ വളണ്ടറിയറായ റീജയും. തുടര്‍ന്ന് അന്വേഷണം നടത്തി ബന്ധുക്കളെ റീജ കണ്ടെത്തി. കൊല്ലം ചാത്തന്നൂരിലെ കരുണാലയത്തില്‍ നിന്ന് നിന്നും കഴിഞ്ഞ ആഴ്ച ഇവരെയും കൂട്ടി റീജയും സഹായിയായി ഭര്‍ത്താവ് വിനോദും പുറപ്പെട്ടു. മഹാരാഷ്ട്രയിലെ നീലങ്ക് പൊലിസ് സ്റ്റേഷനിലെ എസ്.ഐ പ്രിയങ്കയുടെ കൂടി സാന്നിധ്യത്തില്‍, ഫര്‍സാനയെ സഹോദരന്‍ മെഹ്ബൂബിനെ ഏല്‍പിച്ചു.
സഹോദരിയുടെയും സഹോദരന്റെയും ഒത്തുചേരല്‍ വികാരനിര്‍ഭരമായ കാഴ്ചയായി മാറി. മഹാരാഷ്ട്ര ലാത്തൂര്‍ ജില്ലയിലെ നിലങ്കാന ബ്ലോക്കില കെല്‍ഗോണ്‍ പഞ്ചായത്തിലാണ് ഫര്‍സാനയുടെ വീട്.ട്രാന്‍സലേറ്ററായ മനീഷ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നു സഹായത്തിന്. കൊല്ലം ജില്ല ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ആര്‍. സുധാകാന്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സമിതിയിലെ പാരാലീഗല്‍ വളണ്ടറിയറാണ് റീജ വിനോദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."