മജ്‌സിയ ഏഷ്യയോളം ഉയര്‍ന്ന വമ്പത്തി
പ്രതിഭാ സ്പര്‍ശം സമയമാകാന്‍ കാത്തുനില്‍ക്കുകയായിരുന്നു മജ്‌സിയയുടെ ജീവിതത്തില്‍. കായികശേഷിയുടെ കരുത്തില്‍ ഏഷ്യയോളം വളര്‍ന്ന മജ്‌സിയ ബാനുവിനെ ഇന്ന് അഭിമാനത്തോടെ നാട് എടുത്തുയര്‍ത്തുകയാണ്. ഇന്തോനേഷ്യയില്‍ നടന്ന ഏഷ്യന്‍ പവര്‍ ലിഫ്റ്റിംഗ് ചാംപ്യന്‍ഷിപ്പില്‍ 52 കിലോഗ്രാം വിഭാഗത്തില്‍ 370 കിലോ ഉയര്‍ത്തി രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ മജ്‌സിയ സാഹചര്യങ്ങള്‍ തീര്‍ത്ത പ്രതിസന്ധിയുടെ കടലുകളേറെ മറികടന്നാണ് അഭിമാനാര്‍ഹമായ നേട്ടം എടുത്തുയര്‍ത്തിയത്.
പതിനാല് രാജ്യക്കാരെ പിന്നിലാക്കി മിന്നും നേട്ടം കരസ്ഥമാക്കിയ മജ്‌സിയ പവര്‍ലിഫ്റ്റിങ് പരിശീലനം തുടങ്ങിയത് പത്ത് മാസം മുന്‍പ് മാത്രമാണെന്നതാണ് വിസ്മയകരം. ചെറുപ്പത്തില്‍ തന്നെ പരിശീലനം തുടങ്ങിയിരുന്നെങ്കില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമായിരുന്നില്ലേയെന്ന ചോദ്യത്തോട് എല്ലാറ്റിനും ഓരോ സമയമില്ലേയെന്ന് ചിരിച്ചു കൊണ്ട് ഈ പെണ്‍കുട്ടി മറുചോദ്യം ഉയര്‍ത്തുന്നു.
കുട്ടിക്കാലത്തു തന്നെ കായിക രംഗത്ത് സജീവമായിരുന്നു മജ്‌സിയ. ജില്ലാ-സംസ്ഥാന കായിക മേളകളില്‍ മെഡലുകള്‍ മജ്‌സിയയുടെ നേട്ടത്തിന് തിളക്കം പകര്‍ന്നു. അന്നു തൊട്ടേ പവര്‍ ലിഫ്റ്റിങിനോട് താല്‍പര്യം തോന്നിയിരുന്നെങ്കിലും പരിശീലനത്തിന് പോകാനുള്ള സാഹചര്യക്കുറവും സാമ്പത്തിക ബാധ്യതയും വിലങ്ങുതടിയായി. പഠനത്തിലും മിടുക്കിയായ മജ്‌സിയ മികച്ച ഗ്രേഡുകള്‍ കരസ്ഥമാക്കിയാണ് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ പൂര്‍ത്തിയാക്കിയത്. പ്ലസ്ടുവിന് ശേഷം മാഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സ് ആന്‍ഡ് ഹോസ്പിറ്റലില്‍ ബി.ഡി.എസിന് ചേര്‍ന്നു. ബി.ഡി.എസിന് പഠിക്കുമ്പോഴും പവര്‍ ലിഫ്റ്റിങ് പരിശീലിക്കുകയെന്ന മോഹം അണയാതെ മനസില്‍ കൊണ്ടു നടന്നു. കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം കോഴിക്കോട് ജയ ജിമ്മില്‍ പരിശീലനത്തിന് ചേര്‍ന്നതോടെയാണ് മജ്‌സിയയുടെ ജീവിതത്തില്‍ വഴിത്തിരിവുണ്ടായത്.
ചേര്‍ത്തലയില്‍ നടന്ന സംസ്ഥാന പവര്‍ ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ സ്‌ട്രോങ് വുമണ്‍ ഓഫ് കേരളയായി തെരഞ്ഞെടുക്കപ്പെട്ടതോടെ രാജ്യമറിയുന്ന താരമായി വളരാനുള്ള പ്രതിഭ ഈ പെണ്‍കുട്ടിക്കുണ്ടെന്ന് കായിക അധികാരികളും തിരിച്ചറിഞ്ഞു. ജമ്മു കശ്മിരില്‍ നടന്ന ദേശീയ ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ മജ്‌സിയാ ബാനു നേട്ടം ദേശീയ തലത്തിലേക്കുയര്‍ത്തി. എന്നാല്‍ അപ്പോഴൊന്നും ഇങ്ങനെയൊരു കായിക താരം നാട്ടുകാരില്‍ പലരും തിരിച്ചറിഞ്ഞില്ല. ഇതിനിടെ പവര്‍ ലിഫ്റ്റിങിലെ അണ്‍ എക്വിപ്ഡ് വിഭാഗത്തില്‍ സംസ്ഥാന-ദേശീയ തലത്തില്‍ മെഡലുകള്‍ കരസ്ഥമാക്കി.
ദേശീയ തലത്തിലെ രണ്ടാം സ്ഥാനത്തോടെയാണ് ഏഷ്യന്‍ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള യോഗ്യത മജ്‌സിയ നേടിയത്. അഭിമാനാര്‍ഹമായ നേട്ടം കരസ്ഥമാക്കിയപ്പോഴും സാമ്പത്തിക പ്രയാസം പ്രതിസന്ധിയായി നിന്നു. ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ രണ്ട് ലക്ഷത്തോളം രൂപ വേണമെന്ന് മനസിലായതോടെ അത് കണ്ടെത്താനുള്ള നെട്ടോട്ടമായി. ഇതിനിടെയാണറിയുന്നത് രണ്ട് ലക്ഷമെന്നത് ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികള്‍ അടക്കേണ്ട തുക മാത്രമാണ്. ആകെ ചെലവ് നാലര ലക്ഷത്തോളം വരും. ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് സ്വപ്‌നമായി അവശേഷിക്കുമോയെന്ന് പേടി തോന്നിയ സമയമായിരുന്നു അതെന്ന് മജ്‌സിയ ഓര്‍ക്കുന്നു. എന്നാല്‍ എന്തു വിലകൊടുത്തും ഏഷ്യന്‍
ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കണമെന്ന നിശ്ചദാര്‍ഢ്യം ഈ പെണ്‍കുട്ടിക്ക് കരുത്തായി നിന്നു.
പണമുണ്ടാക്കാനായി കൊച്ചു സ്‌കൂട്ടറില്‍ ദിവസങ്ങളോളം അലഞ്ഞു. ഏറെ ടെന്‍ഷന്‍ അനു ഭവിച്ച ദിവസങ്ങളായിരുന്നു അതെന്ന് മജ്‌സിയ പറയുന്നു. ഇതിനിടെ ചെറുതും വലുതുമായി ലഭിച്ച സംഖ്യകള്‍ പ്രതീക്ഷകള്‍ക്ക് ജീവന്‍ നല്‍കി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റിങ് സൊസൈറ്റി, ഏറാമല സര്‍വിസ് സഹകരണ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളും നിരവധി വ്യക്തികളും മജ്‌സിയക്ക് ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുകയെന്ന സ്വപ്‌നത്തിന് കൂട്ടായി നിന്നു. എന്നിട്ടും നാലര ലക്ഷമെന്ന അക്കമൊപ്പിക്കാന്‍ ആയില്ല. അവസാനം സ്വര്‍ണം പണയം വെച്ചും മറ്റും ചാംപ്യന്‍ഷിപ്പിന് പോവുകയായിരുന്നു.
ഇന്തോനേഷ്യന്‍ ചാംപ്യന്‍ഷിപ്പ് വലിയ അനുഭവമായിരുന്നുവെന്ന് മജ്‌സിയ പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ താരങ്ങള്‍. പലരും കുട്ടിക്കാലം മുതല്‍ തന്നെ പവര്‍ ലിഫ്റ്റിങ് രംഗത്തെത്തിയവര്‍. 52 കിലോ വിഭാഗത്തില്‍ മജ്‌സിയയടക്കം 16 മത്സരാര്‍ഥികളാണുണ്ടായിരുന്നത്. ഹിജാബ് ഊരിവയ്ക്കാതെയായിരുന്നു മത്സരത്തില്‍ പങ്കെടുത്തത്. കടുപ്പമേറിയ മത്സരത്തി
നൊടുവില്‍ 370 കിലോഗ്രാം ഉയര്‍ത്തിയ മജ്‌സിയ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് ഇന്ത്യന്‍ ക്യാംപില്‍ തന്നെ ആവേശം പകര്‍ന്നു. ഹിജാബ് ധരിച്ച് ഭാരമുയര്‍ത്തിയ പെണ്‍കുട്ടിയുടെ ചിത്രം സഹിതം ഇന്തോനേഷ്യയില്‍ പത്രങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചു. സ്വപ്‌നനേട്ടത്തിനൊപ്പം നാട്ടിലേക്കെത്തിയ മജ്‌സിയയെ വടകരയുടെ മണ്ണ് ആവേശത്തോടെയാണ് സ്വീകരിച്ചത്. സ്വീകരണ പരിപാടികളുടെ തിരക്കിലാണ് ഇപ്പോള്‍ മജ്‌സിയ.
ഓര്‍ക്കാട്ടേരിയിലെ കൊച്ചുവീട്ടില്‍ പുരസ്‌കാരങ്ങളുടെ കൂടെ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ ലഭിച്ച വെള്ളിമെഡലും തിളങ്ങി നില്‍ക്കുന്നു. ഉമ്മ റസിയ മകളുടെ നേട്ടങ്ങള്‍ക്ക് കരുത്തായി കൂടെ
നില്‍ക്കുന്നു. ഖത്തറില്‍ പ്രവാസിയായ പിതാവ് മജീദും സഹോദരന്‍ മുഹമ്മദ് നിസാമുദ്ദീനും വലിയ പിന്തുണയാണ് നല്‍കുന്നത്.
ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനും സ്വപ്‌നനേട്ടം കൈവരിക്കാനും തന്റെ കൂടെ നി ന്നവരോട് ഏറെ നന്ദിയുണ്ടെന്ന് മജ്‌സിയ പറയുന്നു. കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായ നിര്‍ദേശങ്ങളും പവര്‍ ലിഫ്റ്റിങില്‍ കരുത്തോടെ നില്‍ക്കാന്‍ ഈ പെണ്‍കുട്ടിക്ക് ആത്മവിശ്വാസം പകരുന്നു. പക്ഷെ
ചാംപ്യ ന്‍ഷിപ്പുകളില്‍ പങ്കെടുക്കാനും പരിശീലനം തുടരാനുമുള്ള വലിയ സാമ്പത്തിക ബാധ്യത മജ്‌സിയയുടെ കായിക ജീവിതത്തില്‍ വലിയ ചോദ്യ ചിഹ്നമാണ്. രാജ്യത്തിന്റെ യശസ്സ് ലോക വേദികളില്‍ ഇനിയുമയര്‍ത്താന്‍ ഒരു സ്‌പോ ണ്‍സറെ ലഭിക്കുകയെന്നതാണ് മജ്‌സിയയുടെ ഇപ്പോഴത്തെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."