13000 കുടുംബങ്ങള്‍ക്ക് പച്ചക്കറി തൈകള്‍ വിതരണം ചെയ്യും
കരുനാഗപ്പള്ളി: വിഷരഹിത പച്ചക്കറി ലഭ്യമാക്കുന്നതിന് കുലശേഖരപുരം പഞ്ചായത്തില്‍ നടപ്പിലാക്കുന്ന കുടുംബകൃഷി പദ്ധതിയില്‍ ഇത്തവണ 13000 കുടുംബങ്ങള്‍ക്ക് 25 പച്ചക്കറി തൈകള്‍ വീതം വിതരണം ചെയ്യും. മൂന്നാം തവണ നടപ്പാക്കുന്ന പദ്ധതിയില്‍ പഞ്ചായത്തിലെ 23 വാര്‍ഡുകളിലെ കുടുംബങ്ങളില്‍ വെണ്ട, പയര്‍, പച്ചമുളക്, തക്കാളി, വഴുതന എന്നിവയുടെ തൈകളാണ് സൗജന്യമായി വിതരണം ചെയ്യുന്നത്. ഗ്രാമപഞ്ചായത്തിന്റെ ഫണ്ടും കൃഷിവകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി ഫണ്ടും ഉപയോഗിച്ചാണ് കുടുംബകൃഷി നടപ്പിലാക്കുന്നത്. ഇങ്ങനെ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ പഞ്ചായത്തിലെ ഇക്കോ ഷോപ്പുകള്‍ വഴി വില്‍പ്പന നടത്തും. പഞ്ചായത്തിന്റെ കീഴില്‍ നടപ്പിലാക്കുന്ന ഓണാട്ടുകര ഇടവിള കൃഷിയുടെ ഭാഗമായി എല്ലാ വീടുകളിലും ചേന, ഇഞ്ചി, ചേമ്പ് എന്നിവയുടെ വിത്തുകളടങ്ങുന്ന 200 രൂപയുടെ കിറ്റ് വിതരണം ചെയ്യും. എല്ലാ വാര്‍ഡുകളിലും എള്ള് കൃഷി ചെയ്തു കര്‍ഷകരില്‍ നിന്നും എള്ള് സംഭരിച്ച് ഓണാട്ടുകര എള്ളെണ്ണ എന്ന പേരില്‍ വിതരണം ചെയ്യാനും ലക്ഷ്യമിടുന്നു. ആദിനാട് തേങ്ങ സംഭരിച്ചു വെളിച്ചെണ്ണ ഉത്പാദിപ്പിച്ച് ആദിനാട് വെളിച്ചെണ്ണ എന്നപേരില്‍ വിപണനം നടത്താനുള്ള ശ്രമങ്ങള്‍ പഞ്ചായത്ത് കൃഷി ഓഫിസിന്റെ മേല്‍നോട്ടത്തില്‍ നടന്നുവരുന്നതായി കൃഷി ഓഫിസര്‍ വി.ആര് ബിനേഷ് പറഞ്ഞു. 2014 ല്‍ ജൈവ പഞ്ചായത്ത് ആയി പ്രഖ്യാപിക്കപ്പെട്ട കുലശേഖരപുരം രണ്ടുതവണ സമ്പൂര്‍ണ ജൈവ കാര്‍ഷിക ഗ്രാമം പുരസ്കാരവും നേടിയിട്ടുണ്ട്. പഞ്ചായത്ത് പരിധിയില്‍ രാസവളങ്ങള്‍ നിരോധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."