തല്‍ബിയത്തില്‍ അലിഞ്ഞു മിന: ഇന്ന് അറഫ സംഗമം
മക്ക: ലോകത്തിന്റെ അഷ്ട ദിക്കുകളില്‍ നിന്നെത്തിയ ഹാജിമാര്‍ ഇന്ന് അറഫയില്‍ സംഗമിക്കും. ലോകത്തിന്റെ ഏറ്റവും വലിയ മാനവ സംഗമമായാണ് അറഫ സംഗമം കണക്കാക്കപ്പെടുന്നത്. സ്ഫുടം ചെയ്ത ഹൃദയവുമായി അനുഗ്രഹങ്ങളുടെ കേദാരമായ വിശുദ്ധ മക്കയില്‍ പ്രാര്‍ത്ഥനയില്‍ കഴിഞ്ഞു കൂടിയിരുന്ന വിശ്വാസ ലക്ഷങ്ങള്‍ അറഫ സമ്മേളനത്തിനായി മിനായിലെ ടെന്റുകളില്‍ നിന്നും അറഫയിലേക്ക് ഒഴുക്ക് ആരംഭിച്ചു.
ഇഹ്‌റാമിന്റെ വെളുത്ത തുണിക്കഷണങ്ങളില്‍ ഹാജിമാര്‍ ലോകത്തെ എല്ലാ അനീതികള്‍ക്കുമെതിരെ പ്രതീകാത്മക പ്രതിഷേധം തീര്‍ക്കും . ലിംഗവര്‍ണ്ണവേഷഭാഷാദി വിവേചനങ്ങളെ തീര്‍ത്തും അപ്രസക്തമാക്കുന്ന അറഫ സംഗമമാണ് ഹജ്ജിന്റെ പ്രധാന കര്‍മ്മം. ഹജ്ജിന്റെ ഈ സുപ്രധാന ചടങ്ങില്‍ പങ്കാളികളാകുന്നതിനു വെണ്ടി അറഫ മൈതാനിയില്‍ എത്തി ചേരുന്നതിനായി ഇന്നലെ രാത്രി മുതല്‍ തമ്പുകളുടെ നഗരിയായ മിനായില്‍ നിന്ന് ഹാജിമാര്‍ പുറപ്പെട്ടു തുടങ്ങിയിരുന്നു. ഇന്നലെ പുലര്‍ച്ചെയോടെ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ മിനായില്‍ എത്തിച്ചേര്‍ന്നിരുന്നു. ഇവിടെ പ്രാര്‍ത്ഥനയില്‍ മുഴുകി അറഫ സംഗമത്തിന് വേണ്ടി ഒരുങ്ങിയ തീര്‍ത്ഥാടകര്‍ രാത്രിയോടെ അറഫ ലക്ഷ്യമാക്കി പ്രായണമാരംഭിച്ചു. പുണ്യ നഗരികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മശാഇര്‍ ട്രെയിന്‍ സര്‍വ്വീസും അറഫയിലേക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ സുബ്ഹിയോടെ തന്നെ അറഫയില്‍ എത്തും വിധമാണ് യാത്ര സജ്ജീകരിച്ചിരിക്കുന്നത്. നേരത്തെ തന്നെ അറഫയിലെത്തിയ മലയാളികളടക്കമുള്ള ഇന്ത്യന്‍ ഹാജിമാര്‍ മസ്ജിദുന്നമിറയിലും കാരുണ്യ മലയായ ജബലുറഹ്മയിലും ഇടം പിടിച്ചു. പ്രവാചകന്‍ മുഹമ്മദ് നബി വിടവാങ്ങല്‍ പ്രസംഗം നടത്തിയ ജബലുറഹ്മയില്‍ ഇരിപ്പിടം കണ്ടെത്താനുള്ള തിരക്കിലാണ് ഹാജിമാര്‍. ഇന്ന് ഉച്ചയോടെ ആരംഭിക്കുന്ന അറഫ സംഗമത്തില്‍ സൂര്യാസ്തമാനം വരെ തീര്‍ത്ഥാടകര്‍ അറഫയില്‍ പ്രാര്‍ത്ഥനാ നിര്ഭാരരാകും. ചെയ്തുപോയ പാപങ്ങളില്‍ പശ്ചാത്താപ വിവശരായി കണ്ണീരൊഴുക്കി നാഥനോട് കേഴും .
പാരത്രിക ജീവിതത്തില്‍ മോക്ഷം ലഭിക്കുന്നതിനായി ഒഴുകുന്ന കണ്ണുകളുമായി ദൈവത്തോട് മാപ്പപേക്ഷിക്കും. പ്രവാചകന്റെ അറഫ പ്രഭാഷണത്തെ അനുസ്മരിച്ച് അറഫയിലെ ചരിത്ര പ്രസിദ്ധമായ മസ്!ജിദുന്നമിറയില്‍ സഊദി ഉന്നത പണ്ഡിതസഭാംഗം ശൈഖ് മുഹമ്മദ് ബിന്‍ ഹസന്‍ ആലുശൈഖ് അറഫ പ്രഭാഷണം നിര്‍വ്വഹിക്കും. ഹാജിമാര്‍ ദുഹറും അസ്വറും ഒരുമിച്ച് നിസ്‌കരിച്ച് രാത്രിയാകുന്നതോടെ ഹജ്ജിന്റെ അടുത്ത ഘട്ടമായ മുസ്ദലിഫയിലേക്ക് രാപാര്‍ക്കാനായി നീങ്ങും. അവിടെ വെച്ചാണ് ഹാജിമാര്‍ മഗ്‌രിബ്, ഇശാ നിസ്‌കാരങ്ങള്‍ നിര്‍വ്വഹിക്കുക. മുസ്ദലിഫയില്‍ വിശ്രമിക്കുന്ന ഹാജിമാര്‍ ഞായര്‍രാവിലെ മിനായില്‍ ജംറയില്‍ എറിയുന്നതിനുള്ള കല്ലുകള്‍ ശേഖരിക്കും. തുടര്‍ന്ന് നാളെ രാവിലെ തന്നെ മിനായില്‍ തിരിച്ചെത്തി ജംറയില്‍ ആദ്യ ദിവസത്തെ കല്ലേറ് കര്‍മ്മത്തിലും ബലി കര്‍മ്മത്തിലും പങ്കെടുക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന കല്ലേറ് കര്‍മ്മം പൂര്‍ത്തിയാകുന്നതോടെ ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍ക്ക് പരിസമാപ്തിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."