അമ്പലപ്പാറ പഞ്ചായത്തിലേക്ക് കുടിവെള്ളം നല്‍കുന്ന പുതിയ പദ്ധതി അവസാന ഘട്ടത്തില്‍
ഒറ്റപ്പാലം : ഭാരതപ്പുഴയില്‍ നിന്ന് അമ്പലപ്പാറ പഞ്ചായത്തിലേക്ക് കുടിവെള്ളം നല്‍കുന്ന പുതിയ പദ്ധതി അവസാന ഘട്ടത്തില്‍. ഒറ്റപ്പാലം നഗരസഭയിലെ മീറ്റ്‌ന ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്നാണ് അമ്പലപ്പാറ മുരുക്കുംപറ്റയിലെ ജലംസംഭരണയിലേക്കു കുടി വെള്ളമെത്തിക്കുന്നത്. ഇതിനായുള്ള പൈപ്പിടല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. മുരുക്കുംപറ്റ പച്ചലിക്കുണ്ടില്‍ സ്ഥാപിക്കുന്ന ജലസംഭരണിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. പുതിയ പൈപ്പ് ലൈന്‍ പഴയ ജലവിതരണ പൈപ്പുകളുമായി ബന്ധിപ്പിക്കുന്ന ജോലികളും നടന്നുവരുന്നു. മുരുക്കുംപറ്റ പച്ചലികുണ്ടില്‍ സ്ഥാപിക്കുന്ന ജലസംഭരണിയില്‍ 8.5 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ കഴിയും. 2018ല്‍ തന്നെ പൂര്‍ത്തിയാക്കാനാകുമെന്ന് അമ്പലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ കുഞ്ഞന്‍ പറഞ്ഞു.
13 ദശലക്ഷം ലിറ്റര്‍ വെള്ളം പമ്പ് ചെയ്യാന്‍ ശേഷിയുള്ളതാണ് മീറ്റ്‌നയിലെ ട്രീറ്റ്‌മെന്റ് പ്ലാന്റ്. ഇവിടെ നിന്ന് പ്രതിദിനം നഗരസഭയിലെ ഏഴായിരം ഉപഭോക്താക്കള്‍ക്ക് ആറുമുതല്‍ ഏഴു ദശലക്ഷം ലിറ്റര്‍ വെള്ളം മാത്രമാണ് പ്രതിദിനം ആവശ്യമുള്ളത്. ബാക്കി കുടിവെള്ളം അമ്പലപ്പാറക്ക് നല്‍കാനാണ് ജല അതോറിറ്റിയുടെ പദ്ധതി. കിഫ്ബി പദ്ധതിയിലൂടെ പത്ത് കോടി രൂപ ചെലവിലാണ് ഒന്നാംഘട്ടം പൂര്‍ത്തിയാക്കുന്നത്.
കിഫ്ബി പദ്ധതിയിലൂടെ രണ്ടാം ഘട്ട കുടിവെള്ള പദ്ധതിയില്‍ മീറ്റ്‌ന കൂട്ടിലമുക്ക് തടയണക്ക് സമീപം അമ്പലപ്പാറക്കായി ട്രീറ്റ്‌മെന്റ് പ്ലാന്റും പമ്പ് ഹൗസും നിര്‍മിക്കാനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. പത്ത് കോടി രൂപയുടെ പദ്ധതിയാണിത്. രണ്ടാമത്തെ ജലസംഭരണി കടമ്പൂരിലാണ് നിര്‍മിക്കുക. പത്ത് ലക്ഷം ലിറ്റര്‍ വെള്ളം ഉള്‍കൊള്ളാവുന്ന ജലസംഭരണിയാണിത്. ഇതിന്റെ പ്രാരംഭ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.
പ്രത്യേക പ്ലാന്റ് വരുന്നതുവരെ ഒറ്റപ്പാലം സമഗ്രകുടിവെള്ള പദ്ധതിയില്‍ നിന്നും അമ്പലപ്പാറ പഞ്ചായത്തിലേക്കാവശ്യമായ വെള്ളം ലഭിക്കും. ഒന്നാംഘട്ടം 95 ശതമാനത്തോളം പൂര്‍ത്തിയായതോടെ രണ്ട് മാസത്തിനകം പദ്ധതി കമ്മീഷന്‍ ചെയ്യുമെന്ന് ജല അതോറിറ്റി അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബേബി ജോര്‍ജ്ജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."