കരാട്ടെ പരിശീലകന് പോക്സോ കേസില്‍ റിമാന്‍ഡില്‍
ഒറ്റപ്പാലം: വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കരാട്ടെ പരിശീലകന് റിമാന്‍ഡിലായി. തൃക്കങ്ങോട് പൂവ്വത്തിങ്കല്വീട്ടില് ഗോപാല(47)നാണ് റിമാന്‍ഡിലായത്. കേസിനാസ്പദമായ സംഭവം നടന്നത് 2016 മെയ് മാസത്തിലായിരുന്നു.
കരാട്ടെ ക്ലാസില്‍ പരിശീലനത്തിനെത്തിയ വിദ്യാര്‍ഥിനിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതിയെന്ന് പൊലിസ് പറയുന്നു. സ്കൂള്‍ അധ്യാപകനോട് വിദ്യാര്‍ഥിനി സംഭവം അറിയിക്കുകയും തുടര്‍ന്ന് അധ്യാപകന് ചൈല്‍ഡ് ലൈനില്‍ പരാതിപ്പെടുകയും ചെയ്തു. ചൈല്‍ഡ് ലൈനിന്റെ നിര്‍ദേശ പ്രകാരം ജൂലായ് മാസത്തിലാണ് പോക്സോ നിയമപ്രകാരം പൊലിസ് കേസെടുത്തത്.
പരിശീലകന് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചെങ്കിലും കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കാതെ വന്നപ്പോള്‍ ശനിയാഴ്ച ഒറ്റപ്പാലം പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
പൊലിസ് പ്രതിയെ ഒറ്റപ്പാലം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഉച്ചയോടെ കോടതിയില്‍ നിന്ന് ഒറ്റപ്പാലം സബ് ജയിലിലേക്ക് ഇയാളെ മാറ്റുന്നതിനിടെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യപ്രവര്‍ത്തകരെ പ്രതിക്കൊപ്പമുണ്ടായിരുന്നവര് തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."