ജമാഅത്ത് നേതാവിന്റെ എന്‍.ഡി.എഫ് പ്രേമം വിവാദമാവുന്നു
കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ടിനെയും എസ്.ഡി.പി.ഐയെയും മുസ്‌ലിം മുഖ്യധാരയില്‍ ഉള്‍പ്പെടുത്തണമെന്ന ഐ.പി.എച്ചിന്റെ അസി. ഡയറക്ടര്‍ കെ.ടി ഹുസൈന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗമാണ് ഐ.പി.എച്ച്. പോപുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ വിമര്‍ശകരോട് എന്ന പേരിലാണ് ഹുസൈന്റെ പോസ്റ്റ്. എന്‍.ഡി എഫുകാരെ എപ്പോഴും അകറ്റി നിര്‍ത്തുന്നത് ശരിയല്ലെന്നും അവരോടുള്ള വിരോധം പ്രശ്‌നാധിഷ്ടിതമാണെന്നും മലബാറില്‍ അവരെ ബഹിഷ്‌കരിച്ചാലും മലബാറുമാത്രമല്ല കേരളമെന്നുമൊക്കെ സൂചിപ്പിക്കുന്നതാണ് പോസ്റ്റ്.
അവരെ ഒറ്റപ്പെടുത്തണമെന്ന് കുറേക്കാലമായി പലരും പറയുന്നുണ്ടെന്നും എന്നിട്ട് എന്തായിയെന്നും ഇദ്ദേഹം ചോദിക്കുന്നുണ്ട്.
എന്നാല്‍ ഇതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ജമാഅത്ത് യുവജന സംഘടനാ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. മുന്‍ സോളിഡാരിറ്റി നേതാവും മാധ്യമം ഡല്‍ഹി ലേഖകനുമായ ഹസനുല്‍ ബന്ന ഫേസ്ബുക്കിലൂടെതന്നെ ഹുസൈനെതിരേ പ്രതികരിച്ചിട്ടുണ്ട്. എന്‍.ഡി.എഫ് ആര്‍.എസ്.എസ് സംഘട്ടനത്തെ തുടര്‍ന്ന് എന്‍.ഡി എഫുകാര്‍ ഒളിച്ചോടിയതടക്കമുള്ള കാര്യങ്ങള്‍ ഉദ്ദരിച്ചാണ് മുസ്‌ലിം സംഘടനകള്‍ എന്തുകൊണ്ട് എന്‍.ഡി.എഫിനെ അകറ്റി നിര്‍ത്തുന്നുവെന്ന് മറുപടി പോസ്റ്റില്‍ വ്യക്തമാക്കുന്നത്.
സംഘടനാ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി നിലപാടെടുക്കുന്നവര്‍ക്ക് പുറത്തേക്ക് പോകാമെന്നും അദ്ദേഹം പറയുന്നുണ്ട്.
മുസ്‌ലിം ഏകോപന സമിതി എന്ന പേരില്‍ എന്‍.ഡി.എഫ് നേതൃത്വത്തില്‍ നടത്തിയ ഹൈക്കോടതി മാര്‍ച്ചിനു ശേഷമാണ് വിഷയം ചര്‍ച്ചയായതെന്നതും ശ്രദ്ധേയമാണ്. ഇരുവരേയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പോസ്റ്റുകള്‍ തുടര്‍ന്നുണ്ടായി.
എന്‍.ഡി.എഫിന്റെ ആരംഭം തന്നെ ജമാഅത്തെ ഇസ്‌ലാമിയില്‍ നിന്ന് പ്രചോദനം നേടിയാണെന്ന അഭിപ്രായം മറ്റ് മുസ്‌ലിം സംഘടനകള്‍ പ്രകടിപ്പിച്ചിരുന്നു. ജമാഅത്തുകാരും അതിന്റെ ആദര്‍ശത്തില്‍ വിശ്വസിച്ചിരുന്നവരും എന്‍.ഡി.എഫില്‍ പ്രവൃത്തിച്ചിരുന്നു.
ജമാഅത്തിന്റെ നേരത്തെയുണ്ടായിരുന്ന രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ സംഘടനയെയും പ്രസിദ്ധീകരണങ്ങളെയും നിരോധിച്ച അവസ്ഥയും ഉണ്ടായിരുന്നു. എന്‍.ഡി.എഫ് ഉള്‍പ്പെടെയുള്ള തീവ്രവാദ നിലപാടുകാരോട് അടുപ്പമുള്ളവരും അത് ശരിയല്ലെന്ന് വാദിക്കുന്നവരുമായ രണ്ടുചേരികള്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ ഇപ്പോഴും നില നില്‍ക്കുന്നുണ്ട്. ഇവര്‍ തമ്മിലുള്ള അഭിപ്രായ സംഘര്‍ഷമാണ് ഇപ്പോള്‍ മറനീക്കി പുറത്തു വന്നതെന്നുമാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."